Sorry, you need to enable JavaScript to visit this website.

പിന്നിൽനിന്ന് കുത്തുന്നവർ

ഏകദേശം ഒരു വർഷം മുമ്പ് ഇന്ത്യയിലെ ജനാധിപത്യ ചേരിക്ക് വലിയ പ്രതീക്ഷ നൽകി രൂപം നൽകിയ ഇന്ത്യ മുന്നണി ഇന്ന് എല്ലാ പ്രതീക്ഷയും നശിച്ച അവസ്ഥയിൽ. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിക്കെതിരെ വിശാല സഖ്യത്തിന് രൂപം നൽകി ഒറ്റക്കെട്ടായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മുന്നണി, ഘടക കക്ഷി നേതാക്കളുടെ പടലപ്പിണക്കങ്ങളും താൻപോരിമയും മുന്നണിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസിലെ നേതാക്കളുടെ അനാവശ്യ പിടിവാശിയുമെല്ലാം മൂലം കരയ്ക്കടുക്കും മുമ്പേ തകർന്ന തോണി പോലെയായി. മുന്നണിക്ക് രൂപം നൽകാൻ മുന്നിട്ടിറങ്ങിയ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറാണ് ഒരു മാസം മുമ്പ് ഇന്ത്യ സഖ്യത്തിന് ഏറ്റവും വലിയ പ്രഹരമേൽപിച്ചതെങ്കിൽ, ഏറ്റവുമൊടുവിൽ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ തനിക്ക് എല്ലാ സ്ഥാനമാനങ്ങളും നൽകിയ പാർട്ടിയെ പിന്നിൽനിന്ന് കുത്തി ബി.ജെ.പിയിൽ അഭയം തേടിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ. തന്റെ അഹങ്കാരവും പിടിവാശിയും കൊണ്ട് മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ തോൽവിക്ക് കാരണക്കാരനായ കമൽനാഥും ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, സ്വാതന്ത്ര്യാനന്തരം അഞ്ച് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച് ഇന്ത്യയെ ഒരു ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിർത്തുന്നതിൽ എറ്റവുമധികം പങ്കുവഹിച്ച, ഇന്ന് രാജ്യം കൈവരിച്ച എല്ലാ വികസന നേട്ടങ്ങൾക്കും പുരോഗതിക്കും അടിത്തറയിട്ട കോൺഗ്രസ് ഈ നിലയിൽ തകർന്നതിന്റെ പ്രധാന കാരണം എന്താണെന്ന് പരിശോധിച്ചാൽ ഒരൊറ്റ വാചകത്തിൽ ഉത്തരം കിട്ടും- അധികാരക്കൊതിയന്മാരും സ്വാർഥമതികളും അഴിമതിക്കാരുമായ അതിന്റെ നേതാക്കൾ. തങ്ങൾക്ക് എന്തു കിട്ടും എന്നു നോക്കി മാത്രമാണ് നല്ലൊരു വിഭാഗം കോൺഗ്രസ് നേതാക്കളും പാർട്ടിയിൽ നിൽക്കുന്നതും മുമ്പ് നിന്നിട്ടുള്ളതും. ഗാന്ധിജിയുടെ കാലം മുതൽ കോൺഗ്രസിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയും ചേരിപ്പോരുമൊക്കെയുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ഗാന്ധിജിയോട് ഇടഞ്ഞ് പാർട്ടി വിട്ട മഹാനേതാവാണ്. അതൊക്കെ പക്ഷേ ആശയങ്ങളുടെ പേരിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ആശയ പോരാട്ടങ്ങൾ ആമാശയ പോരാട്ടങ്ങളായതോടെ ഇത്തരം ചേരിപ്പോരുകൾ കേവലം സ്വാർഥ ലാഭങ്ങൾക്കു വേണ്ടിയായി മാറി. 
