Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്ക്

ഗാസ- റഫയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ അല്‍ജസീറയുടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

റിപ്പോര്‍ട്ടര്‍ ഇസ്മാഈല്‍ അബു ഒമര്‍, ക്യാമറാമാന്‍ അഹമ്മദ് മതര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇസ്രായില്‍ ഡ്രോണ്‍ ഇവരെ ലക്ഷ്യംവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അല്‍ജസീറ കുറ്റപ്പെടുത്തി.

വലത് കാല്‍ മുറിച്ചുമാറ്റിയ റിപ്പോര്‍ട്ടര്‍ ഇസ്മായില്‍ അബു ഒമറിന്റെ ജീവന്‍ അപകടത്തിലാണെന്നും ഇടതുകാല്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാരെന്നും എമര്‍ജന്‍സി ഫിസിഷ്യനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഹ്‌മദ് മതറും ഗുരുതരാവസ്ഥയിലാണ്. 

മൊറാജ് മേഖലയില്‍ ഇസ്രായില്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസയില്‍ ഹമാസിനെതിരായ ഇസ്രായില്‍ യുദ്ധത്തില്‍ മറ്റ് രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍-ദഹ്ദൂഹിന് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ മാസം മറ്റൊരു വീഡിയോ ജേണലിസ്റ്റായ മുസ്തഫ തുരിയയ്ക്കൊപ്പം ഇസ്രായേല്‍ സൈന്യം ഒരു കാറിനെ ലക്ഷ്യമിട്ടപ്പോള്‍ വെയ്ല്‍ അല്‍ ദഹ്ദൂഹിന്റെ മകനും സഹ പത്രപ്രവര്‍ത്തകനുമായ ഹംസ വാല്‍ അല്‍-ദഹ്ദൂഹ് കൊല്ലപ്പെട്ടിരുന്നു.

ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ നെറ്റ്വര്‍ക്കിന്റെ ക്യാമറാമാന്‍ സമീര്‍ അബു ദഖ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബര്‍ 7ന് ആക്രമണം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 85 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതില്‍ 78 പേര്‍ ഫലസ്തീനികളാണ്.

Latest News