Sorry, you need to enable JavaScript to visit this website.

പാരച്യൂട്ട് വിടര്‍ന്നില്ല, ഗാസയില്‍ വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷ്യ കിറ്റുകള്‍ ശരീരത്തില്‍ പതിച്ച് അഞ്ച് പേര്‍ മരിച്ചു

ഗാസ - ഗാസയില്‍ വിമാനമാര്‍ഗം ഭക്ഷ്യക്കിറ്റും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെ വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷ്യ കിറ്റുകള്‍ ശരീരത്തില്‍ പതിച്ച് അഞ്ച് പേര്‍ മരിച്ചു. വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് പെട്ടികളില്‍ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് മരണ കാരണം. സഹായം കാത്ത് നിന്നവരുടെ മുകളിലേക്ക് പതിച്ചായിരുന്നു അപകടം.

കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാര്‍ഗം സഹായവിതരണം നടത്തുന്നുണ്ട്. അമേരിക്കയും ജോര്‍ദനും ഈജിപ്തും ഫ്രാന്‍സും നെതര്‍ലാന്‍ഡും ബെല്‍ജിയവും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. റോഡ് മാര്‍ഗമുള്ള സഹായ വിതരണം ഇസ്രായേല്‍ വൈകിപ്പിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ അപകടം സംഭവിച്ചത്.

ഏത് രാജ്യം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. വിമാനത്തില്‍ നിന്ന് ഭക്ഷ്യ പാക്കറ്റുകള്‍ താഴേക്കിടുന്നത് ഒട്ടും പ്രയോജനകരമല്ലെന്നും അതിര്‍ത്തികളിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് നല്ലതെന്നും ഗാസ സര്‍ക്കാര്‍ അറിയിച്ചു. തെക്കന്‍ ഗാസയില്‍ ഭക്ഷ്യ ക്ഷാമം മൂലമുള്ള ബാലമരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് യുനിസെഫ് അറിയിച്ചു. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


 

Latest News