Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ പല പദ്ധതികളും നടക്കാതെ പോയി; എന്തുകൊണ്ടായിരിക്കും

പ്രവാസികളായ നമ്മളുദ്ദേശിച്ച പലതും നടക്കാതെ പോയത് എന്ത് കൊണ്ടായിരുന്നു?
സൗകര്യങ്ങളെല്ലാം ഒത്തൊരുമിച്ചപ്പോഴും പിന്തുണയുടേയും പ്രോത്സാഹനത്തിന്റേയും കുറവ് കൊണ്ടായിരുന്നല്ലോ പല പദ്ധതികളും നടക്കാതെ പോയത്. നമുക്ക് ആത്മവിശ്വാസക്കുറവോ മറ്റുവല്ല പരിമിതികളോ ഉണ്ടായാലും പ്രോത്സാഹിപ്പിക്കുന്നവര്‍ പരിസരത്തുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും.
ഒന്ന് തിരിഞ്ഞ് നോക്കൂ.. നമ്മളിപ്പോഴുള്ള പൊസിഷനില്‍ എത്തിയത്  പലരുടേയും പ്രോത്സാഹനം കൊണ്ടാണെന്നത് അനിഷേധ്യമല്ലേ.
പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വമുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിച്ചാലെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാനാകൂ.  അഭിനിവേശമുള്ളവരുടെ  അടയാളമാണ്
പ്രോത്സാഹിപ്പിക്കുന്നവരുമായി കൂട്ടുകൂടല്‍. നല്ല സൗഹൃദ്ബന്ധങ്ങള്‍ നമ്മെ തേടിവരില്ല. തെരഞ്ഞ് കണ്ട് പിടിക്കണം.
200 മണിക്കൂറ് ഒന്നിച്ച് ചിലവഴിക്കുന്നതിലൂടെയാണ് ആത്മസുഹൃത്തിനെ കണ്ടെത്താന്‍ കഴിയുക എന്നാണ് സൈക്കോളജി ഭാഷ്യം.
മുപ്പതാളെങ്കിലും സുഹൃത്തുക്കളായി ഉള്ള ഒരാളെയാണ് വ്യക്തി വൈഭമുള്ളവനായി  വിലയിരുത്തുന്നത്. തന്നേക്കാള്‍ മൂത്തവര്‍,സമപ്രായക്കാര്‍ , ഇളംപ്രായക്കാര്‍ എന്നീ മൂന്ന് സ്‌റ്റേജിലുള്ളവരേയും ഇതിലുള്‍പ്പെടുത്തണം.
തന്റെ സൗഹൃദ് വലയത്തിലെ തെരഞ്ഞെടുത്ത പത്തിലധികം ആളുകളുമായേ ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവൂ.  ആരോടടുക്കണം, ആരോടകലം പാലിക്കണമെന്നല്ലാം വ്യക്തമായ നിര്‍ദേശം നല്‍കുന്ന വേദഗ്രന്ഥങ്ങളും ആചാര്യന്‍മാരും സൗഹൃദത്തിന്റെ ഗൗരവത്തെയാണല്ലോ പഠിപ്പിച്ച് തരുന്നത്.
'നിങ്ങള്‍ കാര്യങ്ങള്‍ കൂടിയാലോചിക്കണം' എന്ന വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം കൂട്ട്  കെട്ടിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്.
കൂട്ടുകെട്ട് കെട്ടിടംപോലെ ഭദ്രമാണെന്ന മുഹമ്മദ് നബി (സ) യുടെ വചനപ്പൊരുള്‍ പാരാവാരം പോലെ പരന്നതാണ്.
കൂട്ടുകെട്ടിനെ കസ്തൂരി കച്ചവടക്കാരനും കൊല്ലനുമായുമുള്ള മുഹമ്മദ് നബി (സ) യുടെ ഉപമ ഉയരങ്ങളാഗ്രഹിക്കുന്നവര്‍ക്കുള്ള ഉപകരണമാണ്.
അഭിനിവേശത്തിന്റെ അഗ്‌നി ആളി കത്തികൊണ്ടിരിക്കാന്‍ കല്‍ക്കരി പോലെ ഊര്‍ജ്ജം പകരുന്നവരുമായി കൂട്ടു കൂടണം.
സൗഹൃങ്ങള്‍ പലതും വലയങ്ങളാണ്. ആ വലയം ഭേദിച്ച് പറന്നുയരാന്‍ അവര്‍ സമ്മതിക്കില്ല.
മോട്ടിവേഷന്‍ ഗ്രന്ഥങ്ങള്‍ പറയുന്നത് വലയം തീര്‍ക്കുന്നവരില്‍ നിന്ന് വേര്‍പിരിയണമെന്നാണ്.
പുതിയതെന്ത് പറഞ്ഞാലും പരാജയത്തെ കുറിച്ച് മാത്രമായിരിക്കും അവരുടെ സംസാരം.
'അതൊക്കെ പലരും പരീക്ഷിച്ച് പരാജപ്പെട്ടതാണ് ' ഇതാണ് അവരുടെപല്ലവി.
അല്ലെങ്കില്‍ അവര്‍ പറയും..'അതൊന്നും നടക്കൂലാ '
നല്ലതെന്ത് പറഞ്ഞാലും നാക്കിട്ടിടിച്ച് തകര്‍ത്ത് തരിപ്പണമാക്കി കളയും.
ഇത്തരം സൗഹൃദ് വലയത്തില്‍ കുടുങ്ങിയാല്‍ വലയില്‍പെട്ട മീനിനെപ്പോലെ ആര്‍ക്കെങ്കിലും ആസ്വദിക്കാനുള്ളതായി നമ്മള്‍ മാറും.
അത് കൊണ്ട് കൂട്ടുകാരിലെ നെഗറ്റീവ് ചിന്താഗതിക്കാരെ കരുതിയിരിക്കണം.

 

Latest News