Sorry, you need to enable JavaScript to visit this website.

കാന്തപുരത്തെ പറ്റിയുള്ള പഠനത്തിന് ജെ.എൻ.യുവിൽനിന്ന് ഡോക്ടറേറ്റ്

ന്യൂദൽഹി- കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള അക്കാദമിക ഗവേഷണത്തിന് മലയാളി വിദ്യാർഥിക്ക് ഡോക്ടറേറ്റ്. കോഴിക്കോട് മർകസുസഖാഫത്തി സുന്നിയ്യയിലെ പൂർവ്വവിദ്യാർഥി മുഹമ്മദ് സഖാഫിക്കാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. സാംസ്‌കാരിക വിദ്യാഭാസ മേഖലയിലും അറബി സാഹിത്യത്തിന്റെ വളർച്ചയിലും കേരളത്തിൽ ശൈഖ് അബൂബക്കറിന്റെ സംഭാവനകൾ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ജെ.എൻ.യുവിലെ സെന്റർ ഓഫ് അറബിക് ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിന് കഴിലായിരുന്നു നാല് വർഷം നീണ്ടു നിന്ന പഠനം.
മർകസിൽ നിന്ന് 2007ഇൽ ഒന്നാം റാങ്കോട് കൂടി ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം മുഹമ്മദ് സഖാഫി  അലിഗഢിൽ നിന്ന് അറബി സാഹിത്യത്തിൽ പിജി പൂർത്തിയാക്കി. തുടർന്ന് ജെ.എൻ.യു വിൽ നിന്ന് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കവിതകളെ കുറിച്ച് പഠനം നടത്തി  എം.ഫിൽ എടുത്തു. അതിനു ശേഷമാണ് ജെ.എൻ.യുവിലെ അറബിക് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രഫ. ബഷീർ അഹ്മദ് അൽ ജമാലിക്ക് കീഴിൽ പി എച്ച് ഡി പഠനം പൂർത്തിയാക്കിയത്. 
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ  കേരളീയ സമൂഹത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നടത്തിയ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വിവിധ തലങ്ങൾ അവതരിപ്പിക്കുന്ന തിസീസ് അഞ്ചു ചാപ്റ്ററുകളായാണ് തയാറാക്കിയിട്ടുള്ളത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹം, കാന്തപുരത്തിന്റെ പഠനവും കുടുംബവും,   സാമൂഹിക സാംസ്‌കാരിക സമൂഹത്തിലെ കാന്തപുരത്തിന്റെ യാത്രകൾ, വിദ്യാഭ്യാസ വിപ്ലവത്തിൽ കാന്തപുരത്തിന്റെ പങ്കു തുടങ്ങിയവയായിരുന്നു പഠനവിഷയങ്ങൾ. കാന്തപുരം നടത്തിയ കേരള യാത്രയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കേരള മുസ്്‌ലിം സമൂഹത്തിന്, പ്രത്യേകിച്ച് സുന്നി വിഭാഗത്തിന് കാന്തപുരം നൽകിയ സേവനങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കിയതായി മുഹമ്മദ് സഖാഫി പറഞ്ഞു. ജമ്മു കശ്മീർ, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാന്തപുരം നടത്തിയ വിദ്യാഭ്യാസ വിപ്ലവങ്ങളും മുഹമ്മദ് സഖാഫിയുടെ പി.എച്ച്.ഡി തീസിസിലുണ്ട്. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ കാവുംപുറത്താണ് വീട്. കിളയിൽ അബ്ദുല്ല-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ നുസൈബ.
 

Latest News