Sorry, you need to enable JavaScript to visit this website.

VIDEO - നാടിന് വഴികാട്ടിയായി ഖാലിദ് മേല്‍മുറി അക്ഷര വെളിച്ചം പകരുകയാണ്, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാതൃക

മലപ്പുറം - ' എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഒന്നിച്ചിരുന്ന് സംസാരിക്കുകയും വായിക്കുകയും മനസ്സിലുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുകയും ഒക്കെ ചെയ്യുന്ന ഒരിടം ഒരുക്കുകയെന്നത് വളരെ കാലമായുള്ള എന്റെ സ്വപ്‌നമായിരുന്നു. അതിനായാണ് മസ്ജിദിനോട് ചേര്‍ന്ന് 'അരങ്ങ് 'എന്ന പേരില്‍ ലൈബ്രറി സ്ഥപിച്ചത്. അത് യാഥാര്‍ത്ഥ്യത്തിലെത്തിയപ്പോള്‍ പറഞ്ഞറിയാക്കാനാകാത്ത സന്തോഷമുണ്ട്. ' ഇത് പറയുമ്പോള്‍ മേല്‍മുറി മഠത്തില്‍പടി വടക്കേതലക്കല്‍ ഖാലിദിന് ലോകം വെട്ടിപ്പിടിച്ച സന്തോഷമാണ്. മലപ്പുറത്തെ മേല്‍മുറി മഠത്തില്‍ പടിയില്‍ സ്വന്തമായി ഒരു മസ്ജിദും അതിനോട് ചേര്‍ന്ന് ഒരു പൊതു ലൈബ്രറിയും നിര്‍മ്മിച്ച് നാടിനാകെ മാതൃകയും വഴികാട്ടിയുമായി മാറിയ ഖാലിദിന്റെ നന്മ തിരിച്ചറിഞ്ഞ് സ്വദേശത്തും വിദേശത്തുനിന്നുമുള്ള നിരവധി പേര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകള്‍ പരസ്പരം പടവാളെടുക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാതൃക തീര്‍ക്കുകയാണ് 46 വര്‍ഷക്കാലം സൗദിയില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഖാലിദ് മേല്‍മുറി. പൊതു വായനശാല കേരളത്തില്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ മുസ്‌ലീം ആരാധനാലയത്തോട് ചേര്‍ന്ന് അതിന്റെ ഭാഗമായിത്തന്നെ എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് വന്നിരിക്കാനും വായിക്കാനും സംവദിക്കാനുമുള്ള ഒരു കേന്ദ്രം, അതും ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യവും അശ്രാന്ത പരിശ്രമവും കൊണ്ട് നിര്‍മ്മിച്ചത് വേറെയുണ്ടാകില്ല. അതാണ് ഖാലിദ് മേല്‍മുറിയെ വ്യത്യസ്തനാക്കുന്നത്.

'മലയാളം ന്യൂസി' നോട് സംസാരിക്കുമ്പോഴും ഖാലിദ് വാചാലനായത് മനുഷ്യര്‍ ജാതിക്കും മതത്തിനുമെല്ലാം അതീതമായി പരസ്പരം സ്‌നേഹത്തോടും സന്തോഷത്തോടെയും കഴിയുന്നതിനെക്കുറിച്ചായിരുന്നു. അതിന് വേണ്ടിയുള്ള ഒരു എളിയ ശ്രമമെന്ന നിലയിലാണ് സ്വന്തമായി നിര്‍മ്മിച്ച മസ്ജിദിനോട് ചേര്‍ന്ന് പൊതു ലൈബ്രറി സ്ഥാപിച്ചത്. അതിന് അദ്ദേഹത്തിന് വെളിച്ചമായതാകട്ടെ ആരോരുമില്ലാത്ത അന്യമതത്തില്‍ പെട്ട ആണ്‍കുട്ടിയെ മകനായി സ്വീകരിച്ച് വളര്‍ത്തി വലുതാക്കിയ സ്വന്തം ഉമ്മയെക്കുറിച്ചുള്ള മനസ്സ് നിറയുന്ന ഓര്‍മ്മകളും. 46 വര്‍ഷം സൗദി അറേബ്യയില്‍ ഷിപ്പിംഗ് പാഴ്‌സല്‍ മേഖലയില്‍ ജോലി ചെയ്ത ശേഷം ജിദ്ദയില്‍ സ്വന്തമായുള്ള സ്‌കൈവേ കാര്‍ഗോ കമ്പനി മകനെ ഏല്‍പ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ ഖാലിദിന്റെ ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും താന്‍ സ്വന്തമായി പടുത്തുയര്‍ത്തിയ 'അരങ്ങ് 'ലൈബ്രറിയെ വായനയുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയുമെല്ലാം വലിയൊരു കേന്ദ്രമാക്കി മാറ്റുന്നതിലാണ്. വലിയ വിദ്യാഭ്യാസമൊന്നും നേടാന്‍ കഴിയാതിരുന്ന ഖാലിദ് മേല്‍മുറി അതിന്റെ സങ്കടം തീര്‍ക്കാനുള്ള ഉപാധി കൂടിയായാണ് സ്വന്തം ലൈബ്രറിയെ കാണുന്നത്.

