Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ കാണാനില്ല, യുപി പോലീസ് വടകരയിലെത്തി  വീട് പരിശോധിച്ചു, അബദ്ധം മനസ്സിലായത് പിന്നീട് 

കോഴിക്കോട്-ഉത്തര്‍ പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യു.പി പോലീസ് സംഘം തിരഞ്ഞെത്തിയത് വടകരയില്‍. ഉത്തര്‍ പ്രദേശ് സൈബര്‍ സെല്ലില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ ഫോണ്‍ നമ്പര്‍ വടകര സ്വദേശിയായ യുവതിയുടേതാണെന്ന  ആരോപിച്ച പോലീസ് വീടിനകത്ത് കയറി പരിശോധന നടത്തി. ഈ സമയം വടകര ടൗണിലേക്ക് പോയിരുന്ന യുവതിയും സഹോദരിയും വിവരമറിഞ്ഞ് വീട്ടിലെത്തുകയായിരുന്നു. കാണാതായ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ യുവതിയുടേതാണെന്ന പറഞ്ഞ യു.പി പോലീസ് അവരോട് പൊലീസ് വണ്ടിയില്‍ കയറി വടകര സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറാവാതിരുന്ന യുവതി അച്ഛനോടും സഹോദരനോടുമൊപ്പമാണ് സ്റ്റേഷനില്‍ ഹാജരായത്. വടകര സ്റ്റേഷനില്‍ വെച്ച് സൈബര്‍ സെല്ലിലെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഒരു അക്കത്തിന്റെ വ്യത്യാസത്തില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് യുവതിയെ സംശയിക്കാനിടയാക്കിയതെന്ന് വ്യക്തമാവുകയായിരുന്നു. യു.പി. പോലീസിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും സഹോദരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് പ്രശ്‌നം ഉണ്ടായതെന്നും യുവതി പറഞ്ഞു. മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും  അവര്‍ വ്യക്തമാക്കി. വൈകീട്ട് 3.40 ഓടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തെത്തിയ യുവതിയുടെ അമ്മ പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഹിന്ദിക്കാര്‍ താമസമുണ്ടോ എന്ന് ചോദിച്ച പോലീസിന് സമീപത്തെ ഹിന്ദിക്കാര്‍ താമസിക്കുന്ന ബില്‍ഡിംഗ് കാണിച്ച് കൊടുത്തെങ്കിലും അവിടെ വരെ പോയി ലൊക്കേഷന്‍ കാണിക്കുന്നത് ഇവിടെയാണെന്ന് പറഞ്ഞ് വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Latest News