Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃതങ്ങളും വര്‍ധിക്കുന്നു; പോലീസിന്റെ ഞെട്ടിക്കുന്ന കണക്ക്

തൃശൂര്‍ - സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഞെട്ടിക്കുന്ന വര്‍ധന. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പോയവര്‍ഷത്തിലാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് സ്ത്രീകള്‍ക്കെതിരെ സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളുള്ളത്. 18,976 കേസുകളാണ് സ്ത്രീകള്‍ക്കെതിരെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്തത്. അറിയപ്പെടാതെ പോയതും രജിസ്റ്റര്‍ ചെയ്യാത്തതുമായ കേസുകള്‍ ഇതിനു പുറമെയുണ്ട്.
2022ല്‍ 18,943 കേസുകളാണ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2016 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പരിശോധിക്കുന്‌പോള്‍ ഏറ്റവുമധികം കേസുകളുണ്ടായിട്ടുള്ളത് പോയവര്‍ഷത്തിലാണെന്ന് കാണാം. 2016(15,114), 2017 (14,263), 2018(13,643), 2019(14,293), 2020(12,659), 2021(16,199), 2022(18,943), 2023(18,976) എന്നിങ്ങനെയാണ് കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍.
പോയ വര്‍ഷം മാനഭംഗം (റേപ്പ്) കേസുകള്‍ 2649 എണ്ണം രജിസ്റ്റര്‍ ചെയ്തു. 4675 പീഡനക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 140 തട്ടിക്കൊണ്ടുപോകലുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്ത കേസുകള്‍ 687 ആണ്. എട്ടു സ്ത്രീധന മരണങ്ങള്‍ സംഭവിച്ചു.
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും പീഡനങ്ങള്‍ സംബന്ധിച്ച് 4711 കേസുകളാണ് 2023ല്‍ റിപ്പോര്‍ട്ടു ചെയ്തത്. മറ്റു കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ 6106 കേസുകളുണ്ടായി. 18,976 കേസുകള്‍ കേരളത്തില്‍പോയവര്‍ഷം രജിസ്റ്റര്‍ ചെയ്തു.

2016ല്‍ 1656 റേപ്പ് കേസുകളും തൊട്ടടുത്ത വര്‍ഷം 2003 കേസുകളും തുടര്‍വര്‍ഷങ്ങളില്‍ 2005, 2023, 1880, 2339, 2518 റേപ്പ് കേസുകളും റിപ്പോര്‍ട്ടു ചെയ്തു.
പീഡനപരാതികളില്‍ 2016ല്‍ 4029 കേസുകളാണുണ്ടായതെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ 4413, 4544, 4507, 3890, 4059, 4940 കേസുകള്‍ സംസ്ഥാനത്തുണ്ടായി.
തട്ടിക്കൊണ്ടുപോകലിന്റെ കണക്കുകള്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ പരിശോധിച്ചാല്‍ 2016ല്‍ 166 പേരെയാണെങ്കില്‍ 2017ല്‍ 184 പേരെയായി. തുടര്‍വര്‍ഷങ്ങളില്‍ 173, 227, 151, 179, 241 പേരെയും തട്ടിക്കൊണ്ടുപോയതായി സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 2016ല്‍ രജിസ്റ്റര്‍ ചെയ്തത് 328 കേസുകളാണ്. അടുത്ത വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 421, 461, 435, 504, 572 എന്നിങ്ങനെയായി.
സ്ത്രീധന മരണങ്ങള്‍ 2016ല്‍ 25 എണ്ണമായിരുന്നത് 2017ല്‍ 12 എണ്ണമായി ചുരുങ്ങിയെങ്കിലും അടുത്ത വര്‍ഷം 17 എണ്ണമായി വര്‍ധിച്ചു.
എന്നാല്‍ 2019ല്‍   എട്ടു കേസുകളും അടുത്ത വര്‍ഷം ആറു കേസുകളും 2021ല്‍ ഒന്പതുകേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ 11 സ്ത്രീധന മരണങ്ങളുണ്ടായി.
ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടേയും ക്രൂരതക്ക് ഇരയായ സ്ത്രീകളുടെ എണ്ണം 2016ല്‍ 3455 ആയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ 2856, 2046, 2970, 2707, 4997, 4998 എന്നിങ്ങനെയായിരുന്നു.
ഇതിനെല്ലാം പുറമെ സ്ത്രീകള്‍ക്കെതിരെയുണ്ടായ മറ്റു വിവിധ കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിക്കുന്‌പോള്‍ 2016ല്‍ 5455, അടുത്ത വര്‍ഷങ്ങളില്‍ 4374, 4397, 4123,3583, 4112,5663 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളം സ്ത്രീകള്‍ക്ക് ഏറെ സുരക്ഷിതമാണെന്ന് അധികാരികള്‍ തറപ്പിച്ചു പറയുമ്പോണ് കേരള പോലീസ് തന്നെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയതുകൊണ്ടാണ് കണക്കുകളില്‍ കുറവു തോന്നുന്നതെന്ന വാദം പോലീസ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് ഇതോ സ്ത്രീസുരക്ഷിത കേരളം എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
 

 

Latest News