Sorry, you need to enable JavaScript to visit this website.

രണ്ടേ രണ്ടു മാറ്റത്തിന് മാത്രം സാധ്യത,  കണ്ണൂരിലും ആലപ്പുഴയിലും ഒഴികെ സിറ്റിംഗ് എം.പിമാരെ   കോൺഗ്രസ് ഗോദയിലിറക്കും  

കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥിനിർണയത്തിന് ഉപ സമിതിയെ നിയോഗിച്ചു.

തൃശൂർ  -  ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രം മാറ്റം  വരുത്തി വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ  സിറ്റിംഗ് എം.പിമാരെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ.തൃശൂരിൽ ഇന്നലെ  ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സിറ്റിംഗ് എംപിമാർ തന്നെയാണ് ഇത്തവണയും പോരാട്ടത്തിന് അനുയോജ്യർ എന്ന വിലയിരുത്തലാണ് ഉണ്ടായത്. കോൺഗ്രസ് മത്സരിക്കുന്ന രണ്ട് സീറ്റുകളിൽ മാത്രമാണ് മാറ്റത്തിന് സാധ്യത.  കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എം പിമാർ തന്നെയാകും ഇക്കുറിയും ജനവിധി തേടുക.

കണ്ണൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ കാര്യത്തിൽ തീരുമാനമായില്ല. കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർഥിനിർണയത്തിന് ഉപ സമിതിയെ നിയോഗിക്കാൻ തൃശൂരിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായി. കെ പി സി സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, യു ഡി എഫ് കൺവീനർ എന്നവരാണ് ഉപ സമിതിയിലുള്ളത്. കെ സുധാകരൻ, വി ഡി സതീശൻ , എം എം ഹസ്സൻ എന്നിവരടങ്ങിയ ഈ സമിതി സിറ്റിംഗ് എം പിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.

 തൃശൂരിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗം ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പച്ചക്കൊടി വീശിക്കഴിഞ്ഞു.  കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ വൈകാതെ തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങി കൊള്ളാൻ കെപിസിസി നേതൃത്വംനിർദ്ദേശം നൽകി കഴിഞ്ഞു.

 ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തങ്ങൾ സജ്ജരാണെന്ന് യോഗത്തിൽ പങ്കെടുത്തവരും പറഞ്ഞു.  എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രചരണത്തിന് ഇറങ്ങാനാണ് ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലെ പ്രധാന തീരുമാനം. ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം വേണ്ടെന്ന് ചില സിറ്റിംഗ്  എംപിമാർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കെപിസിസി ഇത് തള്ളിക്കളഞ്ഞു.  സിറ്റിംഗ്  എം.പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം.

 എന്നാൽ കെപിസിസി അധ്യക്ഷനായതിനാൽ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാൽ കെ.സുധാകരൻ ഇക്കുറി ലോക്സഭ പോരാട്ടത്തിനുണ്ടാകില്ല. സുധാകരന് പകരം കണ്ണൂരിൽ ആരെ കളത്തിലിറക്കണം എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.  കൊടിക്കുന്നിൽ സുരേഷും മറ്റുചില എംപിമാരും മത്സരിക്കാൻ താല്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും ഇത് സമിതി അംഗീകരിച്ചില്ല. സംഘടനാ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകാനായി ഇക്കുറി മാറിനിൽക്കാൻ അനുവദിക്കണമെന്നായിരുന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സമിതി തള്ളി. മുസ്ലിം ലീഗ് മൂന്നു സീറ്റ് ആവശ്യപ്പെട്ട കാര്യം യുഡിഎഫിൽ ചർച്ച ചെയ്യാം എന്നായിരുന്നു  തെരഞ്ഞെടുപ്പ് സമിതി  യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നലെ തൃശൂരിൽ  നടന്നത്. പ്രാഥമിക ചർച്ചയായതുകൊണ്ടുതന്നെ ലീഗിന്റെ ആവശ്യം പിന്നീട് ചർച്ച ചെയ്യാം എന്നാണ്  പൊതുവേ അഭിപ്രായം ഉയർന്നത്. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്   സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വിവരങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. 

Latest News