Sorry, you need to enable JavaScript to visit this website.

മൂന്നു വര്‍ഷത്തിന് ശേഷം എസ്. രാജേന്ദ്രന്‍ സി. പി. എം വേദിയില്‍

ഇടുക്കി- മൂന്നുവര്‍ഷത്തിനു ശേഷം സി. പി. എം നേതാക്കന്മാര്‍ക്കൊപ്പം വേദി പങ്കിട്ട് മുന്‍ എം. എല്‍. എയും പാര്‍ട്ടി ജില്ല കമ്മിറ്റി അംഗമായിരിക്കെ  സസ്‌പെന്‍ഷന്‍ നടപടി നേരിടുകയും ചെയ്ത എസ്. രാജേന്ദ്രന്‍. ജോയിസ് ജോര്‍ജ്ജിന്റെ ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് മുന്‍ ദേവികുളം എം. എല്‍. എയായ രാജേന്ദ്രന്‍ എത്തിയത്. 

ബി. ജെ. പിയിലേക്ക് പോകുമെന്നും പാര്‍ട്ടി അംഗത്വം പുതുക്കില്ലാ എന്നുമുള്ള വാര്‍ത്തകള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാജേന്ദ്രന്‍ വേദിയിലെത്തിയത്.                 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം നിയോജകമണ്ഡലത്തില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി എ രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജേന്ദ്രനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
വീഴ്ച ഉണ്ടെന്നത് ആരോപണം മാത്രമാണെന്ന് കാണിച്ച് നേതൃത്വത്തിന് രാജേന്ദ്രന്‍ കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും നടപടി പിന്‍വലിച്ചിരുന്നില്ല. ഇതിനിടയില്‍ ബി. ജെ. പി നേതൃത്വം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് രാജേന്ദ്രനുമായി സി. പി. എം നേതാക്കള്‍ മൂന്ന് വട്ട ചര്‍ച്ചകള്‍ നടത്തി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാജേന്ദ്രന്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.

രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച എം. എം. മണിയുമായി സൗഹൃദം പങ്കിട്ടു. ഒരിക്കലും ഒത്തുപോകുവാന്‍ കഴിയില്ലെന്ന് രാജേന്ദ്രന്‍ പരസ്യമായി പ്രഖ്യാപിച്ച കെ. വി. ശശി അടക്കമുള്ള വേദിയിലാണ് രാജേന്ദ്രന്‍ എത്തിയത്. മൂന്നുവര്‍ഷത്തോളമായി രാജേന്ദ്രന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Latest News