Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ടൂറിസ്റ്റായി എത്തുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ തുക പിഴ

ടൂറിസ്റ്റ് വിസ വൈകിയതിന് 9300 റിയാല്‍ പിഴയടച്ചു; എറണാകുളം സ്വദേശി നാട്ടിലെത്തി

റിയാദ് - ടൂറിസ്റ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യയില്‍ നിന്ന് പുറത്ത് പോയില്ലെന്ന കാരണത്താല്‍ മലയാളിക്ക് പിഴയടക്കേണ്ടിവന്നത് 9300 റിയാല്‍. എറണാകുളം സ്വദേശി ഹമീദ് ഉമറാണ് അധികദിവസത്തിന് 100 റിയാല്‍ തോതില്‍ 93 ദിവസത്തിന് 9300 റിയാല്‍ അടച്ച് ഇന്ന് രാവിലെ നാട്ടിലേക്ക് പോയത്.
ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയിലാണ് ഇദ്ദേഹം സൗദി അറേബ്യയിലെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പരമാവധി 90 ദിവസം സൗദിയില്‍ താമസിക്കാവുന്ന വിസയാണിത്. ഇതിനിടെ എത്ര തവണ വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാം. ഒരു ദിവസം മാത്രം ബാക്കിയുണ്ടെങ്കിലും സൗദിയിലേക്ക് വരുന്നതിന് തടസ്സമുണ്ടാകില്ല.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഒരു വര്‍ഷത്തെ മള്‍ട്ടിപ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ ആദ്യം ഇദ്ദേഹം റിയാദിലെത്തിയത്. 89 ാമത്തെ ദിവസം നാട്ടിലേക്ക് തിരിച്ചുപോയി. ശേഷം മറ്റൊരു ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു. വിസ ലഭിക്കുകയും ചെയ്തു. ഒക്ടോബര്‍ 29ന് റിയാദ് വിമാനത്താവളത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. എന്നാല്‍ പുതിയ വിസ കാണിച്ചുകൊടുത്തെങ്കിലും പഴയ വിസയില്‍ തന്നെയാണ് ഇദ്ദേഹത്തിന് പ്രവേശനം ലഭിച്ചിരുന്നത്. കാരണം ആ വിസക്ക് അപ്പോഴും കാലാവധിയുണ്ടായിരുന്നു. 90 ദിവസം പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. ഇക്കാര്യം ഇദ്ദേഹം അറിഞ്ഞിരുന്നില്ല. പുതിയ വിസയിലാണ് ഇറങ്ങിയതെന്നായിരുന്നു വിചാരിച്ചിരുന്നത്. ശേഷം 89 ദിവസം കഴിഞ്ഞ് തിരിച്ച് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അസ്വഭാവികത മനസ്സിലായത്. 87 ദിവസം അധികതാമസമുണ്ടായെന്നും 8700 റിയാല്‍ പിഴയടക്കണമെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് അത്രയും പണം കയ്യില്‍ കരുതാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. ടിക്കറ്റ് റദ്ദാവുകയും ചെയ്തു. പത്ത് ദിവസം കഴിഞ്ഞ് ഇന്ന് 9300 റിയാല്‍ അടച്ചാണ് നാട്ടിലേക്ക് പോയത്.

ഒക്ടോബറില്‍ ഇറങ്ങിയപ്പോള്‍ പുതിയ വിസ എമിഗ്രേഷന്‍ കൗണ്ടറില്‍ നല്‍കിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥ അപ്പോള്‍ തന്നെ തിരിച്ചുതന്നുവെന്നും യാതൊരു നടപടികളുമില്ലാതെ പുറത്തിറങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. അതായത് പഴയ വിസയില്‍ തന്നെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. അതില്‍ രണ്ടുദിവസം ബാക്കിയുണ്ടായിരുന്നു. പിന്നീട് 89 ദിവസം സൗദിയില്‍ അധികം താമസിച്ചു. ഇതാണ് പിഴയായി രൂപപ്പെട്ടത്. പുതിയ വിസയിലാണ് താന്‍ സൗദിയില്‍ തുടരുന്നതെന്ന് ധരിച്ചാണ് അദ്ദേഹം അത്രയും ദിവസം താമസിച്ചത്. ഒടുവില്‍ അധികതാമസത്തിനുള്ള മുഴുവന്‍ പിഴയും അടച്ചശേഷമാണ് അദ്ദേഹത്തിന് പോകാനായത്.
ഇദ്ദേഹത്തിന്റെ അനുഭവം ടൂറിസ്റ്റ് വിസയിലെത്തിയ നിരവധി പേര്‍ക്ക് സംഭവിച്ചിട്ടുണ്ട്. വിസ വ്യവസ്ഥകളൊന്നും അറിയാതെ ഈ വിസയിലെത്തുന്നവരാണ് ദുരിതത്തിലാവുന്നത്. സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതെങ്കിലും താത്കാലിക ജോലിക്കെത്തുന്നവരാണ് ഇങ്ങനെ പിഴയടച്ച് തിരിച്ചുപോകേണ്ടിവരുന്നത്.

Latest News