Sorry, you need to enable JavaScript to visit this website.

ഡ്രഗ് ഹബ്ബായി കൊച്ചി, പ്രിയം സിന്തറ്റിക് മയക്കുമരുന്നിന്, പെണ്‍കുട്ടികളും മയക്കുമരുന്നു മാഫിയയുടെ വലയത്തില്‍

കൊച്ചി - രാജ്യത്തിനകത്തേക്കും പുറത്തേക്കും മയക്കുമരുന്ന് ഒഴുകിയെത്തുന്ന ഡ്രഗ് ഹബ്ബായി കൊച്ചി മാറുന്നു. കടല്‍മാര്‍ഗവും കരമാര്‍ഗവും കൊച്ചിയില്‍ മയക്കുമരുന്ന് എത്തുന്നുണ്ട്. പുറത്തു കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവും കഞ്ചാവ് വന്‍തോതില്‍ എത്തുമ്പോള്‍ മെത്താംഫെറ്റമിനും ഹെറോയിനും എം ഡി എം എയും എല്‍ എസ് ഡി സ്റ്റാംപും പോലുള്ള മയക്കുമരുന്നുകള്‍ കടല്‍കടന്നും എത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും കപ്പലില്‍ പുറംകടലിലെത്തുന്ന ഡ്രഗ് കാര്‍ട്ടലുകള്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഇരുചെവിയറിയാതെ കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ഹാര്‍ബറുകളില്‍ സുരക്ഷിതമായെത്തും. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ നേവിയും ചേര്‍ന്ന് കൊച്ചിക്ക് സമീപം ഇന്ത്യന്‍ തീരക്കടലില്‍ നടത്തിയ ഓപ്പറേഷനില്‍ കപ്പലില്‍ കടത്തുകയായിരുന്ന 15,000 കോടി രൂപയുടെ 2500 കിലോ മെതാംഫെറ്റമിന്‍ മയക്കുമരുന്ന് പിടികൂടിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. പുറംകടലിലൂടെ മയക്കുമരുന്നുമായെത്തുന്ന എത്രയോ കപ്പലുകളില്‍ ഒന്നു മാത്രമാണ് ഇങ്ങനെ പിടിക്കപ്പെട്ടത്. കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച് കൊച്ചിയിലെത്തിച്ച് കപ്പല്‍ മാര്‍ഗം രാജ്യത്തിന് പുറത്തേക്ക് ഹെറോയിനും ഹാഷിഷ് ഓയിലും പോലുള്ള മയക്കുമരുന്നുകളുടെ കള്ളക്കടത്ത് നടക്കുന്നത് തടയാനും ഫലപ്രദമായ സംവിധാനങ്ങളില്ല. മറ്റുപല ചരക്കുകളുടെ കൂട്ടത്തില്‍ സമര്‍ഥമായി ഒളിപ്പിച്ചു കടത്തുന്ന ലഹരിമരുന്ന് കണ്ടെത്തി പിടികൂടുക ദുഷ്‌കരമായി തുടരുകയാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട വില്‍പനക്കാരില്‍ നിന്നും ഉപയോഗിക്കുന്നവരില്‍ നിന്നും മാത്രമാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടാന്‍ എക്‌സൈസിനും പോലീസിനും സാധിക്കുന്നത്. ഇവരെ പിന്തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങള്‍ എങ്ങുമെത്താറില്ല. മയക്കുമരുന്നു ശൃംഖലകളുടെ കണ്ണികള്‍ എവിടെയെങ്കിലും മുറിയുന്നതോടെ അന്വേഷണം വഴിമുട്ടുകയാണ് ചെയ്യാറ്.  കഴിഞ്ഞ വര്‍ഷം 1359 ലഹരി മരുന്ന് കേസുകളാണ് കൊച്ചിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഞ്ചാവ് പോലുള്ള ഓര്‍ഗാനിക് മയക്കുമരുന്നുകളെ അപേക്ഷിച്ച് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം നഗരത്തില്‍ വര്‍ധിച്ചു വരുന്നതായായും കണക്കുകള്‍ വ്യക്തമാക്കുന്നു. ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന്റെ സൂചനയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെ കാണുന്നത്. പോലീസും എക്‌സൈസുമൊക്കെ കടന്നു ചെല്ലാന്‍ മടിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമൊക്കെയാണ് വ്യാപകമായി മയക്കുമരുന്നിന്റെ ഇടപാടുകള്‍ നടക്കുന്നത്. ഡ്രഗ് പാര്‍ട്ടി നടക്കാറുള്ള കൊച്ചിയിലെ ഒരു ഹോട്ടല്‍ പോലീസിന്റെ അന്വേഷണ പരിധിയില്‍ വന്നപ്പോള്‍ പോലീസിലെ തന്നെ ഉന്നതരുമായുള്ള ബന്ധം പുറത്തുവന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി ഐയെ കൈക്കൂലി ആരോപണത്തില്‍ കുടുക്കി നടപടിയെടുപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.
