Sorry, you need to enable JavaScript to visit this website.

ആളില്ലാത്ത വീട്ടില്‍ മോഷണം; അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

എടക്കര- വഴിക്കടവില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റിലായി. എടവണ്ണ ഒതായി ഊട്ടി സ്വദേശി വെള്ളാട്ടുചോല അബ്ദുല്‍ റഷീദ് (50) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. 

18ന് രാത്രി പാലാട് കോസടിപ്പാലം നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട് കുത്തിതുറന്നു മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മോഷണം നടന്ന ദിവസം റെജി വര്‍ഗീസും കുടുംബവും കോഴഞ്ചേരിയിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. 

ക്യാമറകളടക്കം സ്ഥാപിച്ചിട്ടുള്ള വീട്ടില്‍ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്നു. സമീപം താമസിക്കുന്ന ബന്ധു രാവിലെ റെജിയുടെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

അലമാരകളും വാതിലുകളും കുത്തിത്തുറന്നു നശിപ്പിച്ചതായും സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടതായും കണ്ടു വിവരം പോലീസിനെ അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ ഒരു മണിയോടെ മുഖമൂടി ധരിച്ച ഒരാള്‍ പുറത്ത് ബാഗ് ധരിച്ച് വരുന്നതായും കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ പിറകുവശത്തെ വാതില്‍  തകര്‍ത്ത് അകത്തു കയറുന്നതും രണ്ടു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങള്‍ സിസി ടി.വിയില്‍ പതിഞ്ഞിരുന്നു. 

അരപ്പവന്‍  ആഭരണം മാത്രമാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ കവറില്‍ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള മുഴുവന്‍ ആഭരണങ്ങളും മോഷ്ടാവ് വാരി വലിച്ചിട്ട കൂട്ടത്തില്‍ ശ്രദ്ധയില്‍പ്പെട്ടില്ല. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞും അറസ്റ്റ് ചെയ്തതും. പ്രതി ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് പോലീസിന് സഹായകമായത്.

പിടിയിലാകുമ്പോള്‍ പ്രതിയുടെ ബാഗില്‍ വീടുകള്‍ തകര്‍ക്കാന്‍ പറ്റുന്ന കമ്പിപ്പാരയും വഴിക്കടവിലെ വീട്ടില്‍ നിന്നു മോഷ്ടിച്ച തൊണ്ടിമുതലുകളും മോഷണം നടത്താന്‍ ഉപയോഗിക്കുന്ന കൈയുറകള്‍ ഉള്‍പ്പെടെ സാധന സാമഗ്രികളും കണ്ടെടുത്തു. 

മലപ്പുറം ജില്ലക്കകത്തും പുറത്തുമായി പെട്രോള്‍ പമ്പുകള്‍, കടകള്‍, വീടുകള്‍ എന്നിവ കുത്തി തുറന്നു മോഷണം നടത്തി നിരവധി കേസുകളില്‍ പിടിയിലായി വര്‍ഷങ്ങളായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍. 
മൂന്നു മാസം മുമ്പാണ് തൃശൂരില്‍ മോഷണ കേസില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജനുവരിയില്‍ നിലമ്പൂര്‍ ചന്തക്കുന്നിലെ ഒരു വീട്ടിലും തുണിക്കടയിലും ചുങ്കത്തറ എടമലയില്‍ ഒരു വീട്ടിലും മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അരീക്കോട്ടു നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും പോലീസ് പറഞ്ഞു. 

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ ജാമ്യമില്ല വാറണ്ടുകള്‍ നിലവിലുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ ഡി. വൈ. എസ്. പി പി. എല്‍. ഷൈജുവിന്റെ നേതൃത്വത്തില്‍ വഴിക്കടവ് സി. ഐ പ്രിന്‍സ് ജോസഫ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്. ഐ എം. അസൈനാര്‍, സീനിയര്‍ സി. പി. ഒ അബ്ദുല്‍ സലീം, സി. പി. ഒമാരായ കെ. നിജേഷ്, കെ. നാസര്‍, ശ്രീകാന്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Latest News