Sorry, you need to enable JavaScript to visit this website.

മണ്ണിന്റെ മക്കളുടെ ജീവന്മരണ പോരാട്ടം

പ്രശ്നങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കർഷകരെ ദുരിതക്കയങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതിന്ന് പകരം കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുഴുവൻ മനുഷ്യ സ്‌നേഹികളും ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ട സമയമാണിത്. 

 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും മുൻകാല വാഗ്ദാനങ്ങൾ നടപ്പാക്കാനാവശ്യപ്പെട്ടും  കർഷക സംഘടനകളുടെ നേതൃത്വത്തിൽ വീണ്ടുമൊരു പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കർഷകർ നടത്തുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരംഭിച്ച ദൽഹി  മാർച്ചിൽ പലയിടത്തും സംഘർഷമുണ്ടായിട്ടുണ്ട്. നൂറുകണക്കിനു ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലും കാൽനടയായും എത്തിയ കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ പോലീസ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ആയിരക്കണക്കിന് ട്രാക്ടർ ട്രോളികളുടെ അകമ്പടിയോടെ ശംഭു ബോർഡറിൽ നിന്നും ദില്ലിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ കേന്ദ്ര സർക്കാർ സ്വീകരിച്ചത് വഴി നീളെ കൂർത്ത  ഇരുമ്പാണികൾ വിരിച്ചും സിമന്റ് ബ്ലോക്കുകൾ കൊണ്ട് വഴിയടച്ചും ഡ്രോണുകൾ വഴി ആകാശത്തു നിന്ന്  കണ്ണീർവാതക ഷെല്ലുകൾ വർഷിച്ചും പോലീസ് സേനയെ ഉപയോഗിച്ച് റബർ ബുള്ളറ്റുകൾ ഉതിർത്തും കർഷക നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചു പൂട്ടിച്ചും സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടവരെ തടഞ്ഞുവെച്ചുമായിരുന്നു. എന്നാൽ  സർക്കാർ സൃഷ്ടിച്ച മാർഗ തടസ്സങ്ങൾ ഓരോന്നായി പിഴുതു മാറ്റിക്കൊണ്ട് കർഷകർ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ് വാർത്ത. കർണാടകയിൽ നിന്നുള്ള കർഷകരെ ഭോപാലിൽ തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് അവർ റോഡിൽ പ്രതിഷേധ സമരം നടത്തി. ദില്ലിയിലെ ഭാവന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം ആം ആദ്മി സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. 

പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കർഷകർ പിന്തിരിഞ്ഞില്ല.  ആറു മാസത്തേക്കുള്ള ഭക്ഷണവും മറ്റു തയാറെടുപ്പുകളുമായാണ് കർഷകർ മാർച്ചു നടത്തുന്നതെന്നത് കേന്ദ്രത്തെ ഭയപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു സമയത്തെ രാഷ്ട്രീയ നാടകം എന്നാണ് ബിജെപി ഈ സമരത്തെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നതു മുതൽ ഒരിക്കലും ചെയ്യാത്ത രീതിയിൽ കവലകളിൽ അരിവിൽക്കൽ വരെ എന്തും ചെയ്യുന്നവരാണ് ഇതു പറയുന്നത് എന്നതാണ് തമാശ. വാഗ്ദാനങ്ങൾ പാലിക്കാനാവശ്യപ്പെട്ടുള്ള പോരാട്ടം തെരഞ്ഞെടുപ്പു വേളയിലല്ലാതെ മറ്റെപ്പോഴാണ് നടത്തുക? അതേസമയം കക്ഷിരാഷ്ട്രീയവുമായി നേരിട്ട് ബന്ധമുള്ള സംഘടനകളൊന്നും സമരത്തിനില്ല എന്നതാണ് വസ്തുത.

ഗതാഗത തടസ്സമുണ്ടാക്കാൻ സ്ഥാപിച്ച കൂറ്റൻ കോൺക്രീറ്റ് ബീമുകൾ ട്രാക്ടറുകളുടെ സഹായത്തോടെ കെട്ടിവലിച്ചു നീക്കിയാണ് കർഷകർ ദൽഹിയിലേക്കു മുന്നേറുന്നത്. ശംഭുവിലെ മേൽപാലത്തിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ കർഷകർ താഴേക്കു വലിച്ചെറിഞ്ഞു.  കുരുക്ഷേത്രയിലെ ബാരിക്കേഡുകളും  തകർത്തു. കാൽനടയായെത്തിയ കർഷകരെ പലയിടത്തും പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നുണ്ട്. കർഷകർ ദൽഹിയിലേക്കു മുന്നേറുന്നതു തടയാൻ പലയിടത്തും അതിർത്തികൾ അടച്ചിരിക്കുകയാണ്. 