നെഹ്‌റുവിന്റെ കാലത്ത് ഇത്തരത്തിലുള്ള എതിർപ്പുകൾ താരതമ്യേന കുറവായിരുന്നെങ്കിൽ പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാർട്ടി നെടുകെ പിളരുന്നതാണ് കണ്ടത്. പക്ഷേ അതു പോലും ആശയത്തിന്റെ പേരിലായിരുന്നു. ഇന്ദിരയുടെ ഏകാധിപത്യ നീക്കങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടവരിൽ സാക്ഷാൽ എ.കെ. ആന്റണി അടക്കമുള്ളവരുണ്ടായിരുന്നു. പിൽക്കാലത്ത് ആന്റണി മാതൃസംഘടനയിൽ തിരിച്ചെത്തെി കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമൊക്കെയായി. യു.പി.എ ഭരണ കാലത്ത് കേന്ദ്ര സർക്കാരിലെ രണ്ടാമനായി. അക്കാലത്തെ ഭരണത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച അദ്ദേഹത്തിന്റെ മകൻ അനിൽ 

ആന്റണി ഇപ്പോൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന് കോൺഗ്രസിനെ തെറിവിളിച്ച് നടക്കുന്നു. കൂടുതൽ മോശം ഭാഷയിൽ കോൺഗ്രസിനെ തെറി വിളിച്ചാൽ അയാൾക്ക് ബി.ജെ.പിയിൽനിന്ന് വല്ല നക്കാപ്പിച്ചയും കിട്ടുമായിരിക്കും. ആശയമല്ല, ആമാശയമാണ് അനിൽ ആന്റണിക്ക് മുഖ്യം.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വലിയ രാഷ്ട്രീയ പാർട്ടി ആയതുകൊണ്ടു തന്നെ ഇന്ന് രാജ്യത്ത് ഏറ്റവും കൊഴിഞ്ഞുപോക്ക് നേരിടുന്ന പാർട്ടിയും കോൺഗ്രസാണ്. വലിയ അച്ചടക്കമോ, പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങളോ, ജാതിമത പ്രാദേശിക താൽപര്യങ്ങൾ ഉയർത്തിക്കാണിക്കുകയോ, അപര വിദ്വേഷം പ്രോൽസാഹിപ്പിക്കുകയോ ചെയ്യാത്ത പാർട്ടി ആയതിനാൽ  കോൺഗ്രസിൽ എപ്പോൾ വേണമെങ്കിലും ആർക്കും ചേരാം, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോവുകയും ചെയ്യാം. സ്വാർഥ ലക്ഷ്യങ്ങളോടെ പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള നേതാക്കൾ ഏത് നിമിഷവും ഇറങ്ങിപ്പോയി മറുചേരിയിൽ കയറിപ്പറ്റുന്നതിന് മറ്റു കാരണങ്ങളൊന്നുമില്ല. 
ഇന്ത്യയിൽ കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേരുകയോ സ്വന്തം പാർട്ടിക്ക് രൂപം നൽകുകയോ ചെയ്ത് സംസ്ഥാന മുഖ്യമന്ത്രിമാരായവർ എത്രയോ ഉണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമാണ് നിലവിലെ ഉദാഹരണങ്ങൾ. ഇന്നലെ പോയ അശോക് ചവാനും പോകുമെന്ന് പറയുന്ന കമൽനാഥും കർണാടകയിലെ എസ്.എം. കൃഷ്ണയും യു.പിയിലെ എൻ.ഡി. തിവാരിയും മഹാരാഷ്ട്രയിലെ ശരത് പവാറും അടക്കം എത്രയോ പേർ വേറെയുമുണ്ട്. കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ നല്ല സ്ഥാനമാനങ്ങളും പദവികളും ലഭിച്ചവർ തന്നെയാണിവർ. അധികാരക്കൊതിയും സ്വാർഥതയുമാണ് ഇവരെയെല്ലാം പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. കോൺഗ്രസിനോട് കലഹിച്ച് പുറത്തു പോയി പ്രധാനമന്ത്രി പദത്തിലെത്തിയ വി.പി. സിംഗിനെയും ഇവിടെ ഓർക്കാതിരിക്കാനാവില്ല. രാജീവ് ഗാന്ധിയോടുള്ള വിരോധത്തിന്റെ പേരിലാണ് വി.പി. സിംഗ് പാർട്ടി വിട്ടതെങ്കിലും അദ്ദേഹത്തിന് അഴിമതി വിരുദ്ധ പോരാളിയുടെ പ്രതിഛായയുണ്ടായിരുന്നു. പക്ഷേ കോൺഗ്രസിനെ തകർക്കാൻ വേണ്ടി അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയം കലക്കിമറിച്ചതിന്റെ ബാക്കിപത്രമാണ് ബി.ജെ.പിക്കുണ്ടായ വളർച്ചയെന്നത് കാണാതിരുന്നുകൂടാ. വി.പി. സിംഗിന് ശേഷം പ്രധാനമന്ത്രിയായ ചന്ദ്രശേഖർ ഒരു കാലത്ത് കോൺഗ്രസിലെ യുവ തുർക്കിയെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ്.
