Sorry, you need to enable JavaScript to visit this website.

റെഡ് സീ ബീച്ച് വൃത്തിയാക്കാൻ ആധുനിക റോബോട്ട്

റെഡ് സീ ഡെസ്റ്റിനേഷനിൽ ഉപയോഗിക്കുന്ന ബീച്ച് ക്ലീനിംഗ് റോബോട്ട്.

ജിദ്ദ - റെഡ് സീ ഡെസ്റ്റിനേഷനിൽ ബീച്ചുകളിൽ മാലിന്യ മുക്തമായ മണൽ സംരക്ഷിക്കാനും ബീച്ചുകൾ വൃത്തിയാക്കാനും നൂതന റോബോട്ട് ഏർപ്പെടുത്തിയതായി ലോകത്തിലെ ഏറ്റവും അഭിലഷണീയമായ ടൂറിസം പദ്ധതികളായ റെഡ് സീ, അമാലാ പദ്ധതികളുടെ ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും ശേഖരിക്കാനും ബീച്ചിലെ മണലിന്റെ രൂപം മെച്ചപ്പെടുത്താനുമാണ് അത്യാധുനിക ഇലക്ട്രിക് റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു സെന്റീമീറ്റർ മുതൽ രണ്ടു സെന്റീമീറ്റർ വരെ വലിപ്പമുളള ചെറിയ വസ്തുക്കൾ കണ്ടെത്താൻ സാധിക്കുമെന്നതും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുമെന്നതും പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്താതെ സമഗ്രമായ ക്ലീനിംഗ് ഫലങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്നതും റോബോട്ടിന്റെ സവിശേഷതകളാണ്. 
വളരെ വഴക്കമുള്ള രീതിയിൽ രൂപകൽപന ചെയ്തതിലൂടെ ഫർണിച്ചറിനും മറ്റു വസ്തുക്കൾക്കുമിടയിലൂടെ എളുപ്പത്തിൽ നീങ്ങാൻ റോബോട്ടിന് സാധിക്കും. ഫർണിച്ചറിനും മറ്റു വസ്തുക്കൾക്കുമിടയിലെ നീക്കം സാധാരണയായി വിണിയിലെ സമാന റോബോട്ടുകൾക്ക് വെല്ലുവിളിയാണ്. മണിക്കൂറിൽ 3,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലം കവർ ചെയ്യാനും റോബോട്ടിന് സാധിക്കും.

 
മനോഹരമായ ഭൂപ്രകൃതിയും ലോകോത്തര റിസോർട്ടുകളും സംരക്ഷിക്കാൻ സഹായിക്കുന്ന നിലക്ക് ബീച്ച് ക്ലീനിംഗ് റോബോട്ട് തുടക്കത്തിൽ റെഡ് സീ ഡെസ്റ്റിനേഷനിലാണ് പ്രവർത്തിപ്പിക്കുക. ബീച്ച് ക്ലീനിംഗ് റോബോട്ട് ഉപയോഗിക്കുന്നതിലൂടെ കൈവരിച്ച ഈ പ്രധാന നേട്ടം സന്ദർശകർക്കായി ബീച്ചുകളുടെ സൗന്ദര്യം സംരക്ഷിക്കാനുള്ള റെഡ് സീ ഗ്ലോബലിന്റെ സമർപ്പണത്തെ സൂചിപ്പിക്കുകയും ആഡംബര യാത്രാനുഭവങ്ങളും സുസ്ഥിരമായ പാരിസ്ഥിതിക പ്രവർത്തനങ്ങളും തമ്മിലുള്ള യോജിപ്പ് മൂർത്തീകരിക്കുകയും ചെയ്യുന്നു. 
2023 ൽ ആദ്യ രണ്ടു ഹോട്ടലുകൾ തുറന്ന് ആദ്യ സന്ദർശകരെ റെഡ് സീ ഡെസ്റ്റിനേഷനിൽ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. 2023 സെപ്റ്റംബർ മുതൽ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചും വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 2030 ൽ നിർമാണം പൂർത്തിയാകുന്നതോടെ റെഡ് സീ ഡെസ്റ്റിനേഷനിൽ 50 റിസോർട്ടുകളുണ്ടാകും. ഇവ ആകെ 8,000 ഹോട്ടൽ യൂനിറ്റുകൾ ലഭ്യമാക്കും. ഇതിനു പുറമെ, പദ്ധതി പ്രദേശത്തെ 22 ദ്വീപുകളിലും ആറു കരപ്രദേശങ്ങളിലുമായി 1,000 ലേറെ പാർപ്പിട യൂനിറ്റുകളുമുണ്ടാകും. ആഡംബര മറീനകളും ഗോൾഫ് കോഴ്‌സുകളും വിനോദ സൗകര്യങ്ങളും മറ്റും റെഡ് സീ ഡെസ്റ്റിനേഷനിലുണ്ടാകും. 

 

Latest News