Sorry, you need to enable JavaScript to visit this website.

അവധിക്കെത്തിയ പ്രവാസി പള്ളിയില്‍ ഉറങ്ങുന്നു

പ്രവാസിയാകുന്നതിന്റെ മുമ്പ് വല്ലാത്ത കൗതുകം തോന്നിയ ഒരനുഭവമുണ്ടായെനിക്ക്. ലീവിന് നാട്ടിലെത്തിയ ഒരു ചെറുപ്പക്കാരന്‍ പള്ളിയിലാണ് ഉറക്കം.
ഞാന്‍ കാര്യം തിരക്കി.. നിങ്ങള്‍ ലീവിന് വന്നിട്ടും പള്ളിയില്‍ തന്നെയാണല്ലോ രാത്രി ഉറക്കം ?
എന്റെ ചോദ്യംകേട്ട്  അയാളുടെ ചുണ്ടുകള്‍ താളംതെറ്റി ചലിച്ചു.
ഉസ്താദേ......
വീട്ടിലൊരു പെങ്ങളുണ്ട്
പെട്ടി പൊട്ടിച്ചാ പിന്നേ ....
അദ്ദേഹം തുടര്‍ന്നു
ഞാന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടാക്കിയിരിക്കുകയാണ്. ഞാനവടെ സ്ഥിരമായി നില്‍ക്കുന്നത് ശരിയല്ലല്ലോ...?
പുറമെ അത്തറും മനം നിറയെ നീറ്റലുമായി കഴിയുന്ന എത്രയെത്ര പ്രവാസികള്‍ ......
സ്വഭാവ വൈകല്യമുള്ള കുടുബാംഗങ്ങളേയും കൂട്ടുകാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പ്രവാസികളായ നമ്മള്‍ ഓരോരുത്തരും പഠിച്ചിരിക്കണം.
അതിനുമുമ്പ് ചില കാര്യങ്ങള്‍ ഉള്‍കൊണ്ടേ മതിയാകൂ.
എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വസിക്കരുത് ഇതൊരു സൈക്കോളജിക്കല്‍ തത്ത്വമാണ്.
'നിങ്ങള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ കഴിയില്ല അതിന് ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ നഷ്ടമാകും നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ ജീവിക്കുക. അതാണ് പ്രപഞ്ചത്തിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം
[90 days to life ]
വീട്ടിലും നാട്ടിലും ഏത് കൂട്ടത്തിലും ലഭ്യമായ സമ്പത്ത്, സ്ഥാനം, സമ്മാനം, സ്‌നേഹം തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തരാകാതെ ചൊറിയുന്ന ചെറിയൊരു വിഭാഗം ഉണ്ടാകും.
മാത്രമല്ല മുഹമ്മദ് നബി (സ) യുടെ വചനങ്ങളില്‍ മനുഷ്യന്റെ വിചത്രമായ ആര്‍ത്തിയെ വിമര്‍ശിക്കുന്നുണ്ട് ' മണ്ണ് കൊണ്ടല്ലാതെ മനുഷ്യന്റെ വായ നിറക്കാന്‍ കഴിയില്ല '
അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ മറ്റൊരാളുടെ ആവലാതിയെ കുറിച്ചാലോചിച്ച് വിഷമിക്കാതിരിക്കുക. നമ്മള്‍ ചെയ്തതില്‍ സൃഷ്ടാവ് തൃപ്തനാണോ എന്ന ആത്മപരിശോധയില്‍ അഭയം തേടുക,
കടമ നിര്‍വ്വഹിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക,
അനീതിയായി ഒന്നും ചെയ്യാതിരിക്കുക ഇത്രയും കാര്യങ്ങള്‍ ഉറപ്പുണ്ടെങ്കില്‍ മറ്റുള്ളവരുടെ ആവലാതികളെ പരിഗണിക്കേണ്ടതില്ല.
വികാരങ്ങള്‍ക്കടിമപ്പെടാതെ ക്ഷമ കൈകൊള്ളുക.'പുണ്യകര്‍മ്മള്‍ സൃഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി ആരെങ്കിലും നിര്‍വ്വഹിച്ചാല്‍ അവനിക്ക് മഹത്തായ പ്രതിഫലം ലഭിക്കും ' ഇത് ഉള്‍ക്കൊണ്ടാല്‍ മാത്രമേ സുകൃതങ്ങളില്‍ നമുക്ക് സന്തോഷം ലഭിക്കൂ.
വ്യക്തികളുടെ വിലയിരുത്തലുകള്‍ക്ക് കാതോര്‍ത്താല്‍ നമ്മള്‍ വലയും.
അതായത് വിശ്വാസിയുടെ മാര്‍ഗ്ഗം സൃഷ്ടാവിന്റെ പ്രീതിയാണ്.
' വിശ്വാസിയുടേതല്ലാത്ത മാര്‍ഗ്ഗം ആരെങ്കിലും സ്വീകരിച്ചാല്‍ അവനെ അവന്റെ പാട്ടിനുവിടും '(വി:ഖുര്‍ആന്‍)
ഈ സൂക്തങ്ങളില്‍ നിന്ന് വിശ്വാസി നില്‍ക്കേണ്ട വര ക്യത്യമാണ്. സൈക്കോളജി സന്തോഷത്തിന്റെ മാര്‍ഗ്ഗം പഠിപ്പിക്കുന്നത് നോക്കൂ
'നിങ്ങള്‍ നല്ലതെന്നും
ശരിയെന്നും സത്യമെന്നും കണക്കാക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമാണ് നിങ്ങളുടെ ജീവിതമെങ്കില്‍  നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും ' [Goals ]
നമ്മള്‍ ഉള്‍കൊള്ളേണ്ട മറ്റൊരു കാര്യം സന്തോഷത്തോടെ കഴിയുന്നവരുടെ  ജീവിതവുമായി നമ്മുടെ ജീവിതത്തെ താര്യതമ്യം ചെയ്യാതിരിക്കുക എന്നതാണ്. താരതമ്യത്തെ സൈക്കോളജി കഠിനമായി തന്നെ എതിര്‍ക്കുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ
'നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി പലനിലവാരങ്ങളിലായാണ് സൃഷ്ടിച്ചിട്ടുളളത് ' മറ്റുളളവരുടെ സുഖ സൗകര്യങ്ങളുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യാതിരിക്കല്‍ സന്തോഷം ലഭിക്കാന്‍ വളരെ അനിവാര്യമായ കാര്യമാണ്.
പ്രയാസങ്ങളില്‍ ക്ഷമിച്ചും സൗഖ്യങ്ങളില്‍ സൃഷ്ടാവിനെ സ്തുതിച്ചും ജീവിതം ചിട്ടപ്പെടുത്തണം.
 

 

Latest News