Sorry, you need to enable JavaScript to visit this website.

മേഘ്‌നാ സുരേന്ദ്രൻ പകരുന്ന സാന്ദ്രാനന്ദം

മേഘ്‌നാ സുരേന്ദ്രൻ
മേഘ്‌ന കുടുംബാംഗങ്ങൾക്കൊപ്പം

പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഗായികയും അവതാരകയുമായ മേഘ്നാ സുരേന്ദ്രൻ പ്രവാസം ഏറ്റവും മികച്ച രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ പ്രായോഗിക പാഠങ്ങളാണ് സമൂഹത്തിന് പകർന്ന് നൽകുന്നത്. അവസരത്തിന്റെ ഔചിത്യം തിരിച്ചറിഞ്ഞ് സമയവും സന്ദർഭവും അനുസരിച്ച് ഉണർന്ന് പ്രവർത്തിക്കുന്നവർക്കേ ജീവിതം മനോഹരമാക്കാനാവുകയുള്ളൂ. പാട്ടുകളും പരിപാടികളുമായി വേദികളിൽ നിന്നും വേദികളിലേക്കുള്ള നിരന്തര യാത്രകളും തിരക്കുകളുമായി കഴിഞ്ഞിരുന്ന മേഘ്‌ന പ്രവാസിയായി ഖത്തറിലെത്തിയപ്പോഴാണ് സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ് ഒരു മികച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ലോകോത്തരങ്ങളായ പല ബ്രാൻഡുകളുടേയും സോഷ്യൽ മീഡിയ പ്രമോഷനുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഈ നാദാപുരത്തുകാരി.

മീഡിയ വൺ പതിനാലാം രാവ് അവതാരകയായി ശ്രദ്ധേയയായ മേഘ്നാ സുരേന്ദ്രൻ കേരളത്തിനകത്തും പുറത്തും ആടിയും പാടിയും വേദികൾ കീഴടക്കിയ ശേഷമാണ് ഖത്തറിലെത്തിയത്. കോവിഡ് കാലത്തിന്റെ ഭീകരമായ ഒറ്റപ്പെടലുകളും പൊതു പരിപാടികളുടെ അഭാവവും സോഷ്യൽ മീഡിയയെ കൂടുതൽ ശക്തമാക്കിയപ്പോൾ സവിശേഷമായ വീഡിയോകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയാണ് മേഘ്ന രംഗം കയ്യടക്കിയത്.

ബഹ്‌റൈൻ പ്രവാസിയായിരുന്ന സുരേന്ദ്രന്റേയും ഷീജയുടേയും സീമന്ത പുത്രിയായി ബഹ്‌റൈനിലാണ് മേഘ്ന ജനിച്ചത്. സംഗീതത്തോട് ആഭിമുഖ്യമുള്ള കുടുംബ പശ്ചാത്തലവും ഹിന്ദുസ്ഥാനി , കർണാട്ടിക് സംഗീതങ്ങളോടുള്ള അച്ഛന്റെ താൽപര്യവുമൊക്കെ മേഘ്നയിലെ സംഗീത അഭിരുചിക്ക് കളമൊരുക്കിയിരിക്കാം. കുട്ടിക്കാലം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്ന മേഘ്ന സ്‌കൂൾ കലോൽസവങ്ങളിലും മറ്റു മൽസരങ്ങളിലുമൊക്കെ തിളങ്ങിരുന്നെങ്കിലും സി.ബി.എസ്.ഇ 
സ്‌കൂളിലായിരുന്നതിനാൽ സാധാരണ സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. എങ്കിലും പൊതുവേദികൾ കീഴടക്കി ഒരു കുട്ടി പാട്ടുകാരിയായി ഇന്ത്യക്കകത്തും പുറത്തും നടന്ന നിരവധി വേദികളിൽ പാടാനും വിവിധ ഗാനമേളകളുടെ ഭാഗമാകാനും മേഘ്‌നക്ക് അവസരം ലഭിച്ചു. ജ്വല്ലറി വ്യാപാരിയായ അച്ഛനും കുടുംബവും സഹൃദയരായിരുന്നതിനാൽ എല്ലാവിധ പ്രോൽസാഹനവും നൽകി ഈ കലാകാരിയുടെ വളർച്ചക്ക് വഴിയൊരുക്കി.
അച്ഛൻ തന്നെയായിരുന്നു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മേഘ്ന യുടെ ഏറ്റവും വലിയ മോട്ടിവേറ്റർ. നാട്ടിലായിരുന്നപ്പോഴും പ്രവാസ ലോകത്തെത്തിയപ്പോഴും അച്ഛന്റെ നിർദേശങ്ങൾ വിലമതിച്ചാണ് മേഘ്ന മുന്നോട്ടുപോകുന്നത്. എന്നും തന്റെ റോൾ മോഡൽ അച്ഛനാണെന്ന് അഭിമാനത്തോടെ പറയാനും മേഘ്നക്ക് സന്തോഷമാണ്.

