Sorry, you need to enable JavaScript to visit this website.

കുട്ടികളിലെ രക്താര്‍ബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം

നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കള്‍. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ശരീരത്തില്‍ രക്തം ഉണ്ടാക്കുന്ന മജ്ജയിലും ലസീകഗ്രന്ധികളിലുമാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടികളില്‍ ഈ അസുഖം വളരെ പെട്ടെന്നാണ് ഗുരുതരമാകുന്നത്. നേരത്തെ കണ്ടെത്തിയാല്‍ കുട്ടികളിലെ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ചു മാറ്റാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. കുട്ടികളുടെ ശരീരം പൊതുവെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ഒരു അനുഗ്രഹമാണ്. അതുകൊണ്ട് 80 ശതമാനം കുട്ടികളും രക്താര്‍ബുദത്തെ അതിജീവിക്കുന്നു. എന്നാല്‍ ലക്ഷണങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല. 

സാധാരണഗതിയില്‍ കുട്ടികളുടെ ഡി. എന്‍. എയില്‍ വളരെ നേരത്തേയുണ്ടാകുന്ന ചില മാറ്റങ്ങളാണ് അര്‍ബുദത്തിന് കാരണമാകുന്നത്. പ്രസവത്തിന് മുന്‍പേ തന്നെ ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കാം ഇവ. ഗര്‍ഭധാരണസമയത്തെ മദ്യപാനവും പുകവലിയും അമിതമായ കോഫിയുടെ ഉപയോഗം എന്നിവ കുഞ്ഞുങ്ങളില്‍ കാന്‍സറിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങളുണ്ട്. ഗര്‍ഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷന്‍ തുടര്‍ച്ചയായി ശരീരത്തിലെത്തിയിട്ടുണ്ടെങ്കിലും അര്‍ബുദത്തിന് സാധ്യതയുണ്ട്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് രക്താര്‍ബുദം വന്നിട്ടുണ്ടെങ്കിലും കരുതിയിരിക്കണം. 35 വയസ് കഴിഞ്ഞ് അമ്മമാരാകുന്ന സ്ത്രീകളുടെ കുട്ടികളിലും രോഗസാധ്യതയുണ്ട്. കീടനാശിനികളുടെ ഉപയോഗവും ഒരു പ്രധാന വില്ലനാണ്. 

കുട്ടികളിലെ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

  •       വിട്ടുമാറാത്ത ചുമയും പനിയും
  •       ആന്റിബയോട്ടിക് മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ
  •       കാരണമില്ലാത്ത ക്ഷീണവും തളര്‍ച്ചയും
  •       ലസീക ഗ്രന്ധികളിലെ നീര്‍ക്കെട്ട് (താടിയിലും കഴുത്തിലും കക്ഷത്തിലും ചെവിക്ക് പിറകിലും കാണുന്ന മുഴകള്‍ പ്രത്യേകം ശ്രദ്ധിക്കണം)
  •       കരളും പ്ലീഹയും വീര്‍ത്തിരിക്കുക
  •       മൂക്കില്‍ നിന്നോ വായില്‍ നിന്നോ രക്തം വരിക (പല്ലുതേയ്ക്കുമ്പോള്‍ പ്രത്യേകിച്ച്)
  •       ചര്‍മത്തില്‍ ചുവന്ന പാടുകള്‍
  •       കാരണമില്ലാതെ ഭാരം കുറയുക
  •       വിളര്‍ച്ച
  •       കൈകാലുകളില്‍ അസഹ്യമായ വേദന
  •       വേദനകാരണം നടക്കാന്‍ ബുദ്ധിമുട്ട്
  •       മലം കറുത്തനിറത്തില്‍ പോവുക

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാക്കണം. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളില്‍ ലക്ഷണങ്ങള്‍ തീവ്രമാകാറുണ്ട്. മുതിര്‍ന്നവരേക്കാള്‍ വളരെ വേഗത്തിലും തീവ്രതയിലുമാണ് രോഗം വ്യാപിക്കുക. സാധാരണ പനിയോ ശരീരവേദനയോ ആയിട്ടായിരിക്കും കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. കാന്‍സര്‍ ബാധ സംശയിച്ചാല്‍ ഡോക്ടര്‍ സ്മിയര്‍ ടെസ്റ്റും കൗണ്ട് ടെസ്റ്റും നിര്‍ദേശിക്കും. അവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ ലുക്കീമിയയുടെ സാധ്യത പരിശോധിക്കണം. അതിനായി ബോണ്‍ മാരോ പരിശോധന നടത്താം.

ലുക്കീമിയക്കെതിരെയുള്ള കീമോതെറാപ്പി ചികിത്സയും കുട്ടികളില്‍ ഏറെ ഫലപ്രദമാണ്. മുതിര്‍ന്നവരില്‍ കാണുന്നത് പോലെ ജീവിതശൈലി രോഗങ്ങളോ പാരിസ്ഥിതിക ഘടകങ്ങളോ കുട്ടികളില്‍ അര്‍ബുദത്തിന് കാരണമാകാറില്ല. 

