Sorry, you need to enable JavaScript to visit this website.

യു.എസില്‍ അഗ്നിബാധയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്- ന്യൂയോര്‍ക്കില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഫസീല്‍ ഖാന്‍ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. കൊളംബിയ ജേണലിസം സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ഫസീല്‍ ഖാന്‍ ഹെക്കിംഗര്‍ റിപ്പോര്‍ട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ടീച്ചേര്‍സ് കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
2018ല്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ ആണ് ഫസീല്‍ ഖാന്‍ ജോലി  ആരംഭിച്ചത്. 2020ല്‍ കൊളംബിയ സര്‍വകലാശാലയില്‍ ബിരുദപഠനത്തിനായി പോകുന്നതിന് മുന്‍പ് ദല്‍ഹിയില്‍ സിഎന്‍എന്‍-ന്യൂസ് 18ല്‍ കറസ്പോണ്ടന്റായി ജോലി ചെയ്തിരുന്നു.  ഇലക്ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോര്‍ക്കിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ 17 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപ്പാര്‍ട്ട്മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടര്‍ന്നത്. തുടര്‍ന്ന് ആളുകള്‍ ജനലുകളില്‍ നിന്നടക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടര്‍ന്നതോടെ കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.


 

Latest News