ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യയും
സർവീസ് ഈ മാസം അവസാനം
കൊണ്ടോട്ടി- കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള സൗദി എയർലൈൻസിന്റെ വിമാന ഷെഡ്യൂൾ വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും. കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ വലിയ വിമാന സർവ്വീസുകളാണ് സൗദി എയർലൈൻസ് നടത്താനൊരുങ്ങുന്നത്. ഡി.ജി.സി.എയുടെ അനുമതിയും, സമയസ്ലോട്ട് അംഗീകരിച്ചുള്ള വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചതോടെ വിമാന സമയ ഷെഡ്യൂൾ ക്രമീകരണം നടന്നുവരികയാണ്. ഈ മാസം ഏഴിനോ (വെള്ളി), പത്തിനോ സർവ്വീസ് പ്രഖ്യാപനമുണ്ടാകും. ഇതോടൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗും ആരംഭിക്കും.
ഷെഡ്യൂൾ പ്രഖ്യാപിച്ചാൽ സാങ്കേതിക തടസ്സമില്ലെങ്കിൽ ഈ മാസം 29നകം സർവ്വീസ് ആരംഭിക്കാനാകും.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ ഏഴ് സർവ്വീസുകളാണ് കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസ് നടത്തുക. ഇതിൽ അഞ്ച് സർവ്വീസുകൾ ജിദ്ദയിലേക്കും രണ്ട് സർവ്വീസുകൾ റിയാദിലേക്കുമായിരിക്കും. സൗദി എയർലൈൻസിന്റെ ബോയിംഗ് 777-200, എയർബസ് 330-300 ഇനത്തിൽപെട്ട വിമാനങ്ങളാണ് സർവ്വീസിനെത്തുക. പകൽ സമയത്താണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള എയർ ഇന്ത്യയുടെ സർവ്വീസുകളും അടുത്തമാസം ആരംഭിക്കും. വിമാന സമയ ഷെഡ്യൂൾ ക്രമീകരിച്ചുവരികയാണ്. അടുത്ത മാസമായിരിക്കും എയർഇന്ത്യ സർവ്വീസ് ആരംഭിക്കുക.
കരിപ്പൂരിൽ 2015 ഏപ്രിൽ 30ന് റൺവേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷമാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകുന്നത്. ഇത് മലബാറിലെ സൗദി പ്രവാസികളുടെയും ഉംറ, ഹജ് തീർത്ഥാടകരുടെയും പ്രതീക്ഷയാണ്. റിയാദിലേക്കും, ദമാമിലേക്കും നിലവിൽ എയർഇന്ത്യ എക്‌സ്പ്രസിന്റെ സർവ്വീസുകളുണ്ട്. എന്നാൽ ചെറിയ വിമാനങ്ങൾക്ക് ഇടത്താവളമില്ലാതെ നേരിട്ട് പറക്കാൻ കഴിയാത്തതിനാൽ ജിദ്ദ സർവ്വീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. എയർഇന്ത്യ 2002 മുതലും സൗദി എയർലെൻസ് 2009 മുതലുമാണ് കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് സർവ്വീസ് തുടങ്ങിയത്.