Sorry, you need to enable JavaScript to visit this website.

പ്രവാസി വരുമാന ഇടിവിൽ വിറങ്ങലിക്കുന്ന കേരളം

 

കേരളത്തിന്റെ പ്രവാസി വരുമാനത്തിൽ കുറവ് സംഭവിക്കാൻ കാരണം അവരുടെ മടങ്ങിവരവും ഗൾഫിൽ നിലവിലുള്ളവരുടെ ജീവിത ചെലവ് കൂടിയതും മാത്രമല്ല,  വിദേശ രാജ്യങ്ങളിൽ സ്ഥിര താമസമാക്കാനുള്ള പുതിയ തലമുറയുടെ താൽപര്യം കൂടിയതുമാണ്. 2018-19ൽ 24 ലക്ഷം മലയാളികൾ പ്രവാസ ലോകത്തുണ്ടായിരുന്നത് 2022-23ൽ 21.21 ലക്ഷമായി കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ലോകത്തിലെ 195 രാജ്യങ്ങളിൽ 182ലും ഇപ്പോഴും മലയാളികളുണ്ട്.


കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. സംസ്ഥാന ധനമന്ത്രിയുടെ ബജറ്റ് അവതരണം അതു വിളിച്ചറിയിക്കുന്നതായിരുന്നു. ഘടക കക്ഷി മന്ത്രിമാർ വരെ അർഹിക്കുന്ന വിഹിതം ലഭിച്ചില്ലെന്നതിന്റെ പേരിൽ പ്രതിഷേധത്തിലാണ്. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാണ്. എല്ലാത്തിനും കാരണം കേന്ദ്ര അവഗണനയാണെന്നാണ് പറയുന്നത്. അതിന്റെ പേരിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദൽഹിയിൽ ഇന്നലെ സമരവും സംഘടിപ്പിച്ചു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരളം ഒരു പരിധിവരെ പിടിച്ചു  നിന്നിരുന്നത് പ്രവാസികളുടെ വരുമാനം കൊണ്ടായിരുന്നു. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു പ്രവാസികൾ. അവരുടെ പണത്തിന്റെ ഒഴുക്ക് കേരളത്തെ സമ്പന്നമാക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചിരുന്നത്. അതിനും ഇപ്പോൾ  ഇടിവു സംഭവിച്ചിരിക്കുകയാണ്. ഇതും കേരള സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വർധിപ്പിച്ചിട്ടുണ്ട്. പ്രവാസി വരുമാനത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. ആ സ്ഥാനം ഇപ്പോൾ മഹാരാഷ്ട്രക്കാണ്. രണ്ടാം സ്ഥാനമാണ് കേരളത്തിന്. 

ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. 1.8 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളതെന്നാണ് കണക്ക്. ഇവരിലൂടെ പ്രതിവർഷം ഇന്ത്യക്ക് ഏകദേശം ഏഴ് ലക്ഷം കോടി (8215 കോടി ഡോളർ) രൂപയാണ് വരുമാനം. ഇതിൽ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ചുരുങ്ങി. അഞ്ചു വർഷം മുൻപ് 19 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. അതേസമയം മഹാരാഷ്ട്രയുടെ വിഹിതം 16.7 ശതമാനത്തിൽനിന്ന് 35.2 ശതമാനമായി ഉയർന്നു. അഞ്ചു വർഷം മുൻപ് ഇന്ത്യയുടെ എൻ.ആർ.ഐ നിക്ഷേപത്തിൽ 50 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു. അതിപ്പോൾ 30 ശതമാനമായി കുറഞ്ഞു. ഇതിൽ കൂടുതൽ യു.എ.ഇയുടെ സംഭാവനയായിരുന്നു. യു.എ.ഇയിൽനിന്നുള്ള എൻ.ആർ.ഐ നിക്ഷേപം 26.9 ശതമാനത്തിൽനിന്ന് 18 ശതമാനമായാണ് കുറഞ്ഞത്. സൗദിയിൽനിന്നുള്ള നിക്ഷേപം 11.6 ശതമാനത്തിൽനിന്ന് 5.1 ശതമാനമായും ഇടിഞ്ഞു. കോവിഡ് ഉൾപ്പടെ വിവിധ കാരണങ്ങളാൽ, പ്രത്യേകിച്ച ഗൾഫ് നാടുകൡനിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കമാണ് വരുമാനം കുറയാൻ ഇടയാക്കിയത്. നിലവിൽ ഇന്ത്യയുടെ എൻ.ആർ.ഐ റമിറ്റൻസിന്റെ 36 ശതമാനവും അമേരിക്ക, യു.കെ, സിംഗപ്പൂർ രാജ്യങ്ങളിൽനിന്നുമാണ്. 

