Sorry, you need to enable JavaScript to visit this website.

പഠനകാലം കഴിഞ്ഞ് ജോലി ചെയ്യാന്‍ നിയന്ത്രണം, യു.കെയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുറയുന്നു

ലണ്ടന്‍ - ബ്രിട്ടനിലേക്ക് പഠന വിസക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതായി യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വീസ് (യു.സി.എ.എസ്) കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല് ശതമാനത്തോളം കുറവു വന്നതായാണ് കണക്ക്. പഠനം കഴിഞ്ഞും ബ്രിട്ടനില്‍ കുറച്ചുനാള്‍ താമസിച്ച് ജോലി അന്വേഷിക്കാന്‍ നേരത്തെയുണ്ടായിരുന്ന അനുമതിയില്‍ നിയന്ത്രണം വന്നതോടെയാണ് വിസ അപേക്ഷകള്‍ കുറഞ്ഞതെന്നാണ് നിഗമനം.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യൂറോപ്പിലും അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും പഠനത്തിനായി പോകുന്നത് പ്രധാനമായും പഠനത്തിന് ശേഷം അവിടെത്തന്നെ ജീവിതം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ ജോലി കണ്ടെത്തി പി.ആര്‍ കിട്ടുന്നതോടെ പിന്നീട് ഒരിക്കലും മടങ്ങേണ്ടി വരുന്നില്ല. എന്നാല്‍ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടന്‍ ഈ സൗകര്യം എടുത്തുകളഞ്ഞിരിക്കുകയാണ്.

ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യു.കെയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പുകളുള്ള കോഴ്‌സുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. അതിനാല്‍തന്നെ യു.കെയിലേക്കുള്ള വിസ അപേക്ഷകള്‍ കുറഞ്ഞു.
ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാര്‍ഥികളുടെ രാജ്യാന്തര വിസകളുടെ എണ്ണത്തില്‍ 0.7 ശതമാനം വര്‍ധനവുണ്ടായപ്പോള്‍, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകള്‍ കുറഞ്ഞതായിട്ടാണ് യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വീസ് (യുസിഎഎസ്) കണക്കുകള്‍.  ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയി. നൈജീരിയയില്‍ നിന്നുള്ള അപേക്ഷകള്‍ 46 ശതമാനം കുറഞ്ഞ് 1,590 ആയി.
ഒരു ബ്രിട്ടീഷ് വിദ്യാര്‍ഥി അമേരിക്കയില്‍ പഠിക്കാന്‍ പോകുമ്പോള്‍, അവരെ കുടിയേറ്റക്കാരായല്ല, ഒരു വിദ്യാര്‍ഥിയായാണ് കാണുന്നത്. എന്നാല്‍ ഇവിടെ വരുന്ന ഏതൊരു അന്താരാഷ്ട്ര വിദ്യാര്‍ഥിയെയും കുടിയേറ്റക്കാരനായി കണക്കാക്കുന്നു. അത് അല്‍പ്പം കടന്ന കൈയാണ് -ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ അസോസിയേഷന്‍ പ്രസിഡന്റ് അമിത് തിവാരിയെ ഉദ്ധരിച്ച് യു.കെയിലെ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Latest News