Sorry, you need to enable JavaScript to visit this website.

റമദാനിൽ വെടിനിർത്തലിന് ധാരണയായെന്ന് ബൈഡൻ, വലിയ പ്രതീക്ഷ വേണ്ടെന്ന് ഹമാസ്

ഗാസയിൽ ഇസ്രായിൽ ആക്രമണത്തിൽ തകർന്ന മസ്ജിദിന്റെ മിനാരങ്ങൾ.

വാഷിംഗ്ടൺ- വിശുദ്ധ റമദാനിൽ ഗാസയിൽ വെടിനിർത്തലിനും ബന്ദികളുടെ കൈമാറ്റത്തിനും ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അതേസമയം വെടിനിർത്തലിന് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഹമാസ് പ്രതികരിച്ചു. മാർച്ച് പതിനൊന്നിനോ, പന്ത്രണ്ടിനോ ആവും വ്രതമാസമായ റമദാന് തുടക്കം.
ഒരു യു.എസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെടിനിർത്തൽ സാധ്യതയെ കുറിച്ച് ബൈഡൻ വെളിപ്പെടുത്തിയത്. റമാദാനിൽ സൈനിക നടപടി ഉണ്ടാവില്ലെന്ന് ഇസ്രായിൽ ഉറപ്പ് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്നതിനുള്ള സമയം കൂടിയാണിത്. നിരവധി അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള നടപടികൾക്ക് തുടക്കം കുറിക്കാനും ഈ അവസരത്തിൽ കഴിയും. ആക്രമണത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുന്നുണ്ട്. ഇസ്രായിൽ റഫായിലെ ആക്രമണങ്ങൾ മന്ദഗതിയിലാക്കിരിക്കുകയാണിപ്പോൾ. ഹമാസിലെ അവശേഷിക്കുന്നവർക്കുവേണ്ടിയുള്ള നടപടി ആരംഭിക്കുന്നതിനുമുമ്പ് റഫായിൽനിന്ന് പരമാവധി സാധാരണക്കാർക്ക് പുറത്തുപോകാൻ അവസരം നൽകുമെന്ന് ഇസ്രായിൽ അറിയിച്ചതായും ബൈഡൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോട് യോജിക്കുന്നതായിരുന്നില്ല ഹമാസിന്റെ പ്രതികരണം. ഗാസയിൽ ഇസ്രായിലുമായി ഒരു വെടിനിർത്തൽ നടപ്പാക്കുന്നതിന് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസ്സിം നയീം അൽ ജസീറയോട് പറഞ്ഞു.
അതേസമയം, ഗാസയിലെ മൊത്തം ജനങ്ങളിൽ നാലിലൊന്നും കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് യു.എൻ വെളിപ്പെടുത്തി. 5.76 ലക്ഷം പേരാണ് ഭക്ഷണോ വെള്ളമോ കിട്ടാതെ വലയുന്നത്. പട്ടിണിയും നിർജലീകരണവും മൂലം കുട്ടികൾ മരിച്ചുവീഴുന്നതായി ഗാസ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഗാസയിലെക്കുള്ള ദുരിതാശ്വാസ ട്രക്കുകൾ ഇന്നും ഇസ്രായിൽ സൈന്യം ആക്രമിച്ചു. വടക്കൻ ഗാസയിൽ പ്രവർത്തനത്തിലുണ്ടായിരുന്ന ഏക ആശുപത്രിയായ ജബലിയയിലെ അൽഔദ ആശുപത്രിയും ഇന്ന് പ്രവർത്തനം പൂർണമായി നിലച്ചു.
ഒക്‌ടോബർ ഏഴിനുശേഷം ഗാസയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29954 ആയി. പരിക്കേറ്റവര് 70325 ആണ്. 

Latest News