Sorry, you need to enable JavaScript to visit this website.

വമ്പൻ പ്രഖ്യാപനവുമായി കിരീടാവകാശി; ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി സൗദി മാറും

ജിദ്ദ- ആധുനിക വ്യവസായങ്ങളുടെയും ഇലക്ട്രോണികസ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെയും ആഗോളകേന്ദ്രമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനുള്ള സുപ്രധാന പ്രഖ്യാപനം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. ഇതിനായി അൽ അലത്ത് എന്ന കമ്പനിയും പ്രഖ്യാപിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലാണ് പുതിയ കമ്പനി. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവത്തിനാണ് സൗദി തയ്യാറെടുക്കുന്നത്. 
2030 ആകുമ്പോഴേക്കും 39000 പുതിയ തൊഴിവസരങ്ങൾ പുതിയ കമ്പനിയിലൂടെ ലഭ്യമാകും. രാജ്യത്ത് നവീകരണവും വ്യാവസായികവൽക്കരണവും അതിശക്തമായി മുന്നോട്ടുകൊണ്ടുപോകാനും പ്രാദേശിക കഴിവുകൾ വികസിപ്പിക്കുകയും സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും ഇതുവഴി കഴിയുമെന്ന് കിരീടാവകാശി പറഞ്ഞു. 

ആധുനിക വ്യവസായങ്ങൾ, സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ, സ്മാർട്ട് ഹെൽത്ത്, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ തലമുറ എന്നിങ്ങനെ ഏഴ് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകൾക്കുള്ളിൽ പ്രാദേശികവും ആഗോളവുമായ വിപണികളെ തൃപ്തിപ്പെടുത്തുന്ന യന്ത്രങ്ങളാണ് സൗദി ലോകത്തിന് സംഭാവന നൽകുക. 

കിരീടാവകാശി അധ്യക്ഷനായ അൽ അലത്ത് കമ്പനി, രാജ്യത്തിന്റെ സാങ്കേതിക മേഖലയുടെ കഴിവുകൾ വർദ്ധിപ്പിക്കാനും പ്രാദേശികമായ കഴിവുകൾ കൂടി സ്വാംശീകരിച്ച് രാജ്യത്തിന്റെ വികസനം ദ്രുതഗതിയിലാക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.   വ്യവസായ, ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അലാത്ത് കമ്പനി സ്വകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും മേഖലയെയും മൊത്തത്തിൽ ഇതുവഴി വികസിപ്പിക്കാനാകും. 

റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, നിർമ്മാണം, കെട്ടിടം, ഖനനം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.

പുതിയ കമ്പനി രാജ്യത്ത് നവീകരണവും ആധുനിക നിർമ്മാണവും മുന്നോട്ട് കൊണ്ടുപോകുമെന്നും ഗവേഷണവികസന ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. പ്രാദേശിക കഴിവുകൾ വികസിപ്പിക്കുകയും പ്രാദേശിക ജോലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യാവസായിക, ഇലക്ട്രോണിക്‌സ് മേഖലകളിലെ വൈദഗ്ദ്ധ്യം പ്രാദേശികവൽക്കരിക്കുന്നത് സൗദി അറേബ്യയിൽ ഗുണപരമായ മാറ്റത്തിന് നാന്ദി കുറിക്കും. 39,000ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കണക്കാക്കുന്നു.
 

Latest News