Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി ഉത്തരവ് ഇക്കോ ടൂറിസം മേഖലയ്ക്ക് പ്രഹരമായി

മാനന്തവാടി- വയനാട്ടില്‍ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്നവര്‍ ഗതികേടില്‍. ജില്ലയില്‍ വന്യജീവി ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് താത്കാലികമായി
അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതാണ് ഇതിനു കാരണം.  

വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടണമെന്നും തുറക്കുന്നത് നിര്‍ദേശപ്രകാരം മാത്രമാകണമെന്നുമാണ് ജസ്റ്റിസ് ഡോ. എ. കെ. ജയശങ്കരന്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവായത്. ഇത് ജില്ലയില്‍ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. 

ഇക്കോ ടൂറിസം സെന്ററുകളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കുറുവ ദ്വീപ്, തോല്‍പ്പെട്ടി വന്യജീവി സങ്കേതം, ബ്രഹ്‌മഗിരി ട്രക്കിംഗ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം,  മീന്‍മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനിശ്വരന്‍കുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നിവ ജില്ലയില്‍ വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ്. ഓരോ ഇക്കോ ടൂറിസം കേന്ദ്രത്തിലും വന സംരക്ഷണ സമിതി അംഗങ്ങളായ അനേകം ആളുകളാണ് ജോലി ചെയ്യുന്നത്. റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടല്‍ നടത്തിപ്പുകാരെയും തൊഴിലാളികളെയും ഹൈക്കോടതി ഉത്തരവ് ബാധിക്കും. 

ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപം ചെറുകിട കച്ചവടം നടത്തുന്നവരുടെ ജീവിതവും പ്രയാസത്തിലാകും. നികുതി ഇനത്തിലും മറ്റും സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനത്തിലും കാര്യമായ കുറവുണ്ടാകും.  
കുറുവ വന സംരക്ഷണ സമിതി ജിവനക്കാരന്‍ പുല്‍പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 19നാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചത്.

Latest News