Sorry, you need to enable JavaScript to visit this website.

മന്ത്രി രാധാകൃഷ്ണന്റെ ആരോഗ്യപ്രശ്‌നം മുഖ്യമന്ത്രി അംഗീകരിച്ചു, ആലത്തൂരില്‍ മത്സരിക്കാന്‍ എ.കെ. ബാലന്‍

പാലക്കാട് - ആരോഗ്യ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ ആവശ്യം സി.പി.എം സംസ്ഥാന നേതൃത്വം അംഗീകരിച്ചതായി സൂചന. കടുത്ത പ്രമേഹ രോഗമുള്ള രാധാകൃഷണന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ ബാലന്‍ ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.  പാലക്കാട്, തൃശൂര്‍ ജില്ലാ നേതൃത്വങ്ങളും ബാലന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അനുകൂലമാണ്.

കെ.രാധാകൃഷ്ണനാണ് ആലത്തൂരില്‍ പാര്‍ട്ടി പ്രഥമ പരിഗണന നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന് താത്പര്യമില്ല എന്നതാണ് ബാലന് അനുകൂലമാകുന്നത്. യു.ഡി.എഫ് സ്ഥാനാഥി സിറ്റിംഗ് എം.പി കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് തന്നെയാകും. കഴിഞ്ഞ തവണ രമ്യ അട്ടിമറി വിജയം നേടുകയായിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രം കഴിഞ്ഞ തവണ കൈവിട്ടതിന്റെ ക്ഷീണം പാര്‍ട്ടിക്ക് തീര്‍ക്കേണ്ടതുണ്ട്.

ആലത്തൂരിന് ഏറ്റവും പറ്റിയ സ്ഥാാര്‍ത്ഥി രാധാകൃഷ്ണനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇത് സി.പി.എം സംസ്ഥാന നേതൃത്വത്തിലെ എല്ലാവരും അംഗീകരിച്ചു. മത്സരിക്കാനില്ലെന്ന് രാധാകൃഷ്ണന്‍ നേതൃയോഗത്തില്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മന്ത്രി വിശദീകരിച്ചതോടെയാണ് ബാലനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്.

സിപിഎമ്മിലെ പി.കെ.ബിജു രണ്ട് തവണ വിജയിച്ച മണ്ഡലമാണ് ആലത്തൂര്‍. കഴിഞ്ഞ തവണ 1.58 ലക്ഷത്തിലേറെ വോട്ടിനായിരുന്നു രമ്യയുടെ വിജയം. രമ്യ 533,815 വോട്ട് നേടിയപ്പോള്‍ പി.കെ ബിജു വെറും 3,74,847 വോട്ട് മാത്രം നേടി. 2021 ലെ നിയമസഭാഫലം നോക്കിയാല്‍ തീര്‍ത്തും ഇടതു സ്വഭാവമുള്ള മണ്ഡലമാണിത്.

 

 

Latest News