Sorry, you need to enable JavaScript to visit this website.

സിഎഎ പ്രതിഷേധ  കേസുകള്‍  സര്‍ക്കാര്‍ പിന്‍വലിക്കുന്നു 

തിരുവനന്തപുരം-പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ നേരത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കോടതിയില്‍ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാല്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടില്‍ കേസുകള്‍ പിന്‍വലിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചതോടെയാണ് നീക്കം.

Latest News