Sorry, you need to enable JavaScript to visit this website.

പാടാനോർത്തൊരു മധുരിതഗാനം...

ഒരു വിത്ത് എത്ര വലിയ സാധ്യതയാണ്. ഒരു മഹാവൃക്ഷത്തെ,ആയിരക്കണക്കിന് ഇലകളെ ,ചില്ലകളെ ,വേരുകളെ ഉള്ളിൽ പേറുന്നുണ്ട് ഓരോവിത്തും. ഓരോ മനുഷ്യനും ഒരു വിത്ത് പോലെ. എന്തെല്ലാം കഴിവുകളും സാധ്യതകളുമാണ് ഓരോരുത്തരിലും അന്തർലീനമായിരിക്കുന്നത്. അനുകൂലമായ സാഹചര്യങ്ങളിൽ വികസ്വരമാവാൻ വെമ്പുന്ന നിരവധി ശേഷികൾ ഒളിഞ്ഞിരിപ്പുണ്ട് ഓരോ വ്യക്തിയിലും. എത്രയെത്ര  ഉപയോഗിക്കാത്ത ശക്തി വിശേഷങ്ങൾ ? പ്രയാജനപ്പെടുത്താത്ത വിജയസാധ്യതകൾ ! മറഞ്ഞിരിക്കുന്ന പ്രതിഭാവിലാസങ്ങൾ !
ആകാൻ കഴിയുന്ന  എന്നാൽ ഇതുവരെ ആയിത്തീർന്നിട്ടില്ലാത്ത എന്തൊക്കെയാണ് നാം! ചെയ്യാൻ കഴിയുന്ന പക്ഷേ ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തൊക്കെ പ്രവർത്തനങ്ങളാണ്? എത്രയോ ദൂരം എത്താമായിരുന്നിട്ടും ഇതുവരെ എത്തിയിട്ടില്ലാത്ത എത്ര എത്ര ദേശങ്ങളാണ് നമ്മെ മാടി വിളിക്കുന്നത്! ഉപയോഗപ്പെടുത്താത്ത സാധ്യതകളുമായി പൊടുന്നനെ ഒരു നാളിൽ വീണടിയേണ്ടവരാണോ നാം?
വെളിപ്പെടാത്ത കഴിവും ഒളിഞ്ഞിരിക്കുന്ന ശക്തിയുമാണ് നമ്മുടെ അൺടാപ്പ്ഡ് പൊട്ടൻഷ്യൽ.അതിനാൽ, നാം  ചെയ്തതല്ല, നമുക്ക്  ചെയ്യാൻ കഴിയുന്നതാണ് സാധ്യത. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ  ചെയ്തത് നമ്മുടെ സാധ്യതയല്ല. നാം വിജയകരമായി പൂർത്തിയാക്കിയത് ഇനി സാധ്യതയുള്ളതുമല്ല. നമ്മൾ ചെയ്തതിലും അപ്പുറം എന്തെങ്കിലും ചെയ്തില്ലെങ്കിൽ, നമ്മൾ  ഒരിക്കലും വളരുകയോ നമ്മുടെ മുഴുവൻ കഴിവുകളും അനുഭവിക്കുകയോ ചെയ്യില്ലെന്നാണ്  പറയപ്പെടുന്നത്.
നമ്മുടെ  കഴിവിന്റെ  വലിയ ശത്രുക്കളിൽ ഒരാൾ വിജയമാണ്. നമ്മുടെ  മുഴുവൻ കഴിവുകളും തിരിച്ചറിയുന്നതിന്, നമ്മുടെ ഒടുവിലത്തെ  നേട്ടത്തിൽ നാം  ഒരിക്കലും സ്വയംമറന്ന് സംതൃപ്തരാകരുത്. നമുക്ക്  ചെയ്യാൻ കഴിയാത്തതിനെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഇടപെടാൻ നാം  ഒരിക്കലും അനുവദിക്കരുത് എന്നതും പ്രധാനമാണ്. മരണമല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, മറിച്ച് നമ്മിൽ ഉൾ ചേർന്നിട്ടുള്ള ഭൂരിഭാഗം  സാധ്യതകളും ഒരിക്കലും തിരിച്ചറിയാത്ത ജീവിതമാണ്. നമ്മുടെ  ഉള്ളിൽ പൂട്ടിയിട്ടിരിക്കുന്ന സമ്പന്നവും വിലപ്പെട്ടതും ശക്തവും ഉപയോഗിക്കാത്തതുമായ വിഭവങ്ങൾ കണ്ടറിഞ്ഞു ഉപയോഗപ്പെടുത്തിയേ മതിയാവൂ.. സാധ്യതകൾക്ക് ഒരിക്കലും വിരമിക്കൽ ഇല്ലെന്നറിയുക.അതിനാൽ നിങ്ങളുടെ ജീവിതം കൊണ്ട് ഭൂമിയിൽ അടയാളപ്പെടുത്താനുള്ള വിശിഷ്ടമായ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂക. മനോഭാവത്തിൽ കാതലായ മാറ്റം വരുത്തിയേ മതിയാവൂ.ഒരു ആവറേജ് ജീവിതം നയിച്ചൊടുങ്ങേണ്ടതല്ലല്ലോ നമ്മുടെ ആയുസ്സ്.
അസൂയാലുക്കളും കുശുമ്പൻമാരും പിറകോട്ട് വലിക്കുന്നവരുമെല്ലാം വഴിയിൽ കാണും. അവരെല്ലാം ഒഴിഞ്ഞു പോയതിനു ശേഷം നമ്മുടെ കഴിവുകൾ ഉപയോഗപ്പെടുത്താമെന്ന് കരുതുന്നത് ഒന്നാന്തരം മൗഢ്യമാണെന്നറിയുക.