കേരളത്തിന്റെ പ്രവാസി വരുമാനത്തിൽ കുറവ് സംഭവിക്കാൻ കാരണം അവരുടെ മടങ്ങി വരവും ഗൾഫിൽ നിലവിലുള്ളവരുടെ ജീവിത ചെലവ് കൂടിയതും മാത്രമല്ല, വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കാനുള്ള പുതിയ തലമുറയുടെ താൽപര്യം കൂടിയതുമാണ്. 2018-19ൽ 24 ലക്ഷം മലയാളികൾ പ്രവാസ ലോകത്തുണ്ടായിരുന്നത് 2022-23ൽ 21.21 ലക്ഷമായി കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ലോകത്തിലെ 195 രാജ്യങ്ങളിൽ 182ലും ഇപ്പോഴും മലയാളികളുണ്ട്. ഇതിൽ നാലര ലക്ഷത്തോളം പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുപ്രകാരം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഫലസ്തീനിൽ പോലും അഞ്ചുപേർ ജോലി ചെയ്യുന്നുണ്ട്. ഇസ്രായിലിലാകട്ടെ 1,036 പേരുമുണ്ട്. ഇതു നോർക്ക രജിസ്‌ട്രേഷൻ ഉള്ളവരുടെ കണക്കുമാത്രം. രജിസ്റ്റർ ചെയ്യാത്തവരായ നൂറു കണക്കിനു പേർ വേറെയുമുണ്ട്. പത്തു ലക്ഷത്തിലേറെ മലയാളികളുള്ള സൗദി അറേബ്യയിൽ നോർക്കയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 54,000 ഓളം പേർ മാത്രമാണ്. 
പ്രവാസികളുടെ മടങ്ങി വരവ് കേരളത്തിന്റെ സാമ്പത്തിക വരുമാനത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി ഇന്ത്യയുടെ ജി.ഡി.പി സൂചികയിൽ മുന്നിട്ടു നിന്നിരുന്നത് കേരളമായിരുന്നു. കാരണം കേരളത്തിന്റെ ജിഡിപിയുടെ ഏതാണ്ട് 20 ശതമാനം പ്രവാസികളുടെ സംഭാവനയായിരുന്നു.  ഇന്നിപ്പോൾ വരുമാനത്തിൽ കുറവുണ്ടായെന്നു മാത്രമല്ല, കേരളത്തിന്റെ പണം പുറത്തേക്ക് പോകുന്നത് ശക്തിപ്പെടുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ യുവ തലമുറ പഠനത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോൾ കേരളത്തിന്റെ യുവത്വവും ബുദ്ധിയും മാത്രമല്ല, സമ്പത്തുമാണ് നഷ്ടമാകുന്നത്. പ്രതിവർഷം അരലക്ഷത്തോളം കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നുണ്ട്. ഈയിനത്തിൽ പ്രതിവർഷം കേരളത്തിനു നഷ്ടമാകുന്നത് ഒരു ലക്ഷത്തോളം കോടി രൂപയാണ്. ഇങ്ങനെ പോകുന്ന കുട്ടികളിൽ അധികപേരും പഠനം കഴിഞ്ഞ്  എന്തെങ്കിലും ജോലി സംഘടിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയാണ്.  ഗൾഫ് രാജ്യങ്ങളിലേക്ക് പോയവരിൽ പലരും പതിറ്റാണ്ടുകൾ പിന്നിട്ടും സംസ്ഥാനത്തേക്ക് മടങ്ങി വന്നപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോയവരിൽ ബഹുഭൂരിഭാഗവും അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഈ ചിന്താഗതിക്ക് ഇപ്പോൾ ആക്കം കൂടിയിരിക്കുകയുമാണ്. ഇതോടെ കേരളം സാമ്പത്തിക സ്ഥിതിയിൽ മാത്രമല്ല, യുവത്വത്തിന്റെ കരുത്തിലും പിന്നിലാവുകയാണ്.  കേരള ജനസംഖ്യയിൽ ഇപ്പോൾ തന്നെ 15 ശതമാനത്തിലേറെയാണ് വൃദ്ധർ. അതു താമസിയാതെ 25 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിലെ കോളേജുകളിൽ പലതിനും പഠനത്തിനു കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. എം.ജി സർവകലാശാലയിലെ കോളേജുകളിൽ 40 ശതമാനം സീറ്റുകളാണ് ഒഴിവ്. കേരളയിൽ ഇത് 25 ശതമാനവും കോഴിക്കോട് 36 ശതമാവനവുമാണെങ്കിൽ കണ്ണൂരിൽ 45 ശതമാനം സീറ്റുകളും കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മധ്യകേരളം, പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും യുവാക്കളെ കിട്ടാതെ വലയുന്ന അവസ്ഥയിലാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ കുറവ് സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളം വിടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനു പ്രധാന കാരണം ജിവിക്കാൻ തക്ക വരുമാനമുള്ള ജോലികളുടെ അഭാവമാണ്. സാമൂഹ്യ സുരക്ഷിതത്വമില്ലെന്ന തോന്നൽ, വർഗീയത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പരിസര ശുചിത്വത്തിന്റെ കുറവ്, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്ന സദാചാര പോലീസുകാർ ഇതെല്ലാം യുവാക്കളെയെന്നല്ല, വിദേശ രാജ്യങ്ങളിൽ ജിവിച്ചു ശീലിച്ചവരെ തിരിച്ചുവരാതിരിക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥ അടക്കം പ്രതികൂല ഘടകങ്ങൾ പലതും ഉണ്ടെങ്കിലും ജോലി ചെയ്ത് സമാധാനത്തോടെ സൈ്വരമായി ജീവിക്കാമെന്ന അന്തരീക്ഷമാണ് ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെയുള്ളത്. അങ്ങനെയൊരു അന്തരീക്ഷം നമ്മുടെ നാട്ടിലില്ല. ലോകത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റ് ഉതിർക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളവരാണ് മലയാളികൾ. എന്നാൽ അവർ അധ്വാനിച്ച് നാട്ടിലേക്ക് അയച്ചിരുന്ന സമ്പത്തിനെ യഥാസമയം വേണ്ടവിധം വിനിയോഗിക്കുന്നതിൽ മാറിമാറി വന്ന ഭരണകർത്താക്കൾക്കുണ്ടായ പരാജയമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. 

Latest News