രക്താര്‍ബുദം പല തരത്തിലുണ്ട്. ഓരോന്നിന്റെയും ചികിത്സാരീതിയിലും ദൈര്‍ഘ്യത്തിലും വ്യത്യാസമുണ്ട്.

ചികിത്സ എങ്ങനെ

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് കുട്ടികളില്‍ ഏറ്റവമധികം കണ്ടുവരുന്നത്. ശൈശവകാലത്തെ കാന്‍സറുകളില്‍ 75 ശതമാനം അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ്. അതിവേഗം രോഗം പുരോഗമിക്കുന്നതിനാല്‍ എത്രയും വേഗം ചികിത്സ തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നീ ചികിത്സകളാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഒന്നിലേറെ ചികിത്സകള്‍ ഒരുമിച്ചും നല്‍കാറുണ്ട്. രണ്ടരവര്‍ഷം വരെ ചികിത്സ നീണ്ടുനില്‍ക്കാറുണ്ട്. അക്യൂട്ട് മൈലോജീനസ് ലുക്കീമിയ പോലെയുള്ള മറ്റ് കാന്‍സറുകളാണെങ്കില്‍ ചികിത്സയുടെ ദൈര്‍ഖ്യത്തിലും വ്യത്യാസങ്ങളുണ്ടാകും. 

ആദ്യത്തെ ആറുമാസം കഠിനമായ കീമോതെറാപ്പിയാണ് നല്‍കുന്നത്. പിന്നീട് മുടങ്ങാതെ മരുന്നുകള്‍ കഴിക്കണം. ഇക്കാലത്ത് കുട്ടികളില്‍ പല അസ്വസ്ഥതകളും കണ്ടുവെന്നുവരാം. കുട്ടികളുടെ രക്ഷിതാക്കള്‍ കരുത്ത് കൈവിടാതെ ക്ഷമയും ശ്രദ്ധയും നല്‍കേണ്ട സമയമാണിത്. ഈ സമയം അണുബാധകള്‍ ഉണ്ടാകാതെ നോക്കേണ്ടത് അനിവാര്യമാണ്. നല്ല ശുചിത്വം പാലിക്കണം. പുറമെ നിന്നുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. വീട്ടില്‍ തന്നെ പുതുതായി പാചകം ചെയ്യുന്ന ഭക്ഷണം മാത്രമേ നല്‍കാവൂ. ഫ്രിഡ്ജില്‍ വെച്ചതും പഴകിയതുമായ ഭക്ഷണങ്ങള്‍ നല്‍കരുത്. കല്യാണം പോലെയുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടുപോകരുത്. കുട്ടികളെ കാണാന്‍ വരുന്നവരും ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സന്ദര്‍ശകരില്‍ ഒരാള്‍ക്ക് ജലദോഷമുണ്ടെങ്കില്‍ പോലും കുട്ടിക്ക് അതില്‍ നിന്ന് അണുബാധയുണ്ടായാല്‍ ആരോഗ്യം മോശമാകാന്‍ ഇടയുണ്ട്. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

അര്‍ബുദം പൂര്‍ണമായും ശരീരത്തില്‍ നിന്ന് പോകുന്നത് വരെ എന്ത് അസുഖമുണ്ടെങ്കിലും ഉടന്‍ ഡോക്ടറെ കാണണം. രാത്രി ഒരു ചെറിയ പനി വന്നാല്‍ പോലും നേരം പുലരുന്നത് വരെ കാത്തിരിക്കാതെ ഉടന്‍ അടുത്തുള്ള പീഡിയാട്രീഷനെ കാണണം. 

രോഗം ഭേദമായ ശേഷം 

കുട്ടികളിലെ അര്‍ബുദത്തിന് എതിരെയുള്ള ചികിത്സാരീതികള്‍ കൂടുതല്‍ വികസിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സയിലൂടെ ധാരാളം കുട്ടികള്‍ രോഗത്തില്‍ നിന്ന് മോചനം നേടി കൗമാരവും യൗവ്വനവും പിന്നിടുന്നു. എങ്കിലും ചില പാര്‍ശ്വഫലങ്ങള്‍ അവരെ ദീര്‍ഘകാലം പിന്തുടര്‍ന്നേക്കാം. ഏത് തരം അര്‍ബുദമാണ് അവരെ ബാധിച്ചതെന്നും എന്ത് ചികിത്സയാണ് നല്കിയതെന്നതിനെയും ആശ്രയിച്ചിരിക്കും പാര്‍ശ്വഫലങ്ങള്‍. കുട്ടിക്കാലത്ത് കാന്‍സര്‍ വന്നവരില്‍ പില്‍ക്കാലത്ത് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയുമുണ്ട്. സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് പോലെയുള്ള ചികിത്സകള്‍ വേണ്ടിവന്നവരില്‍ വളര്‍ച്ച മുരടിക്കാറുണ്ട്. ആവശ്യമെങ്കില്‍ ഇവര്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ ഹോര്‍മോണുകളും നല്‍കാം.

Latest News