Sorry, you need to enable JavaScript to visit this website.

സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നവാസ് ശരീഫ് ചര്‍ച്ച തുടങ്ങി; പി.പി.പി പിന്തുണക്കുമെന്ന് സൂചന

ലാഹോര്‍- പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുക്കാല്‍ ഭാഗവും ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷി തന്റേതാണെന്ന പ്രഖ്യാപനവുമായി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്.
വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പോളിംഗ് അവസാനിച്ച് 24 മണിക്കൂറിന് ശേഷം 265 സീറ്റുകളില്‍ മുക്കാല്‍ ഭാഗത്തിലും ഫലം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
ജയിലിലടച്ച മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതായി ഫലങ്ങള്‍ കാണിക്കുന്നത്. 225 ല്‍ 92 സീറ്റുകള്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രര്‍ നേടിയെന്നാണ് വൈകുന്നേരത്തെ കണക്ക്.
ശരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍എന്‍) 64 സീറ്റുകള്‍ നേടിയപ്പോള്‍ കൊല്ലപ്പെട്ട പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 50 സീറ്റുകള്‍ നേടി.
ബാക്കി സീറ്റുകളില്‍ ചെറുപാര്‍ട്ടികളും മറ്റ് സ്വതന്ത്രരും വിജയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പാകിസ്ഥാന്‍ മുസ്ലീം ലീഗാണെന്നും ഈ രാജ്യത്തെ ചുഴലിക്കാറ്റില്‍ നിന്ന് കരകയറ്റേണ്ടത് തങ്ങളുടെ കടമയാണെന്നും  ലാഹോറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശരീഫ് പറഞ്ഞു.
സ്വതന്ത്രരായാലും പാര്‍ട്ടികളായാലും ജനവിധിയെ  മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  മുറിവേറ്റ ഈ രാജ്യത്തെ തിരികെ കൊണ്ടുവരാന്‍ ഞങ്ങളോടൊപ്പം ഇരിക്കാന്‍ അവരെ ക്ഷണിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി ഭൂരിപക്ഷം നേടാനാണ് തന്റെ പാര്‍ട്ടി ആഗ്രഹിച്ചതെന്നും എന്നാല്‍ അതിന്റെ അഭാവത്തില്‍ പിപിപിയുടെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉള്‍പ്പെടെയുള്ളവരുമായി വെള്ളിയാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ശരീഫ് പറഞ്ഞു.
ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് ഫലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇംറാന്‍ ഖാനെ ശനിയാഴ്ച ജയിലില്‍ സന്ദര്‍ശിക്കുമെന്നും ഇംറാന്‍ ഖാന്റെ മുതിര്‍ന്ന സഹായിയെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest News