Sorry, you need to enable JavaScript to visit this website.

സി.പി.എം വിമതൻ സി.ഒ.ടി നസീർ കോൺഗ്രസിലേക്ക്

സി.ഒ.ടി നസീർ രാഹുൽ മാക്കൂട്ടത്തിനൊപ്പം.


തലശ്ശേരി-  സി.പി.എം വിമതനായ സി.ഒ.ടി നസീർ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. തലശ്ശേരിയിലെ മുൻ സി.പി.എം പ്രാദേശിക നേതാവു കൂടിയായ നസീർ കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാക്കൂട്ടത്തിലുമായി ചർച്ച നടത്തി. ആദ്യഘട്ട ചർച്ച വിജയകരമായിരുന്നെന്ന് നസീർ പറഞ്ഞു. ബി.ജെ.പിയുമായി പൊരുതാൻ പറ്റിയ പാർട്ടി കോൺഗ്രസ് തന്നെയാണെന്നും സി.പി.എമ്മിൽ പോകുന്നതിലും നല്ലത് കോൺഗ്രസിൽ ചേരുന്നതാണ് ഉചിതമെന്നും നസീർ മലയാളം ന്യൂസിനോട് പറഞ്ഞു. കോൺഗ്രസുമായി നടത്തിയ ആദ്യഘട്ട ചർച്ച വിജയം കണ്ടതായും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം തലശ്ശേരി ലോക്കൽ കമ്മറ്റിയംഗമായിരുന്ന നസീർ നേരത്തെ സി.പി.എം ടിക്കറ്റിൽ മത്സരിച്ച് തലശ്ശേരി നഗരസസഭാ കൗൺസിലറായും പ്രവർത്തിച്ചിരുന്നു. പിന്നീട് സി.പി.എമ്മിലെ നയവ്യതിയാനങ്ങൾക്കെതിരെ  പടവാളെടുത്ത നസീർ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കമുള്ളവരുടെ മുന്നിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പേരിൽ നസീറിന്റെ പാസ്‌പോർട്ട് പോലും പുതുക്കന്നതിനെതിരെ പാർട്ടി ഉടക്ക് വെച്ചു. വിദേശത്ത് ബിസിനസ് നടത്തുന്ന നസീറിന്റെ വിദേശയാത്ര ഇത് മൂലം  ഏറെ കാലം  തടസ്സപ്പെട്ടിരുന്നു. 
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട കേസിലെ പ്രതി കൂടിയാണ് സി.ഒ.ടി  നസീർ. കേസിൽ  80 -ാം പ്രതിയായിരുന്ന  നസീറിനെ  കണ്ണൂർ സെഷൻസ് കോടതി രണ്ടുവർഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. കേസിലെ  107 പ്രതികളെയും വെറുതെ വിട്ടതിനെ ചോദ്യം ചെയ്തും തന്നെ എന്തുകൊണ്ട് ശിക്ഷിച്ചെന്നുമുള്ള കാരണങ്ങൾ നിരത്തി പിന്നീട് നസീർ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപ്പീലും സമർപ്പിച്ചിരുന്നു. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് നസീറിന്റെ കേസ് വാദിക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടിരുന്നില്ല. തുടർന്ന് സ്വന്തം നിലയിൽ തന്നെ നസീർ കേസ് നടത്തുകയായിരുന്നു. താൻ നിരപരാധിയാണെന്നും പാർട്ടി നേതൃത്വം തന്നെ കേസിൽ കുടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി നസീർ ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ട് മാപ്പ് പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. സി.പി.എമ്മിൽ നിന്ന്  പുറത്താക്കപ്പെട്ടതിനെ തുടർന്ന് തലശ്ശേരി നിയമസഭാ മണ്ഡലത്തിലും വടകര ലോക്‌സഭാ മണ്ഡലത്തിലും സി.പി.എമ്മിനെതിരേ സ്വതന്ത്ര സ്ഥാനാർഥിയായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. ഇതിനിടെ നസീറിന് നേരെ വധശ്രമവും നടന്നിരുന്നു. തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് നടന്ന അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ മാസങ്ങളോളം ചികിത്സയിലായിരുന്നു. തലശ്ശേരി മണ്ഡലത്തിലെ ജനപ്രതിനിധിയായ ഇന്നത്തെ സ്പീക്കർ എ.എൻ ഷംസീറാണ് തന്നെ ആക്രമിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് നസീർ ആരോപിച്ചതും ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് ഇടനൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നസീർ ഹൈക്കോടതിയെ  സമീപിച്ചിരുന്നു. നസീറിന്റെ പുതിയ രാഷ്ട്രീയ തീരുമാനത്തിന് പിന്നിൽ  കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അനുഗ്രഹാശിസ്സുകളുണ്ടെന്നും പറയപ്പെടുന്നു. 

Latest News