മസ്ജിദും അതിനോട് ചേര്‍ന്ന് ലൈബ്രറിയും നിര്‍മ്മിക്കാനായി ജിവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണത്തിന്റെ വലിയൊരു ഭാഗവും ഇദ്ദേഹം ചെലവാക്കി. 1500 ലേറെ പുസ്തകങ്ങള്‍ ഇപ്പോള്‍ 'അരങ്ങ് ' ലൈബ്രറിയിലുണ്ട്. ഇതില്‍ നല്ലൊരു ഭാഗവും വായനാ പ്രേമിയായ അദ്ദേഹം സ്വന്തമായി വായിക്കാന്‍ വാങ്ങിയ പുസ്തകങ്ങളാണ്. പിന്നെയുള്ളത് സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ സംഭാവനയായി നല്‍കിയതും. സൗദിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ നിന്ന് ശേഖരിച്ച അപൂര്‍വ്വ ഗ്രന്ഥങ്ങളും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും ആനുകാലികങ്ങളുമെല്ലാം ലൈബ്രറിയിലുണ്ട്. വായിച്ചു കഴിഞ്ഞതോ, അല്ലെങ്കില്‍ ആവശ്യമില്ലാത്തതോ ആയ പുസ്തകങ്ങള്‍ മറ്റ് വായനക്കാര്‍ക്ക് വേണ്ടി ലൈബ്രറിയിലേക്ക് നല്‍കണമെന്നാണ് ഖാലിദിന്റെ അഭ്യര്‍ത്ഥന. അദ്ദേഹത്തിന്റെ മനസ്സിലെ നന്മ കണ്ടറിഞ്ഞ് ദൂരദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനായി എത്തുന്നുണ്ട്.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ ലൈബ്രറി സന്ദര്‍ശിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയും ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ലൈബ്രറിയുടെ ഉദ്ഘാടനവും അതോടനുബന്ധിച്ച് മതമൈത്രി സമ്മേളനവും നടക്കും. ലൈബ്രറിയില്‍ നിന്ന് ഇതിനകം തന്നെ നാട്ടുകാര്‍ക്ക് പുസ്തക വിതരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് കോഴിക്കോട് സ്വദേശിയായ നസീര്‍ഖാന്റെ ഡിസൈനിംഗില്‍ മേല്‍മുറി മഠത്തില്‍പടി മസ്ദിന്റെ നിര്‍മ്മാണം ആരംഭിച്ചത്. തുടര്‍ന്ന് ലൈബ്രറിയുടെ പണിയും പൂര്‍ത്തിയാക്കി. എതാനും മാസങ്ങള്‍ക്ക് മുന്‍പ് മസ്ജില്‍ നമസ്‌കാരം തുടങ്ങി. മസ്ജിദ് ഒരു സംഘടനയുടെയും കീഴിലല്ല. മുസ്‌ലിംകളിലെ ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇവിടെയത്തി ആരാധന നിര്‍വ്വഹിക്കാം. 50 വര്‍ഷം മുന്‍പ് മരിച്ച് പിതാവ് അബ്ദുറഹിമാന്റെ പേരിലാണ് മസ്ജിദും ലൈബ്രറിയും പണി കഴിപ്പിച്ചത്. ബത്തേരിയിലെ ചുള്ളിയോടാണ് ഖാലിദിന്റെ ജനനം. ഉപ്പയുടെ മരണശേഷം ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം ഇരുമ്പുഴിയില്‍ എത്തുകയായിരുന്നു. അവിടെ തങ്ങള്‍ക്ക് തുണയായത് അയല്‍വാസികളായ ദേവകിയും സരോജിനിയും കാര്‍ത്ത്യായനിയുമൊക്കെയായിരുന്നുവെന്ന് ഖാലിദ് പറയുന്നു. ഇവരും ഉമ്മയും ഞങ്ങള്‍ സഹോദരങ്ങളുമൊക്കെ ഒരു മുറിയിലായിരുന്നു ഉറങ്ങിയത്. അത്രയ്ക്കും അടുപ്പമായിരുന്നു എല്ലാവരുമായും. ഇന്ന് ജാതിയും മതവുമെല്ലാം പറഞ്ഞ് ആളുകളുടെ അകല്‍ച്ച വര്‍ധിക്കുകയാണ്. എല്ലാ മതങ്ങളിലും പെട്ടവര്‍ തമ്മില്‍ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്നതും ആളുകളിലെ വായനാ ശീലം വളര്‍ത്തിക്കൊണ്ടു വരികയെന്നതുമൊക്കെയാണ് തന്റെ മനസ്സിലുള്ള കാര്യങ്ങളെന്ന് ഖാലിദ് പറയുന്നു.

