Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ സമരകേരളം

ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും കുടികൊള്ളുന്നത് അതിന്റെ ഫെഡറൽ സ്വഭാവത്തിലാണ്. കേന്ദ്രത്തിൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള പല നടപടികളും ഫെഡറൽ ഘടനക്കെതിരായ വെല്ലുവിളിയായി മാറുന്നത് മതേതര, ജനാധിപത്യ സമൂഹം ആശങ്കയോടെയാണ് കാണുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനങ്ങളെ സാമ്പത്തിക സമ്മർദത്തിലാക്കുന്ന മോഡി തന്ത്രങ്ങൾ ഇപ്പോൾ എല്ലാ പരിധിയും വിടുകയാണ്. സാമ്പത്തിക ഫെഡറലിസത്തെ അപകടപ്പെടുത്താനുള്ള നീക്കങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്.

 

അസാധാരണവും അഭൂതപൂർവവുമായ ഒരു സമരത്തിനാണ് ദൽഹി ഇന്നലെ സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നു സംസ്ഥാന മുഖ്യമന്ത്രിമാരും ഒരു മുൻമുഖ്യമന്ത്രിയും നിരവധി മന്ത്രിമാരും അണിനിരന്ന് കേന്ദ്രസർക്കാരിനെതിരെ ഒരു കുറ്റപത്രം വായിച്ചു. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ചില പ്രദേശങ്ങൾ വിവേചനം നേരിടുന്നുവെന്നും അതിന്റെ കാരണം രാഷ്ട്രീയമാണെന്നുമായിരുന്നു ആ കുറ്റപത്രത്തിന്റെ ഉള്ളടക്കം. അപകടകരമായ കേന്ദ്രസമീപനങ്ങൾക്കെതിരായ താക്കീതായി മാറി ആ സമരം.
തൊട്ടുമുമ്പത്തെ ദിവസമാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ഇതേ സ്ഥലത്ത് ഇതേ ആവശ്യങ്ങളുയർത്തി സമരം ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിന്റെ സമരത്തിന് എത്തിയില്ലെങ്കിലും ഐക്യദാർഢ്യവുമായി മന്ത്രിസഭയിലെ ഒരംഗത്തെ അയച്ചു. ബി.ജെ.പിയോട് പുറംതിരിഞ്ഞുനിൽക്കുന്ന ദക്ഷിണേന്ത്യയോട് കേന്ദ്രസർക്കാർ കടുത്ത സാമ്പത്തിക വിവേചനം കാണിക്കുന്നുവെന്ന സത്യം ഇതോടെ ശക്തമായി പ്രകടിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇത് ഇനിയും സഹിക്കാൻ തയാറല്ല എന്ന സന്ദേശമാണ് മുഖ്യമന്ത്രിമാർ നൽകുന്നത്. 
ദേശീയ ഐക്യത്തിന്റെ ഭീഷണി മുഴക്കി ഈ സമര സന്ദേശത്തെ കളങ്കിതമാക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോഡി തന്നെ പാർലമെന്റിൽ ശ്രമിച്ചു. ദക്ഷിണേന്ത്യയുടേത് വിഭജന സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനെ ഇന്നലത്തെ സമരത്തിൽ പിണറായി വിജയൻ ശക്തമായി ഖണ്ഡിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും അനുപേക്ഷണീയം ഫെഡറലിസവും മതനിരപേക്ഷതയുമാണെന്നും അത് നിലനിർത്താനാണ് ഈ സമരമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും കുടികൊള്ളുന്നത് അതിന്റെ ഫെഡറൽ സ്വഭാവത്തിലാണെന്ന് രാഷ്ട്രീയ വിശാരദന്മാരും പൊളിറ്റിക്കൽ എക്കണോമിസ്റ്റുകളും ഒരുപോലെ സമ്മതിച്ചിട്ടുള്ള യാഥാർഥ്യമാണ്. ശക്തമായ കേന്ദ്ര സർക്കാരും സ്വയംപര്യാപ്തരായ സംസ്ഥാനങ്ങളുമെന്ന രാഷ്ട്രവിഭാവനം ഇന്ത്യ പോലെ വൈവിധ്യങ്ങളുടെ സമന്വയമായ രാജ്യത്തെ സംബന്ധിച്ച് അങ്ങേയറ്റം അർഥപൂർണവുമാണ്. വ്യത്യസ്ത ഭാഷകളും ജനപദങ്ങളും സാമ്പത്തികാശ്രയ രീതികളും കൈമുതലായുള്ള ഒരു രാജ്യത്തെ ഏകശിലാരൂപമായ ഒരു നിയമത്തിന്റെയോ തത്ത്വങ്ങളുടേയോ അടിസ്ഥാനത്തിൽ ഭരിക്കാനാവില്ലെന്ന് നമ്മുടെ ഭരണഘടനാ ശിൽപികൾ ദീർഘദർശനം ചെയ്തു. സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം അതിനാൽ തന്നെ രാഷ്ട്രസ്ഥാപനത്തിലെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു. 