ആശയങ്ങളുടെയും പിടിവാശികളുടെയും പേരിലുള്ള ചേരിപ്പോരുകളുടെ ആ കാലഘട്ടത്തിൽനിന്ന് തികച്ചും വിഭിന്നമാണ് ഇപ്പോഴത്തെ കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് എന്ന് പറയാതെ വയ്യ. അധികാരക്കൊതിയും ഭയവുമാണ് കുറെ കാലമായി കോൺഗ്രസ് വിടുന്ന നേതാക്കളിലെല്ലാം പൊതുവായുള്ളത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെട്ടില്ല എന്നതാണ് അശോക് ചവാനെ പാർട്ടിയെ പിന്നിൽനിന്ന് കുത്താൻ പ്രേരിപ്പിച്ചത്. കമൽനാഥിന് രാജ്യസഭ സീറ്റും മകന് ലോക്‌സഭ സീറ്റുമാണത്രേ ബി.ജെ.പി നൽകിയ ഓഫർ. അടുത്ത കാലത്ത് കോൺഗ്രസ് വിട്ട മഹാരാഷ്ട്രയിലെ നേതാവ് മിലിന്ദ് ദിയോറക്ക് തന്റെ ലോക്‌സഭ സീറ്റ് നഷ്ടപ്പെടുമെന്ന ഭയമാണ്.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരമാവധി കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുക എന്ന ബി.ജെ.പി തന്ത്രവും ഈ കൊഴിഞ്ഞുപോക്കിന് കാരണമാവുന്നുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഴിമതി കേസുകളും ഇ.ഡി അന്വേഷണവും കാട്ടി ഭയപ്പെടുത്തിയാണ് ബി.ജെ.പിയിലെത്തിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചതെല്ലാം എം.എൽ.എമാർക്ക് വൻതുക കോഴ കൊടുത്താണെന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതാണ്. 
ബി.ജെ.പിയിൽ ചേരാതെയും സ്ഥാനങ്ങളും പദവികളും നഷ്ടപ്പെട്ടതിന്റെ പേരിൽ പാർട്ടി വിട്ട നേതാക്കളുമുണ്ട്. ഗുലാം നബി ആസാദും കപിൽ സിബലും ഉദാഹരണം. കേരളത്തിൽ കെ.വി. തോമസും പി.സി. ചാക്കോയും. പാർട്ടിയെ അടിമുടി കുഴിതോണ്ടുന്ന ഈ പ്രവണതക്ക് ഇതുവരെ ഒരു പരിഹാരം കാണാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരുകൂട്ടം നേതാക്കളുടെ പാർട്ടിയെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും? 
കോൺഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്നതാണ്, പ്രത്യേകിച്ചും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഭിന്നാ ഭിപ്രായങ്ങൾക്കുള്ള അവസരവുമെല്ലാം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുടെ. രാഹുൽ ഗാന്ധിയിൽ അവർക്ക് വലിയ പ്രതീക്ഷയുണ്ട്. സോണിയ ഗാന്ധിയിലും പ്രിയങ്കയിലും വിശ്വാസവുമുണ്ട്. പക്ഷേ മറ്റുള്ളവരുടെ കാര്യം ഒന്നും പറയാനാവാത്ത അവസ്ഥയാണ്.
പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാത്ത പാർട്ടി ആയതുകൊണ്ടു തന്നെ കോൺഗ്രസ് വിശ്വാസികളായ സാധാരണക്കാരിൽ നല്ലൊരു പങ്കും മറ്റു ആശയങ്ങൾക്കും വ്യക്തിപ്രഭാവമുള്ള നേതാക്കൾക്കും പിറകെ പോയി. യു.പിയിലും മറ്റും പാർട്ടി തകർന്നത് അങ്ങനെയാണ്. ആ ചോർച്ചക്ക് പുറമെയാണ് കോൺഗ്രസ് ആശയം മുറുകെ പിടിക്കേണ്ട, പാർട്ടികൊണ്ട് സ്ഥാനമാനങ്ങളും പദവികളും ലഭിച്ച നേതാക്കളുടെ പിന്നിൽനിന്ന് കുത്ത്. അങ്ങനെ പോകുന്നവർ പോകട്ടെ എന്ന് രമേശ് ചെന്നിത്തല അശോക് ചവാന്റെ കൂറുമാറ്റത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ പോകാത്ത ഒരു കൂട്ടം നേതാക്കൾ പാർട്ടിയിൽ ഉയർന്നു വന്നില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി അത്ര ശോഭനമല്ല എന്നതാണ് ചെന്നിത്തലയെ പോലുള്ള നേതാക്കൾ മനസ്സിലാക്കേണ്ടത്, കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ നിർഭയം ഉച്ചത്തിൽ വിളിച്ചുപറയാൻ ധൈര്യമുള്ള നേതാക്കൾ. അത്തരത്തിലുള്ള ഒരു നേതൃനിര രൂപപ്പെട്ടാൽ കോൺഗ്രസിന് ഇന്ത്യയിൽ തിരിച്ചുവരവും പ്രയാസമുള്ള കാര്യല്ല. കാരണം ജനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷ വെക്കുന്നുണ്ട്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടി തോൽവി നേരിട്ട രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ 40 ശതമാനം വോട്ട് നേടാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്തിന് 25 വർഷത്തിലേറെയായി അധികാരത്തിലില്ലാത്ത, മോഡിയുടെ ഗുജറാത്തിൽ പോലും നാൽപത് ശതമാനത്തിനടുത്ത് വോട്ട് കോൺഗ്രസിന് ഇപ്പോഴുമുണ്ട്. അതൊരു ചെറിയ കാര്യമല്ല. 

Latest News