എല്ലാ വിത്തിലും ഒരു വൃക്ഷമുള്ളത് പോലെ എല്ലാ മരത്തിലും അനേകം വിത്തുകൾ ഉള്ള പഴങ്ങളോ പൂക്കളോ ഉണ്ട്. ചുരുക്കത്തിൽ, നാം  കാണുന്നത് എല്ലാം ഉള്ളതല്ല. കാണുന്നതിനപ്പുറം പീലി വിടർത്താനിരിക്കുന്ന നിരവധി  സാധ്യതയാണ്. 
ഒരു വിത്തിൽ ഒരു വനം സാധ്യമാക്കാനുള്ള ശേഷിയുണ്ട്. എല്ലാം പെട്ടെന്ന് നടക്കണം എന്നത് നമ്മിൽ ആരൊക്കെയോ വളർത്തിയെടുത്ത തെറ്റായ സമീപനമാണ്. ജീവിതത്തിൽ ഒന്നും തൽക്ഷണമല്ല. വിജയവും. പക്ഷെ ആളുകൾ കരുതുന്നത് നേട്ടങ്ങൾ തൽക്ഷണമാണെന്നാണ്. വിജയം കൈവരിക്കുക എന്നത് ഒരു പ്രക്രിയയാണ്.
നാം  സമ്പന്നമായ ഒട്ടേറെ കഴിവുകൾ കൊണ്ടനുഗൃഹീതരാണ്. തുറന്നുകാട്ടപ്പെടാൻ കാത്തിരിക്കുന്ന അസംഖ്യം വിരുതുകൾ, വിശേഷസിദ്ധികൾ.
ജീവിതരീതിയായി വിജയത്തെ ഒരിക്കലും അംഗീകരിക്കരുത്-അത് ഒരു ഘട്ടം മാത്രമാണ്. ഒരു നേട്ടത്തെ അവസാനമായി ഒരിക്കലും അംഗീകരിക്കരുത് - അത് പ്രക്രിയയിലെ ഒരു അടയാളം മാത്രമാണ്. ഇതിലും വലിയ സാധ്യത നമ്മളിൽ ഉള്ളത് മറന്ന് പോവാൻ നമ്മുടെ വിജയങ്ങൾ കാരണമാവരുത്.
 ഇപ്പോൾ നാം ആയിരിക്കുന്നതിൽ  , നേടിയ നേട്ടങ്ങളിൽ  പലപ്പോഴും നാം ആവശ്യത്തിൽ കൂടുതൽ സംതൃപ്തരായിതീരുന്നത്  അത്ര നല്ലതല്ല; അത്  നമുക്ക് ആഹ്ലാദം പകരുമെങ്കിലും. നമ്മുടെ  ഇന്നത്തെ അവസ്ഥയെ ജീവിതത്തിലെ  അന്തിമമായ അംഗീകരിക്കരുത്. കാരണം അത് ഒരു ഘട്ടം മാത്രമാണെന്നറിയുക . ഇനിയും നമുക്ക്   പൂർത്തിയാക്കാൻ നിരവധി പദ്ധതികളും പരിപാടികളുണ്ട് . നാം പലതരം  കഴിവുള്ളവരായതിനാൽ. കഴിഞ്ഞ  വർഷത്തേ  അതേ വ്യക്തിയാകരുത് നാം ഈ   വർഷം. പല നേട്ടങ്ങൾ കൊണ്ട് ഈ  വർഷം  കൂടുതൽ  ക്രിയാത്മകമായിരിക്കണം  .
ഇതുവരെ ദൃശ്യമാകാത്തത് നാം  എപ്പോഴും അന്വേഷിച്ച് കൊണ്ടേയിരിക്കണം. പുറത്ത് പ്രകടമാകുന്നതിനേക്കാൾ കൂടുതൽ നമ്മുടെ  ഉള്ളിലുണ്ട്. 
മനുഷ്യവർഗം പലപ്പോഴും നമുക്കുള്ളതിൽ സംതൃപ്തരാണ് - സംതൃപ്തരല്ലെങ്കിൽ, അതിലും മികച്ചതായി ഒന്നുമില്ലെന്ന് പലരും  കരുതുന്നു.അവിടെയാണ് ജീവിതത്തിന്റെ  ദുരന്തം. നേടിയ കാര്യങ്ങളിൽ നമ്മൾ സ്ഥിരതാമസമാക്കാനും ഉള്ളതിൽ മതിമറന്ന് സംതൃപ്തരാകാനും തുടങ്ങുന്ന നിമിഷം, നമ്മുടെ ഉള്ളിലുള്ളത് വെളിപ്പെടുത്താനുള്ള സാധ്യത നഷ്ടപ്പെടും. നമ്മുടെ ഉള്ളിൽ നാമ്പിടുന്ന സവിശേഷ സിദ്ധികളും സംഗീതവും  വിജയങ്ങളും പര്യവേക്ഷണം ചെയ്യാതെ പലപ്പോഴും നാം മരിക്കുന്നു. നമ്മുടെ ചിന്തകളും ആശയങ്ങളും സാധ്യതകളും വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല എന്ന നിരാശയല്ല വേണ്ടത് . 
മറിച്ച് ആത്മവിശ്വാസത്തോടെ  മുന്നേറുകയാണു വേണ്ടത് . അതിനനുയോജ്യമായ കൂട്ടുകെട്ടുകളിലും  പരിശ്രമങ്ങളിലും മുഴുകുകയാണു വേണ്ടത്.  നമ്മുടെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിയുന്നതിൽ നാം പരാജയപ്പെട്ടു കൂടാ..
പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ എന്ന ആവലാതിയോടെയാവാതിരിക്കട്ടെ നമ്മുടെ ജീവിതം.

Latest News