Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇതാദ്യമായി മലയാളി സംഘടനയുടെ നേതൃത്വത്തിൽ സൗദി ബജറ്റ് വിശകലനം

സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിഗ് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ. 

ജിദ്ദ- സൗദി ബജറ്റിനെക്കുറിച്ച് ഇതാദ്യമായി മലയാളി സംഘടന ജിദ്ദയിൽ വിശകലനം സംഘടിപ്പിക്കുന്നു. സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) ആണ് സംരംഭകരിൽ സൗദി സാമ്പത്തിക രംഗത്തെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യവുമായി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി 10ന് രാത്രി 8 മണിക്ക് റമാദാ ഹോട്ടലിലാണ് പ്രമുഖ അനലിസ്റ്റുകളെ ഉൾപ്പെടുത്തി ബ്രീസ് ബിഗ് കോൺക്ലേവ് എന്ന പേരിൽ വിശകലം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. പ്രവേശനം മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനിലൂടെ നിയന്ത്രിക്കും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവരെയും സൗദിയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരെയും സാമ്പത്തിക വിഷയങ്ങളിൽ താൽപര്യമുള്ളവരെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 

സാമ്പത്തിക വിദഗ്ധൻ ഫസ്്‌ലിൻ അബ്ദുൽഖാദറിന്റെ നേതൃത്തിൽ പ്രമുഖ അനലിസ്റ്റുകളുടെ ഒരു പാനൽ സൗദി അറേബ്യയിലെ ബജറ്റ്, വ്യവസായ മേഖല തിരിച്ചുള്ള ബജറ്റ് വിഹിതത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കും. വൈവിധ്യമാർന്ന മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അതിനനുസരിച്ച് ബിസിനസ്സ് രൂപപ്പെടുത്തുന്നതിനുമുള്ള അറിവ് പകർന്നു നൽകുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷനെ കുറിച്ച്് ജോട്ടൻ ഐടി വിഭാഗം മേധാവി അഷ്‌റഫ് കുന്നത്തും, ലോജിസ്റ്റിക്‌സ് ഇൻഡസ്ട്രിയെക്കുറിച്ച് ഫാൽകൺ ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൽ മജീദും, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയെക്കുറിച്ച് മാധ്യമ പ്രവർത്തകൻ അഫ്ത്താബ് റഹ്മാനും,  ഗ്ലോബൽ ബ്രിഡ്ജ്: കണക്ടിംഗ് സൗദി ബിസിനസ് ടു ഇന്റർനാഷണൽ മാർക്കറ്റ്‌സിനെ കുറിച്ച അനലിറ്റിക്‌സ് അറേബ്യ പ്രതിനിധികളായ നിഷാദും ഷിഹാബ് തങ്ങളും വിശദീകരിക്കും. തുടർന്ന് ചോദ്യോത്തരവും സംശയങ്ങൾക്ക് മറുപടിയും നൽകും.

സൗദി അറേബ്യ അതിവേഗം പുരോഗമിക്കുമ്പോൾ സൗദിയിലുള്ള മലയാളി വ്യവസായ സംരംഭകർക്ക് അവരുടെ ബിസിനസ് പുതിയ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാനും നവീകരിക്കാനും ആ മാറ്റങ്ങൾ അവരുടെ മേഖലകളിൽ പ്രതിഫലിപ്പിക്കാനുമുള്ള സമയമാണിത്. മലയാളി സംരംഭകർ കാലാനുസൃതമായി അവരുടെ തന്ത്രങ്ങൾ മാറ്റേണ്ടതും വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ ബിസിനസ്സ് രീതികളുമായി പൊരുത്തപ്പെടണം. ഏത് സാഹചര്യങ്ങളുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിവുള്ള സൗദി മലയാളി ബിസിനസ്സ് സമൂഹം ഈ മാറ്റങ്ങൾ മനസ്സിലാക്കുന്നത്തിനുള്ള അവസരമായി ''കോൺക്ലേവി'നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഗ് ഭാരവാഹികൾ പറഞ്ഞു.  
ഹിറാ സ്ട്രീറ്റിലെ റോയൽ ഗാർഡൻ റസ്‌റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻ മുഹമ്മദലി ഓവുങ്ങൽ, ബിഗ് ഹെഡ് മുഹമ്മദ് ബൈജു, ഡപ്യൂട്ടി ഹെഡ് ഫസ്‌ലിൻ അബ്ദുൽഖാദർ, പ്രോഗ്രാം കൺവീനർ റിയാസ് എന്നിവർ പങ്കെടുത്തു. 
 

Latest News