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ അവയുടെ സാമ്പത്തിക നിലനിൽപും സംസ്‌കാരവും തൊഴിൽ പാരമ്പര്യവുമെല്ലാം സംരക്ഷിക്കുന്ന വിഭജനങ്ങളായി അതു മാറി. രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണത്തിന് ഈ ഫെഡറൽ സ്വഭാവം ക്രിയാത്മകമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തു.
എപ്പോഴൊക്കെ രാജ്യത്തിന്റെ ഫെഡറലിസം വെല്ലുവിളി നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യമൊന്നാകെ അതിനെതിരെ പ്രതിരോധത്തിന്റെ പടയണി തീർത്തിട്ടുണ്ട്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ ഇംഗിതത്തിന് മാത്രം വഴങ്ങി, സംസ്ഥാനങ്ങൾക്ക് നിലനിൽക്കാൻ പറ്റുന്ന അന്തരീക്ഷം ഇല്ലായ്മ ചെയ്യലാണ് വാസ്തവത്തിൽ ഈ സമ്പ്രദായത്തിലൂടെ നാം നേടിയ വലിയൊരു നേട്ടം. ജനാധിപത്യം കാഴ്ചവസ്തുവല്ലെന്നും അതിന്റെ അർഥപൂർണമായ പ്രയോഗവത്കരണത്തിന് ഫെഡറലിസം അനിവാര്യമാണെന്നും നാം കരുതി. അതിനാൽ തന്നെ അതിന്റെ അന്തസ്സാരം കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെ പോകാനും നാം തയാറായി. 
ശ്രീലങ്കയോ പാക്കിസ്ഥാനോ ബംഗ്ലാദേശോ പോലെ ഏകശിലാഘടനയുള്ള ഒരു ജനതയല്ല നമ്മുടേത്. പ്രവിശാലമായ രാജ്യം വ്യത്യസ്തമായ ജാതി മത ഭാഷാ വൈജാത്യങ്ങൾക്ക് വിധേയമാണ്. ചിലേടത്ത് സാമ്പത്തിക വ്യവസ്ഥയെ ചലിപ്പിക്കുന്നത് കൃഷിയാണെങ്കിൽ മറ്റിടത്ത് വ്യവസായമാണ്. ചിലേടത്ത് വ്യാപാരം. മറ്റു ചിലേടത്ത് ചെറുകിട വ്യവസായം. ഇങ്ങനെ വ്യത്യസ്തമായ തൊഴിലിടങ്ങളും സാമ്പത്തിക ചലനങ്ങളും. ഇവയെയെല്ലാം അംഗീകരിക്കാനും ഒരുമിച്ചുകൊണ്ടുപോകാനും ഫലപ്രദമായ മാർഗം അവയുടെയെല്ലാം സ്വത്വം അംഗീകരിക്കുന്ന ഒരു ഭരണസമ്പ്രദായമല്ലാതെ മറ്റൊന്നുമല്ല.
ഫെഡറൽ സമ്പ്രദായം പലപ്പോഴും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ അത് പ്രകടമായി കണ്ടത് ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനമെടുത്തപ്പോഴായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് അത് നിർണായകമായ ചോദ്യങ്ങളുയർത്തി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭയുടെ അനുമതിയില്ലാതെ ആ സംസ്ഥാനത്തെ വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്. 
