തിരുവനന്തപുരം - കേരളത്തിലെ 15 ലോകസഭാ സീറ്റുകളിൽ സിറ്റിങ് എം.പിമാരെ ഉൾപ്പെടുത്തി കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സിക്ക് സ്ഥാനാർത്ഥി പട്ടിക നൽകി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്റെയും പേരുകൾ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. എന്നാൽ, ആലപ്പുഴയിൽ ആരാണെന്ന കാര്യം നിർദേശിച്ചിട്ടില്ല.
പട്ടിക കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും പരാതികളും ജയസാധ്യതകളും പരിശോധിച്ച് പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
കെ.സി വേണുഗോപാൽ മത്സരിക്കുകയാണെങ്കിൽ ആലപ്പുഴയിൽ മറ്റ് പേരുകൾ പരിഗണിക്കില്ല. അല്ലെങ്കിൽ സാമൂദായിക സന്തുലനം ഉൾപ്പടെ പരിഗണിച്ചാവും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതു നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് കാര്യമാക്കാതെ അന്തിമ തീരുമാനം രാഹുലിനും ഹൈക്കമാൻഡിനും വിട്ടിരിക്കുകയാണ്. രാഹുൽ തന്നെ വയനാട്ടിൽ മത്സരിക്കണമെന്നാണ് ഹരീഷ് ചൗദരി അധ്യക്ഷനായ സമിതിക്ക് മുമ്പിൽ ഉയർന്ന ആവശ്യം. അതിനിടെ, ഒമ്പത് തവണ മത്സരിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ വീണ്ടും ജനവിധി തേടുന്നതിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങളുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാവും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇവിടങ്ങളിൽ സിറ്റിംഗ് എം.പിമാരെ മാറ്റുകയാണെങ്കിൽ മാവേലിക്കരയിൽ കെ.പി.സി.സി ഉപാധ്യക്ഷൻ വിപി സജീന്ദ്രനെയും പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുൾപ്പെടെയുള്ളവർക്കും സാധ്യത കാണുന്നുണ്ട്. എന്തായാലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.