Sorry, you need to enable JavaScript to visit this website.

VIDEO - ശോകം തളംകെട്ടിയ വീടുകളില്‍ സാന്ത്വനവുമായി രാഹുല്‍ഗാന്ധി

വടക്കേവയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ വീട്ടില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തുന്നു.
പുല്‍പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തുന്നു.

മാനന്തവാടി-വയനാട്ടില്‍ സമീപകാലം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഫെബ്രുവരി 10ന് പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍  പനച്ചിയില്‍ അജീഷ്, 16ന്  ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു മരിച്ച വെള്ളച്ചാലില്‍ പോള്‍, ഡിസംബര്‍ ഒമ്പതിന് വാകേരി മൂടക്കൊല്ലിയില്‍ കടുവ കൊലപ്പെടുത്തിയ കര്‍ഷകന്‍ പ്രജീഷ് എന്നിവരുടെ വീടുകളിലായിന്നു സന്ദര്‍ശനം.
രാവിലെ എട്ടോടെയാണ് രാഹുല്‍ അജീഷിന്റെ വീട്ടിലെത്തിയത്. ഭാര്യ ഷീബ, മക്കളായ അല്‍ന, അലന്‍ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും എം.പി ആശ്വസിപ്പിച്ചു. ഗൃഹനാഥന്റെ വിയോഗം കുടുംബത്തിനു ഏല്‍പ്പിച്ച ആഘാതത്തിന്റെ ആഴം ഷീബ വിശദീകരിച്ചു. വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. വന്യമൃഗശല്യ പ്രതിരോധത്തിനു  നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും എം.പി ഉറപ്പുനല്‍കി.  'അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടാകും. ആനയെ പിടികൂടുന്നതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും'- രാഹുല്‍ഗാന്ധി പറഞ്ഞു. അയല്‍വാസിയുടെ വീട്ടുമുറ്റത്താണ് അജീഷിനെ കാട്ടാന കൊലപ്പടുത്തിയത്.

വെള്ളച്ചാലില്‍ പോളിന്റെ വീട്ടിലാണ് എം.പി പിന്നീട് എത്തിയത്. കുറുവ വിനോദസഞ്ചാരകേന്ദ്രത്തില്‍ ജീവനക്കാരനായിരുന്ന പോളിന്റെ ഭാര്യ സീനയും മകള്‍ സോനയും എം.പിക്കു മുന്നില്‍ വിതുമ്പി. പിതാവിനു വിദഗ്ധ ചികിത്സ ലഭിക്കാന്‍ വൈകിയെന്ന പരാതി എം.പിക്കു മുന്നിലും സോന ആവര്‍ത്തിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന  രാഹുല്‍ഗാന്ധി വീട് പുനര്‍നിര്‍മിച്ചു നല്‍കുമെന്ന് വാക്കുനല്‍കി. പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് സോനയെ ഉപദേശിച്ചു. സോനയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പോരായ്മകള്‍ ഉണ്ടായാല്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കി. എം.പിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ടെന്ന് സോന പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അദ്ദേഹം നിറവേറ്റിത്തരുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു.
പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടില്‍ രാവിലെ 9.20നാണ് രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയത്. കണ്ണൂരില്‍നിന്നു റോഡ് മാര്‍ഗമാണ് എം.പി വയനാട്ടില്‍ എത്തിയത്. കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ് എന്നിവര്‍ക്കൊപ്പമായിരുന്നു വീടുകളില്‍ സന്ദര്‍ശനം.
ചാലിഗദ്ദയില്‍ രാഹുല്‍ഗാന്ധി നാട്ടുകാരോട് സംസാരിക്കാതെ മടങ്ങാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി.  എം.പിയോടു സംസാരിക്കണമെന്ന് നാട്ടുകാര്‍ ശഠിച്ചതോടെ ഒരാള്‍ക്കുമാത്രം അവസരം നല്‍കി. രാഹുലിന്റെ വാഹനത്തിന് സമീപമെത്തിനാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.

 

 


 

 

Latest News