ഇന്ത്യൻ ഭരണഘടനാശിൽപികളും സംസ്ഥാനരൂപീകരണത്തെക്കുറിച്ചും പുനഃക്രമീകരണങ്ങളെക്കുറിച്ചും വിശദമായി പഠിക്കുകയും അതിന്റെ ഫലമായി പ്രത്യേകമായ വകുപ്പ് രൂപീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ മൂന്നാം വകുപ്പ് ഇക്കാര്യത്തിൽ വിശദമായ ഉൾക്കാഴ്ചയാണ് നൽകുന്നത്. ഇന്ന് മറ്റു വിധത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാനും പ്രതിരോധം തീർക്കാനും ജനാധിപത്യവാദികൾക്ക് ആകേണ്ടിയിരിക്കുന്നു.
കേന്ദ്രത്തിൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള പല നടപടികളും ഫെഡറൽ ഘടനക്കെതിരായ വെല്ലുവിളിയായി മാറുന്നത് മതേതര, ജനാധിപത്യ സമൂഹം ആശങ്കയോടെയാണ് കാണുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാനങ്ങളെ സാമ്പത്തിക സമ്മർദത്തിലാക്കുന്ന മോഡി തന്ത്രങ്ങൾ ഇപ്പോൾ എല്ലാ പരിധിയും വിടുകയാണ്. നോട്ട് നിരോധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനെതിരായ റിസർവ് ബാങ്കിന്റേയും മറ്റും നടപടികളിൽ തുടങ്ങിയതാണത്. രാഷ്ട്രീയമായി മേൽക്കൈ നേടാൻ സാധിക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി നിയന്ത്രിച്ചും ആശ്രിതരാക്കി മാറ്റിയും സമ്മർദത്തിലാഴ്ത്തുകയെന്ന തന്ത്രം കുറച്ചുനാളായി കേന്ദ്രം പയറ്റുന്നുണ്ട്. ഇത്തരം സാമ്പത്തിക തന്ത്രങ്ങളുടെ ഉദാഹരണമാണ് ചരക്കു സേവന നികുതി.
നികുതികളുടെ ബഹുതലസ്വഭാവം അവസാനിപ്പിച്ച് രാജ്യത്തിനുടനീളം ബാധകമായ ഒറ്റനികുതിയെന്ന സങ്കൽപമാണ് ജി.എസ്.ടിക്ക് പിന്നിൽ. ഈ അടിസ്ഥാന സങ്കൽപം തന്നെ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഒരു നികുതി, ഒരു വിപണി എന്ന സങ്കൽപം തന്നെ സംസ്ഥാനങ്ങളുടെ സ്വാശ്രയ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജി.എസ്.ടിയിൽനിന്ന് മുന്നോട്ടുപോയി ഇന്ന് പല വിധത്തിലും കേന്ദ്രം സംസ്ഥാനങ്ങളെ ഞെരുക്കുകയാണ്. ജി.എസ്.ടിയുടെ ശരിയായ വിഹിതം നൽകുന്നില്ല. ക്ഷേമപദ്ധതികൾക്ക് പണം നൽകുന്നില്ല. പ്രളയകാലത്ത് യു.എ.ഇയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ കേരളത്തെ അനുവദിച്ചില്ല. നടപ്പാക്കുന്ന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ ബ്രാൻഡ് നെയിം കൊടുക്കാൻ നിർബന്ധിക്കുന്നു. വായ്പാ പരിധി ഉയർത്തുന്നില്ല, ഇതിനൊക്കെ അപ്പുറത്ത് ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നു. 
രാജ്യത്തിന്റെ സാമ്പത്തിക ഫെഡറലിസത്തെ അപകടപ്പെടുത്താനുള്ള നീക്കങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. സംസ്ഥാനങ്ങളെ ആശ്രിതരാക്കി മാറ്റി സാമ്പത്തിക സ്വയംപര്യാപ്തത ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സാമ്പത്തികമായി ഞെരുക്കി സംസ്ഥാനങ്ങളെ വരുതിക്ക് വരുത്താനുള്ള നീക്കം നമ്മുടെ ഫെഡറൽ ഘടനയുടെ മരണമണിയാകാതിരാക്കാൻ എപ്പോഴും ഉണർന്നിരിക്കുന്ന ജനാധിപത്യബോധം നാം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.

Latest News