Sorry, you need to enable JavaScript to visit this website.

സിനിമാ മേഖലയില്‍ നിക്ഷേപിക്കാന്‍ സൗദിയില്‍ പുതിയ ഫണ്ട്; അറബ് ഉള്ളടക്കം മെച്ചപ്പെടുത്തും

ജിദ്ദ - സിനിമാ നിര്‍മാണ, വിതരണ, വ്യവസായ മേഖലയില്‍ അറബ് ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ ബിഗ് ടൈം ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന പേരില്‍ പുതിയ നിധി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് വെളിപ്പെടുത്തി. അറബ് ലോകത്തെ ഏറ്റവും വലിയ കലാകാരന്മാരും താരങ്ങളും സിനിമാ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കമ്പനികളും ഫണ്ടില്‍ പങ്കാളിത്തം വഹിക്കും. മെയിന്‍ സ്‌പോണ്‍സറായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും സഹസ്‌പോണ്‍സറായി സാംസ്‌കാരിക മന്ത്രാലയവും ഫണ്ടില്‍ പങ്കാളികളാകും.

സില സ്റ്റുഡിയോ കമ്പനി, എസ്.എം.സി മീഡിയ കമ്പനി, അല്‍ആലമിയ കമ്പനി, റോട്ടാന ഓഡിയോ ആന്റ് വിഷ്വല്‍സ് കമ്പനി, ബെഞ്ച്മാര്‍ക്ക് കമ്പനി, പൈസ്‌ക്വയര്‍ ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളാണ് ഫണ്ടില്‍ പങ്കാളിത്തം വഹിക്കുക.

ആദ്യ ഘട്ടത്തില്‍ സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും അറബ് രാജ്യങ്ങളിലെയും പ്രധാന സിനിമകളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഫണ്ട് ലക്ഷ്യമിടുന്നതായും ഈജിപ്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ തുര്‍ക്കി ആലുശൈഖ് അറിയിച്ചു.

സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള വിനോദ, കലാ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പൊതു, സ്വകാര്യ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരുമായി ഈജിപ്ത് സന്ദര്‍ശനത്തിനിടെ തുര്‍ക്കി ആലുശൈഖ് കൂടിക്കാഴ്ചകള്‍ നടത്തും.

 

Latest News