മാഹി കലാഗ്രാമത്തിലെ ലാലു സുകുമാർ എന്ന അധ്യാപകന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച മേഘ്ന ആറാം ക്ളാസിൽ തന്നെ അരങ്ങേറ്റം കുറിച്ചു. കൈരളി, അമൃത, ജയ് ഹിന്ദ് എന്നീ ചാനലുകളിലൊക്കെ വ്യത്യസ്ത ഷോകളുടെ ഭാഗമാവാൻ മേഘ് നക്ക് അവസരം ലഭിച്ചെങ്കിലും മീഡിയ വൺ പതിനാലാം രാവിലൂടെയാണ് ഒരു മികച്ച അവതാരകയായി പേരെടുത്തത്.

കല്യാണ ദിവസം ഒരു പഴയ തമിഴ് പാട്ടിനൊത്ത് ചെയ്ത നൃത്തം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതാണ് സോഷ്യൽ മീഡിയയുടെ സ്വാധീനം ബോധ്യപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പേരാണ് ആ വീഡിയോ ഇഷ്ടപ്പെട്ട് കമന്റുകളയച്ചത്. അങ്ങനെ മെല്ലെ മെല്ലെ ഓരോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആയിരങ്ങളെ ആകർഷിച്ചപ്പോൾ പല കമ്പനികളും പ്രൊഡക്ടുകളും പ്രമോഷനുകളുമായി ബന്ധപ്പെട്ട് സമീപിക്കുകയായിരുന്നു. ക്രമേണ നാട്ടിലും മറു നാട്ടിലുമായി നൂറ് കണക്കിന് പ്രൊഡക്ടുകളുടെ ഫോട്ടോ ഷൂട്ടുകളിലും പ്രമോഷൻ കാമ്പയിനുകളിലും ബ്രാൻഡിംഗുകളിലുമൊക്കെ ഭാഗമാകാൻ അവസരം ലഭിച്ചു.

ഫാഷൻ ആക്സസറികൾ, ജ്വല്ലറി, ബൊട്ടീക് തുടങ്ങി മേഘ്ന കൈവെക്കാത്ത മേഖലകൾ കുറവാണ്. ലേഡീസ് ആക്സസറികൾക്കായി സാരിയ എന്ന പേരിൽ സ്വന്തമായ പേജ് തുടങ്ങിയ മേഘ്‌ന ഒരു സംരംഭക എന്ന നിലക്കും ഭാഗ്യ പരീക്ഷണം നടത്തുകയാണ്. സ്വന്തമായി മേനി ബൈ മേഘ്ന എന്ന പേരിൽ ഒരു ക്ളോത്തിംഗ് ബ്രാൻഡ് തുടങ്ങിയ മേഘ്ന നാട്ടിലും പ്രവാസ ലോകത്തും ബിസിനസിന്റെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തമായൊരു സ്റ്റോർ എന്നതാണ് മേഘ്‌നയുടെ അടുത്ത സ്വപ്നം.
ടിക് ടോകിലും ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലുമൊക്കെ സജീവമായി സമയം പാഴാക്കാതെ സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ പ്രയോജനകരമായി ഉപയോഗപ്പെടുത്താമെന്നാണ് മേഘ്ന സുരേന്ദ്രനിൽ നിന്നും നാം പഠിച്ചെടുക്കേണ്ടത്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഖത്തർ പ്രവാസിയാണെങ്കിലും ഗായികയായും അവതാരകയുമായുമൊക്കെയുള്ള തന്റെ കഴിവുകൾ മേഘ്ന ഇതുവരെ പുറത്തെടുത്തിട്ടില്ല. കോവിഡാനന്തര ലോകത്ത് കലാ സാംസ്‌കാരിക പരിപാടികൾ സാർവത്രികമാകുന്നതോടെ ഈ കലാകാരിയുടെ സജീവ സാന്നിധ്യം ഖത്തർ വേദികളെ ധന്യമാക്കുമെന്നാണ് കരുതുന്നത്.
ഖത്തറിലെ പ്രശസ്തമായ സൂഖ് വാഖിഫിലെ ആർട്ടിസ്റ്റും ആർട് കോർഡിനേറ്ററുമായ രജീഷ് രവിയാണ് മേഘ്‌നയുടെ ഭർത്താവ്. ഇരുവരും ചേർന്ന് പല പ്രമോഷൻ വീഡിയോകളും ചെയ്യാറുണ്ട്.

Latest News