Sorry, you need to enable JavaScript to visit this website.

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രണ്ടരക്കോടി തട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം - കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ പ്രതിക്ക് സ്വര്‍ണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം.  മുഖ്യപ്രതിയായ കേശവിനെ മുംബൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന വീഡിയോ കോള്‍ മുഖേനയാണ് കേശവും സംഘവും തട്ടിപ്പുകള്‍ നടത്തിയതെന്നു പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയില്‍നിന്ന് തട്ടിയെടുത്ത പണം ആദ്യം എത്തിയത് രാജസ്ഥാന്‍ സ്വദേശിയുടെ അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു. ടാക്‌സി ഡ്രൈവറായ അക്കൗണ്ട് ഉടമയെ രാജസ്ഥാനില്‍നിന്ന് സൈബര്‍ പോലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തു. അക്കൗണ്ട് തുടങ്ങി പണം വാങ്ങി വിറ്റതല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.
നിങ്ങളുടെ വിലാസത്തില്‍ വന്ന ഒരു കൊറിയറില്‍നിന്നു മുംബൈ കസ്റ്റംസ് എം.ഡി.എം.എ പിടികൂടി. നിങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പായി ചോദ്യം ചെയ്യണം. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനായാണ്. യൂണിഫോം ധരിച്ച ഒരാള്‍ വൈകാതെ വീഡിയോ കോളിലെത്തും എന്നാണ് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിക്ക് ഫോണില്‍ വന്ന കോളിലുണ്ടായിരുന്നത്. തുടര്‍ന്ന് പ്രതികള്‍ ബാങ്ക് വിവരങ്ങള്‍ വിശദമായി ചോദിച്ചറിയും. അതിനുശേഷമാണ് ഒരു രൂപ പോലും അവശേഷിപ്പിക്കാത്ത നിലയില്‍ പ്രതികള്‍ ഇയാളില്‍നിന്നു ഓണ്‍ലൈനായി പണം തട്ടിയെടുത്തത്.

 

Latest News