ഖാലിദ് ചെറുപ്പത്തില്‍ തന്നെ സൗദി അറേബ്യയില്‍ എത്തിയതിന് പിന്നിലും വലിയൊരു കഥയുണ്ട്. മലപ്പുറം ഗവണ്‍മെന്റ് സ്‌കൂളിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസ് തോറ്റതോടെ സുഹൃത്തുക്കള്‍ക്കൊപ്പം നാടക പ്രവര്‍ത്തനവുമായി നടന്നു. എന്നാല്‍ ഇക്കാര്യം ഉമ്മ അറിഞ്ഞതോടെ വഴക്കു പറയുമെന്ന് ഭയന്ന് നാടുവിടുകയായിരുന്നു. നേരെ എത്തിയത് കൊല്‍ക്കത്തയില്‍. അവിടെ ഏറെ അലഞ്ഞു. പിന്നീട് ഒരു ലെതര്‍ ഫാക്ടറി ഉടമയെ പരിചയപ്പെടുകയും അദ്ദേഹം ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ശരിയാക്കി നല്‍കുകയും ചെയ്തു. ആറ് വര്‍ഷത്തോളം അവിടെ ജോലി ചെയ്തപ്പോഴാണ് ഹജ് കര്‍മ്മം നടത്താന്‍ ആഗ്രഹമുണ്ടായത്. കൈയ്യിലുള്ള സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി സൗദിയിലെത്തി. അവിടെ പരിചയപ്പെട്ട ഒരു സൗദി പൗരന്‍ പാഴ്‌സല്‍ കമ്പനിയില്‍ ജോലി വാങ്ങി നല്‍കുകയായിരുന്നു. പിന്നീട് 46 വര്‍ഷത്തോളം ഈ മേഖലയില്‍ ജോലി ചെയ്തു. ഇതിനിടയില്‍ സ്വന്തമായി പാഴ്‌സല്‍ കമ്പനി തുടങ്ങുകയും ചെയ്തു. നാട്ടിലെത്തിയത് മുതല്‍ മുഴുവന്‍ സമയവും പള്ളിയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം. ലൈബ്രറിയോട് ചേര്‍ന്ന് സൗജന്യ ചികിത്സാ കേന്ദ്രവും അതിനൊപ്പം സൗജന്യ മരുന്ന് വിതരണ കേന്ദ്രവും ആരംഭിക്കണമെന്നാണ് ഖാലിദിന്റെ ആഗ്രഹം. ആ ആഗ്രഹവും എത്രയും പെട്ടെന്ന് സഫലീകരിക്കാന്‍ കഴിയുമെന്നാണ് മതത്തിനപ്പുറം മനുഷ്യനെ സ്‌നേഹിക്കുന്ന, അവര്‍ക്ക് അക്ഷരവെളിച്ചം പകരുന്ന ഖാലിദിന്റെ പ്രതീക്ഷ.

Latest News