Sorry, you need to enable JavaScript to visit this website.

ആദ്യമായി വിനായകന്‍- സുരാജ് സിനിമ തെക്ക് വടക്ക്

കൊച്ചി- രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. 'തെക്ക് വടക്ക്' എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂര്‍ ശ്രീ തിരുപുരായ്ക്കല്‍ ദേവിക്ഷേത്രത്തില്‍ നടന്നു. 

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യരംഗത്തു പ്രശസ്തനായ പ്രേം ശങ്കറാണ്. എസ്. ഹരീഷിന്റെ 'രാത്രികാവല്‍' എന്ന കഥയില്‍ നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. 

മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന്‍ വി. എ ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്. വിക്രം വേദ, കൈതി, ഒടിയന്‍, ആര്‍ഡിഎക്‌സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി. എസിന്റേതാണ് സംഗീതം.

പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടിയ വിനായകനും അതുല്യമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയവരാണ്. ഇവര്‍ ഒന്നിക്കുന്ന സിനിമയുടെ കഥയെ പറ്റി അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കുന്നില്ല.

നവമലയാള സാഹിത്യത്തിലെ പ്രശസ്തനായ എസ്. ഹരീഷ് ഇതിനു മുന്‍പ് ഏദന്‍, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. 2017ല്‍ ഐഎഫ്എഫ്‌കെയില്‍ മത്സര ചിത്രമായിരുന്ന ''രണ്ടു പേര്‍'' സംവിധാനം ചെയ്തത് പ്രേം ശങ്കറായിരുന്നു. ഒഗിള്‍വി, ഗ്രേ, ഫിഷ്‌ഐ, മെക്കാന്‍, പുഷ് 360 തുടങ്ങിയ പരസ്യ ഏജന്‍സികളില്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ബ്രിട്ടാണിയ, ഐടിസി, ടിവിഎസ്, ലിവൈസ്, റാംഗ്ലര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കായി പരസ്യ ചിത്രങ്ങള്‍ പ്രേം ശങ്കര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

കുറ്റവും ശിക്ഷയും, വലിയ പെരുന്നാള്‍, കിസ്മത്ത്, വേല തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായിരുന്ന  സുരേഷ് രാജന്‍ രോമാഞ്ചം, റോഷാക്ക് തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ കിരണ്‍ ദാസ് തുടങ്ങിയവരും അണിയറയിലുണ്ട്. 

അന്‍ജന- വാര്‍സ് സംയുക്ത നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച കഥയാണ് കാര്യം എന്ന പരമ്പരയിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. സാഹിത്യം, നടന്ന സംഭവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അഞ്ചു സിനിമകളാണ് ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. രണ്ടു വ്യക്തികളും അവരുടെ അസാധാരണ ബന്ധവുമാണ് ആദ്യ സിനിമയുടെ കഥാപരിസരമെന്ന് നിര്‍മ്മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.

''മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളാണ് തെക്ക് വടക്കിലൂടെ സ്‌ക്രീനില്‍ ഒന്നിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്നു എന്നത് ഏറെ ആകാംഷ ഉയര്‍ത്തുന്നതാണ്. ചിരിയുടെ പരിസരത്താണ് ഇവരുടെ കഥാപാത്രങ്ങള്‍ എന്നത് പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കും,'' നിര്‍മ്മാതാവ് വി. എ ശ്രീകുമാര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ നിന്നുള്ള മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും നിര്‍മ്മാണ പങ്കാളിയാണ്.

പാലക്കാട് മാര്‍ച്ച് മാസം സിനിമയുടെ ചിത്രീകരണം നടക്കും.

Latest News