Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് കൂടുതൽ സീറ്റ് കിട്ടുമെന്ന വാദം പൊള്ള, ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കണം-ശശി തരൂർ

ജിദ്ദയില്‍ നല്‍കിയ സ്വീകരണത്തില്‍ ശശി തരൂര്‍ എം.പി സംസാരിക്കുന്നു.

ജിദ്ദ- കേന്ദ്രത്തിൽ ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലഭിക്കുമെന്ന അവകാശവാദം പൊള്ളയാണെന്നും സീറ്റ് കുറയാനാണ് പോകുന്നതെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂർ എം.പി. ജിദ്ദയിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു തരൂർ. 2019-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി സീറ്റ് നേടാൻ സാധിച്ചിട്ടുണ്ട്. എന്നാൽ 2024-ലെ തെരഞ്ഞെടുപ്പിന്റെ അവസ്ഥ അതല്ല. ബിഹാറിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് സീറ്റ് കുറയും. ഇവിടങ്ങളിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കും. ഗുജറാത്തൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിന് സീറ്റ് കൂടുതൽ കിട്ടാനാണ് സാധ്യത. കർണാടകയിലും കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കും. തെലങ്കാനയിൽ കോൺഗ്രസ് നേടിയ വിജയം മതേതര ജനാധിപത്യ ചേരിക്ക് വൻ പ്രതീക്ഷയാണ് നൽകുന്നതെന്നും തരൂർ പറഞ്ഞു. 2014-ല്‍ ഗുജറാത്ത് വികസനം ചൂണ്ടിക്കാട്ടിയാണ് മോഡി അധികാരത്തില്‍ എത്തിയത്. 2019-ൽ പുൽവാമ അക്രമണത്തിന്റെ പേരിൽ ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞാണ് ബി.ജെ.പി വോട്ട് നേടിയത്. എന്നാൽ ദേശീയ സുരക്ഷയെ കാക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. ചൈനീസ് പട്ടാളം കടന്നുകയറി നമ്മുടെ ഇരുപത് സൈനികരെ വകവരുത്തുകയാണ് ചെയ്തതെന്നും തരൂർ പറഞ്ഞു. 

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യക്ക് ഏറെ നിർണായകമാണ്. ഭരണഘടന പോലും ചീന്തിയെറിഞ്ഞ് പുതിയത് കൊണ്ടുവരാൻ ബി.ജെ.പി മടിക്കില്ല. ഏതു തരത്തിലുള്ള ഇന്ത്യയെ ആണ് മക്കൾക്ക് നാം കൈമാറേണ്ടത് എന്ന് പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് വരാനിരിക്കുന്നത്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിന്റെ സംഘർഷം കൂടിയാണ്. രാജ്യത്തെ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങേണ്ടത്. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും തരൂർ പറഞ്ഞു.
 1947-ൽ ഇന്ത്യയുടെ ദേശീയത മതമാണോ എന്ന ചോദ്യം ഉയർന്നിരുന്നു. മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാൻ ഉണ്ടാക്കി പുതിയ രാജ്യം രൂപീകരിച്ചു. സ്വതന്ത്ര പരമാധികാര രാജ്യമായി ഇന്ത്യ നിലനിൽക്കണം എന്ന് വാദിച്ചവർ ഇന്ത്യയിൽ തുടർന്നു. എന്നാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും തരൂർ പറഞ്ഞു. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീർ നദ് വി കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ മണക്കാട് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി റീജ്യണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ, അസ്ഹാബ് വർക്കല എന്നിവർ പ്രസംഗിച്ചു. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും തരൂരിനെ ഷാൾ അണിയിച്ചു. നജീബ് വെഞ്ഞാറമൂട് അവതാരകനായിരുന്നു.

പ്രചാരണം തെറ്റ്; ജോലി സമയത്തില്‍ മാറ്റമില്ലെന്ന് അറാംകൊ

Latest News