Sorry, you need to enable JavaScript to visit this website.

വന്യമൃഗ ആക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പറ്റ-അനുദിനം രൂക്ഷമാകുന്ന വന്യമൃഗ ആക്രമണത്തിന് അടിയന്തര പരിഹാരം തേടി വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലയില്‍ കല്‍പറ്റ, മാനന്തവാടി, ബത്തേരി ഉള്‍പ്പെടെ ടൗണുകളിലും ചെറിയ അങ്ങാടികളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അങ്ങിങ്ങ് പെട്ടിപ്പീടികകള്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്. സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല.
സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല.  കാറുകളും ഇരുചക്രവാഹനങ്ങളും  ടൗണുകളില്‍ തടസമില്ലാതെ ഓടി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നു വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലടക്കം ചിലേടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് കെ.എസ്.ആര്‍.ടി.സി നടത്തി. ജില്ലയിലെങ്ങളും പോലീസ് ജാഗ്രതയിലാണ്. ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. യു.ഡി.എഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് എല്‍.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

 

Latest News