Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിനെ കണ്ടത് വ്യക്തിപരം; സി.പി.എമ്മുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി - ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കറിനെ ഡൽഹിയിൽ കണ്ടതിൽ പ്രതികരണവുമായി മുൻ സി.പി.എം എം.എൽ.എ എസ് രാജേന്ദ്രൻ രംഗത്ത്. താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഇടതുപക്ഷത്തു തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
  പ്രകാശ് ജാവേദ്കറിനെ കണ്ടത് വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയപരമായി കാണേണ്ട. പുനർവിചിന്തനം ഉണ്ടോയെന്ന് ചോദിച്ച ജാവേദ്കറോട് ബി.ജെ.പിയിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു. ഒരു വാഗ്ദാനവും ലഭിച്ചിട്ടില്ല. സഹോദരനും ജാവേദ്കറിന്റെ പി.എയുമാണ് കൂടിക്കാഴ്ചയിലുണ്ടായിരുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. 
 ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കും. ഇപ്പോൾ പാർട്ടിയിൽ അത്ര സജീവമല്ലെങ്കിലും സി.പി.എമ്മുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും രാജേന്ദ്രൻ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 സി.പി.എമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ഞായറാഴ്ച മൂന്നാറിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് എസ് രാജേന്ദ്രൻ ഡൽഹിയിലെത്തി ബി.ജെ.പി നേതാവിനെ കണ്ടത്. ദേവികുളം മണ്ഡലത്തിൽനിന്ന് ഹാട്രിക് വിജയം നേടിയ ശേഷം കഴിഞ്ഞതവണ സീറ്റ് കിട്ടാതെ വന്നതോടെ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വിമതപ്രവർത്തനം നടത്തിയതിന് അച്ചടക്ക നടപടിക്ക് വിധേയമായിരുന്നു എസ് രാജേന്ദ്രൻ. തുടർന്ന് അച്ചടക്ക നടപടിക്കെതിരെ പലതവണ അദ്ദേഹം പാർട്ടി നേതൃത്വത്തെ കണ്ടെങ്കിലും സി.പി.എം അനുകൂല നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Latest News