Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന്റെ ക്രൂരത അവസാനിക്കുന്നില്ല; ഫലസ്തീനെ സഹായിക്കുന്ന യു. എന്‍ ഏജന്‍സിക്ക് നാല് രാജ്യങ്ങള്‍ കൂടി സഹായം നിര്‍ത്തി

ന്യൂയോര്‍ക്ക്- എല്ലാ ഭാഗങ്ങളില്‍ നിന്നും ഫലസ്തീനെ വരിഞ്ഞു മുറുക്കി ഇല്ലാതാക്കാനുള്ള ഇസ്രായിലിന്റെ ക്രൂരതകള്‍ തുടരുന്നു. ഫലസ്തീനെ സഹായിക്കാനുള്ള യു. എന്‍ ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വാര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ് (യു. എന്‍. ആര്‍. ഡബ്ല്യു. എ)ന് നാല് രാജ്യങ്ങളുടെ സഹായം കൂടി നിര്‍ത്തലാക്കാന്‍ ഇസ്രായിലിന് സാധിച്ചു. ഇതോടെ സംഘടനയ്ക്ക് സഹായം നിര്‍ത്തിയ രാജ്യങ്ങളുടെ എണ്ണം ഒന്‍പതായി. 

ഹമാസിന്റെ ഇസ്രായില്‍ ആക്രമണത്തില്‍ യു. എന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് ഇസ്രായില്‍ വിവിധ രാജ്യങ്ങളുടെ സഹായം നിര്‍ത്തിച്ചത്. ഇസ്രായില്‍ ഉയര്‍ത്തിയ ആരോപണത്തിന് തൊട്ടുപിന്നാലെ ആദ്യം യു. എസാണ് സഹായം റദ്ദാക്കിയത്. പിന്നീട് യു. കെ, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സഹായം താത്ക്കാലികമായി നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു. അതിനു ശേഷമാണ് ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളും സഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. 

ധനസഹായം നല്‍കുന്നതില്‍ നിന്നും കൂടുതല്‍ രാജ്യങ്ങളെ തടയാന്‍ ഇസ്രായിലിന്റെ വിദേശകാര്യ മന്ത്രാലയമാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇസ്രായില്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സഹായധനം നിര്‍ത്തലാക്കിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇസ്രായിലിന്റെ ആക്രമണം അവസാനിച്ചാല്‍ യു. എന്‍. ആര്‍. ഡബ്ല്യു. എ മാറ്റിസ്ഥാപിക്കണമെന്നും കാറ്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണാനന്തരം യു. എന്‍. ആര്‍. ഡബ്ല്യു. എയെ ഗാസയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ഇയാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് യു. എന്‍. ആര്‍. ഡബ്ല്യു. എയ്ക്ക് പകരം യഥാര്‍ഥ സമാധാനത്തിനും വികസനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ഏജന്‍സികളെ നിയമിക്കണമെന്നും അയാള്‍ എക്‌സില്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ സമാധാനം എന്ന വാക്കില്‍ ഇസ്രായില്‍ ഉദ്ദേശിക്കുന്നത് വ്യക്തമാണ്. 

വാചാടോപങ്ങളോട് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നാണ് കാറ്റ്സിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് യു. എന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞത്. യു. എന്‍. ആര്‍. ഡബ്ല്യു. എയ്ക്ക് മികച്ച റെക്കോര്‍ഡ് ഉണ്ടെന്ന കാര്യം മാത്രം തങ്ങള്‍ അടിവരയിടുന്നെന്നും അദ്ദേഹം പറഞ്ഞു. 

യു. എന്‍. ആര്‍. ഡബ്ല്യു. എ ജീവനക്കാരില്‍ ചിലര്‍ക്ക് ഒക്ടോബര്‍ ഏഴിന് ഇസ്രയിലിനെതിരായ ഹമാസ് ആക്രമണത്തില്‍ പങ്കുണ്ടെന്ന ഇസ്രായില്‍ ആരോപണത്തിന് പിന്നാലെ സംഘടന അന്വേഷണം പ്രഖ്യാപിക്കുകയും ആരോപണ വിധേയരായ ജീവനക്കാരെ ഒഴിവാക്കുകയും ചെയ്തിരുന്നു. 

രാജ്യങ്ങള്‍ സഹായം നിര്‍ത്തലാക്കുന്നത് ഗാസയിലെ ഫലസ്തീനികള്‍ക്ക് നല്‍കുന്ന അധിക ശിക്ഷയായിരിക്കുമെന്നാണ് യു. എന്‍. ആര്‍. ഡബ്ല്യു. എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി എക്‌സില്‍ കുറിച്ചത്. ഒന്‍പത് രാജ്യങ്ങള്‍ നടത്തിയ തീരുമാനം ഈ മേഖലയിലുടനീളമുള്ള സംഘടനയുടെ മാനുഷിക ശ്രമങ്ങളെ അപകടത്തിലാക്കിയതായും ലസാരിനി ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ തങ്ങളുടെ  പ്രവര്‍ത്തനത്തെ ധനസഹായം നിര്‍ത്തലാക്കിയത് സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. ചെറിയ കൂട്ടം ജീവനക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയായി ഏജന്‍സിക്ക് നല്‍കുന്ന ഫണ്ട് താത്ക്കാലികമായി നിര്‍ത്തിവച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും ലസാരി പ്രസ്താവനയില്‍ പറഞ്ഞു. ആരോപിതരായ ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച് യു എന്‍ ആര്‍ ഡബ്ല്യു എ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ ഫണ്ട് നിര്‍ത്തിയത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

യു. എന്‍. ആര്‍. ഡബ്ല്യു. എയ്ക്കെതിരായ ഇസ്രായില്‍ കാമ്പെയ്നെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. സയണിസ്റ്റ് ശത്രുവിന്റെ വിവരങ്ങളാണ് ധനസഹായം നിര്‍ത്തലാക്കുന്നതിനും ജീവനക്കാരുടെ കരാറുകള്‍ അവസാനിപ്പിക്കുന്നതിനും കാരണമെന്നതെന്ന് ഹമാസ് പറഞ്ഞു.

ഫലസ്തീനില്‍ അതിക്രമിച്ച കയറി ഇസ്രായില്‍ സ്ഥാപിതമായ 1948ലെ യുദ്ധത്തില്‍ പലായനം ചെയ്യേണ്ടി വന്ന അഭയാര്‍ഥികളെ സഹായിക്കാനാണ് യു. എന്‍. ആര്‍. ഡബ്ല്യു. എ സ്ഥാപിതമായത്. ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ ഫലസ്തീനികള്‍ക്കുള്ള വിദ്യാഭ്യാസം, ആരോഗ്യം, സഹായ സേവനങ്ങള്‍ തുടങ്ങിയവയാണ് ഏജന്‍സി നല്‍കുന്നത്. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും സഹായിക്കുന്നതില്‍ സംഘടന നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Latest News