Sorry, you need to enable JavaScript to visit this website.

ഇതാണ് അത്ഭുതം; സൗദി മലകളിലെ ഗുഹകൾ ആധുനിക റിസോർട്ടുകളാക്കി

ജിദ്ദ- പൂർവീകർ ഉപേക്ഷിച്ച മലമുകളിലെ ഗുഹകൾ ആധുനിക റിസോർട്ടുകളാക്കി മാറ്റി അത്ഭുതം സൃഷ്ടിച്ച് സൗദി പൗരൻമാർ. അൽബാഹയിലെ അൽമഖ്‌വ ഗവർണറേറ്റിലെ ഷാദ അൽജബലിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഗുഹകളാണ് ആധുനിക റിസോർട്ടുകളാക്കി മാറ്റിയത്. ഈ ഗുഹകളിൽ എല്ലാ തരത്തിലുള്ള സേവനങ്ങളും ഏർപ്പെടുത്തി ആധുനിക റിസോർട്ടുകളാക്കി മാറ്റുകയായിരുന്നു.  

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,700 മീറ്റർ ഉയരത്തിലുള്ള ഭീമാകാരമായ പർവതമാണ് ഷാദ അൽഅസ്ഫൽ.  ഈ മേഖല കൃഷിക്ക് പേരുകേട്ടതായിരുന്നു. ഗുഹകളുടെ പ്രശസ്തി വർദ്ധിക്കാൻ അതും കാരണമായി. അൽബഹ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇത് വൈകാതെ മാറി. ഗ്രാമീണ ടൂറിസത്തിലേക്ക് ആളുകൾ കൂടുതൽ എത്താൻ തുടങ്ങിയതോടെ ഇവയുടെ പ്രാധാന്യം കൂടുകയും ചെയ്തു.

പർവതത്തിന്റെയും അവിടെയുള്ള ഗുഹകളുടെയും സ്വഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്  റിസോർട്ടുകളുടെ ഉടമകളിലൊരാളായ അബ്ദുൾ റഹ്മാൻ നാസർ അൽ ഷദാവി വെളിപ്പെടുത്തി. ഗുഹകളിൽ താമസിക്കാൻ സൗദി അറേബ്യയുടെ അകത്തുനിന്നുള്ള വിനോദ സഞ്ചാരികൾ ഏറെ താൽപര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിവിംഗ് റൂമുകൾ, കിടപ്പുമുറികൾ, അടുക്കളകൾ, വിശ്രമമുറികൾ എന്നിവ ഗുഹക്കകത്ത് സജ്ജീകരിച്ചിട്ടുണ്ട്. റിസോർട്ടുകളിലേക്ക് നടപ്പാതയുമുണ്ട്. അൽ അസ്ഫൽ പർവ്വതത്തിൽ നിലവിൽ പത്തു ടൂറിസ്റ്റ് ഗുഹകളുണ്ട്. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ആവശ്യമുള്ളതെല്ലാം ഇവിടെ സജ്ജീകരിച്ചിരിച്ചിരിക്കുന്നു. പൊള്ളയായ പാറകളിൽ സംഭരിക്കുന്ന മഴവെള്ളത്തിൽ നിന്നാണ് റിസോർട്ടുകളിലെ ജലസ്രോതസ്സെന്നും ജലപ്രവാഹത്തിനും വെള്ളച്ചാട്ടങ്ങൾക്കും പാറകളിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
 

Latest News