Sorry, you need to enable JavaScript to visit this website.

ആലപ്പുഴ കൊലപാതകങ്ങൾ: ഇരട്ട നീതിക്ക് പിന്നിൽ സർക്കാർ - സംഘപരിവാർ ബാന്ധവം -എസ്.ഡി.പി.ഐ

കൊച്ചി - തൊട്ടടുത്ത ദിവസങ്ങളിലായി ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ഇരട്ടനീതി നടപ്പാക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു സർക്കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപഴ അഷ്‌റഫ് മൗലവി. ആദ്യം നടന്ന കൊലപാതകത്തിൽ പ്രതിപ്പട്ടിക പോലും പൂർണമായിട്ടില്ല. 
മാസങ്ങൾ നീണ്ട ആസൂത്രണം നടത്തി നടപ്പാക്കിയ കൃത്യത്തിൽ പ്രതികളെല്ലാവരും വളരെ വേഗം ജാമ്യം നേടി സൈ്വരവിഹാരം നടത്തുന്നു.
പ്രതികളിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. എന്നിട്ടും പ്രോസിക്യൂഷൻ എതിർത്തില്ല. പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതു പോലും വളരെ വൈകി. കേസ് നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. 
അതേസമയം രണ്ടാമത് നടന്ന കൊലപാതകത്തിൽ കുറ്റാരോപിതരായ മുഴുവനാളുകളും ജാമ്യം പോലും ലഭിക്കാതെ ജയിലിലായി. അവസാനം വാദം പൂർത്തിയായി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 15 പേർക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട, വധശിക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അതേപടി അംഗീകരിച്ച് ക്ഷണനേരം കൊണ്ട് വിധി പറയുകയായിരുന്നു. 
വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതി മാർഗനിർദേശങ്ങൾ പോലും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം. വംശീയ താൽപര്യത്തോടെ അടിസ്ഥാന ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും പൗരാവകാശം പോലും നൽകരുതെന്ന അജണ്ടയിൽ നീതി നിഷേധിക്കുന്ന സംഘപരിവാരമാണ് കേന്ദ്ര ഭരണം കൈയാളുന്നത്. അവരിൽനിന്ന് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. എന്നാൽ മതനിരപേക്ഷത അവകാശപ്പെടുന്ന കേരളത്തിലെ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരും സംഘപരിവാർ താൽപര്യം അക്ഷരംപ്രതി നടപ്പിലാക്കുന്നു എന്നതാണ് ഏറെ അപകടകരം. കഴിഞ്ഞ കുെറ നാളുകളായി സംസ്ഥാനത്ത് നടക്കുന്ന വിവേചനത്തിന്റെയും പക്ഷപാതിത്വത്തിന്റെയും തുടർച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്. നാട്ടിൽ ഒരു തരത്തിലുള്ള അക്രമവും കൊലപാതകവും നടക്കാൻ പാടില്ല. അതേസമയം മതവും ജാതിയും രാഷ്ട്രീയവും നോക്കി കുറ്റവും ശിക്ഷയും നീതിയും നടപ്പാക്കുന്ന വിവേചനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ആലപ്പുഴയിലെ ഇരട്ട നീതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

Latest News