ഇരുന്നൂറോളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രി അർജുൻ മുണ്ടയും കർഷക സംഘടന നേതാക്കളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ മാർച്ച് ആരംഭിച്ചത്. കാർഷിക മേഖലയെയും കർഷകരെയും തകർത്ത്  പരിപൂർണമായും  കോർപറേറ്റ് നിയന്ത്രണത്തിനു വിട്ടുകൊടുക്കുന്നതിന് കേന്ദ്ര സർക്കാർ 2020 സെപ്റ്റംബറിൽ പാസാക്കിയ നിയമത്തിനെതിരെ ദൽഹിയിൽ ഒരു വർഷം നീണ്ടുനിന്ന സമരത്തിനു മുന്നിൽ  മുട്ടുമടക്കിയ  കേന്ദ്ര സർക്കാർ രണ്ടു വർഷം കഴിഞ്ഞിട്ടും  കർഷകരുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും സമരം  ആരംഭിച്ചിരിക്കുന്നത്. കർഷക പ്രക്ഷോഭ സമിതി മുന്നോട്ടു വെച്ചിട്ടുള്ള പ്രധാനപ്പെട്ട  10 ആവശ്യങ്ങൾ ഇവയാണ്.

1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
3. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്‌കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
4. ലക്കിംപൂർ ഖേരി കൂട്ടക്കൊലയിൽ പരിക്കു പറ്റിയവരും കൊല്ലപ്പെട്ടവരുമായ മുഴുവൻ കർഷക കുടുംബങ്ങൾക്കും യുപി സർക്കാർ നഷ്ടപരിഹാരം നൽകുക. കൂട്ടക്കൊലക്ക് ഉത്തരവാദിയായ മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക.
5. സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
6. കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
7. മുൻവർഷങ്ങളിലുണ്ടായ ദൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി നൽകുക.
8. 2020 ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക.
9. തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക. 
10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പു വരുത്താൻ പ്രത്യേക സംവിധാനം ആവിഷ്‌കരിക്കുക.

കർഷകരുടെ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോഡി സർക്കാർ കാർഷിക മേഖലയെ കുത്തകകൾക്ക് അടിയറ വെക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. കാർഷിക മേഖലയിലെ പ്രശ്ന പരിഹാരത്തിന് അടിയന്തരമായി നിലവിലുള്ള മിച്ചഭൂമിയും തരിശുഭൂമിയും ഭൂരഹിത കർഷകർക്കിടയിൽ വിതരണം ചെയ്യണമെന്നവർ ആവശ്യപ്പെടുന്നു, കൂടാതെ വ്യാവസായിക വികസനത്തിന്റെ പേരിൽ കാർഷിക - വനഭൂമി കോർപറേറ്റ് മേഖലയിലേക്ക് തിരിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും. ആദിവാസി  ഗോത്ര വിഭാഗങ്ങൾക്കും പശുവളർത്തൽ ഉപജീവനമായി സ്വീകരിച്ചവർക്കും വനങ്ങളിലേക്കുള്ള മേച്ചിൽ അവകാശങ്ങളും പൊതുഭൂമിയിലേക്കുള്ള  പ്രവേശനവും ഉറപ്പു വരുത്തണം.   58 വയസ്സ് കഴിഞ്ഞ കർഷകർക്കെല്ലാം പതിനായിരം രൂപ പെൻഷൻ പ്രഖ്യാപിക്കുക., വന്യജീവികളുടെ ആക്രമണം മൂലം കൃഷി ചെയ്യാൻ സാധ്യമാകാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ വനം വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തി കർഷകർക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക, കാർഷിക വിള ഇൻഷുർ ചെയ്യുന്നതിന് ആവശ്യമായ പ്രീമിയം തുക സർക്കാർ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട് 

പ്രശ്നങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുകയും 20 കോടിയിലധികം വരുന്ന കർഷകരെ ദുരിതക്കയങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നതിന് പകരം കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുഴുവൻ മനുഷ്യ സ്‌നേഹികളും ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ട സമയമാണിത്. 

 

Latest News