1359 മയക്കുമരുന്നു കേസുകളിലായി 1551 പേരാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. 326.53 കിലോ കഞ്ചാവ്, 283.66 ഗ്രാം ഹാഷിഷ് ഓയില്‍, 1,959 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ലഹരി കേസില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്നതും പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശിനിയായ സൂസി മോള്‍ (24), കായംകുളം സ്വദേശിനി ശില്പ (24), ധര്‍മടം സ്വദേശി മൃദുല (38), കൊല്ലം സ്വദേശിനി ബ്ലസി (21), കുന്നത്തുനാട് സ്വദേശിനി സ്വാതി (28) തുടങ്ങി അടുത്തിടെ ലഹരികേസുകളില്‍ പിടിയിലായ പെണ്‍കുട്ടികളെല്ലാം ഇപ്പോള്‍ ജയിലിലാണ്. 18 നും 28 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളടക്കമുള്ള പെണ്‍കുട്ടികളാണ് ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നത്. ആണ്‍സുഹൃത്തുക്കളിലൂടെയാണ് ഇവര്‍ ലഹരി സംഘത്തിന്റെ ഭാഗമാകുന്നതെന്നാണ് വിവരം. ആണ്‍ സുഹൃത്ത്, സഹപാഠി, റൂം മേറ്റ്, ഹോസ്റ്റല്‍ മേറ്റ് എന്നിവര്‍ നല്‍കുന്ന ലഹരി ഉപയോഗിച്ച് തുടങ്ങുന്ന പെണ്‍കുട്ടികള്‍ പിന്നീട് കാരിയര്‍മാരായി മാറുകയാണ് ചെയ്യുന്നത്. പഠനത്തിനും മറ്റുമായി കൊച്ചിയിലെത്തുന്ന പെണ്‍കുട്ടികളാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെടുന്നത്. ന്യൂ ജെന്‍ ലൈഫ് സ്‌റ്റൈലിന്റെ ഭാഗമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ കേസുകള്‍ ഐ ടി മേഖലയില്‍ നിന്നു തന്നെ റിപ്പോര്‍ട്ട് ചെയപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നു കേസുകളില്‍ പലതിലും പ്രതികളായി വരുന്നത് ടെക്കികളാണെന്നത് പുതിയ തലമുറയുടെ ലഹരി ഉപയോഗത്തിന്റെ ട്രെന്‍ഡ് വ്യക്തമാക്കുന്നു. മദ്യം കഴിക്കുന്നതിന്റെയും കഞ്ചാവ് വലിക്കുന്നതിന്റെയും അസൗകര്യങ്ങളില്ലാതെ ജോലി സ്ഥലങ്ങളില്‍ പോലും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് എം ഡി എം എ പോലുള്ള ലഹരിമരുന്നുകള്‍ ന്യൂജനറേഷന്‍ യൗവനത്തിന് പ്രിയങ്കരമാകാന്‍ കാരണം.
ഒഡീഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ കഞ്ചാവും കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുവരുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് കടത്തിനലും വില്‍പനയിലും ഉപയോഗത്തിലും മുന്നിലുള്ളത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍ ഉപയോഗവും വ്യാപകമാണ്. മാരകമായ സിന്തറ്റിക് ലഹരിയുടെ വ്യാപനത്തിന് തടയിടാന്‍ കഞ്ചാവ് പോലുള്ള ഓര്‍ഗാനിക് ലഹരി മരുന്നുകള്‍ നിയമവിധേയമാക്കണമെന്ന അഭിപ്രായം മുന്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിയെ പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. കഞ്ചാവും കറപ്പുമൊക്കെ ഇവിടെ തലമുറകളായി ഉപയോഗിച്ചുവന്നിട്ടുള്ളതാണെന്നതാണ് അവര്‍ പറയുന്ന ന്യായം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുടില്‍വ്യവസായം പോലെ കഞ്ചാവ് കൃഷിയും സംസ്‌കരണവും നടക്കുന്നതിനാല്‍ ഇതിനെ പൂര്‍ണാമായും തടയാനാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കഞ്ചാവിന്റെ പൂക്കള്‍ ഉണക്കിയെടുക്കുന്നതാണ് കഞ്ചാവ് എന്ന പേരില്‍ വില്‍ക്കപ്പെടുന്നത്. കഞ്ചാവിന്റെ ഇല ഉപയോഗിച്ചുണ്ടാക്കുന്ന ഭാംഗ് പോലുള്ളവ നിയമവിധേയമായി തന്ന ഉത്തരേന്ത്യയിലെമ്പാടും ഉപയോഗിച്ചുവരുന്നു. ഹിന്ദുക്കളുടെ മതപരമായ ആഘോഷങ്ങളില്‍ ഭാംഗ് അവിഭാജ്യ ഘടകവുമാണ്. പാലില്‍ കലക്കിക്കുടിക്കുന്ന ഭാംഗ്, മധുരം ചേര്‍ത്ത് മിഠായി രൂപത്തില്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴി പാര്‍സലായും നേരിട്ടും കേരളത്തില്‍ എത്തിച്ചു വില്‍പന നടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ചില പ്രധാന വെബ്‌സൈറ്റുകളില്‍ ഇവ ആര്‍ക്കും ലഭ്യവുമാണ്.

 

Latest News