Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഫുഡ് ഡെലിവറി കമ്പനികളെ ശക്തമായി നിരീക്ഷിക്കണമെന്ന് ആവശ്യം

ജിദ്ദ - ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. പ്രധാന റോഡുകളിലും ചത്വരങ്ങളിലും ഡെലിവറി കമ്പനി ജീവനക്കാരുടെ വലിയ വ്യാപനമാണുള്ളത്. ഇക്കൂട്ടത്തിൽ അധിക പേരും സുരക്ഷാ സംവിധാനങ്ങൾ പൂർണമല്ലാത്ത പഴകിദ്രവിച്ച കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം മലിനമാകാനും ഗുണനിലവാരം നഷ്ടപ്പെടാനും ഇത് ഇടയാക്കുകയാണ്. 
നഗരങ്ങൾക്കകത്തും പുറത്തും എക്‌സ്പ്രസ്‌വേകളിലും മെയിൻ റോഡുകളിലും ശാഖാ റോഡുകളിലും അമിത വേഗതയിലും അപകടകരമായ നിലയിലുമാണ് ഡെലിവറി ജീവനക്കാർ വാഹനമോടിക്കുന്നത്. ക്രമരഹിതമായി ഇവർ ട്രാക്കുകൾ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്നു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗവും വ്യാപകമാണ്. ഡെലിവറി മേഖലയിൽ വിദേശ ജീവനക്കാരുടെ ആധിപത്യവും പ്രകടമാണ്. ഇവരിൽ ഭൂരിഭാഗവും ലൈസൻസില്ലാതെയാണ് ജോലി ചെയ്യുന്നത്. 
എത്രയും വേഗം ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് ക്രമരഹിതമായും മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന നിലക്കാണ് ബൈക്കുകൾ സഞ്ചരിക്കുന്നതെന്ന് സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന എഴുത്തുകാരൻ സ്വാലിഹ് അബ്ദുല്ല അൽമുസ്‌ലിം പറഞ്ഞു. ഡെലിവറി ബൈക്കുകൾ കാരണം അപകടങ്ങൾ വർധിക്കുന്നു. എല്ലാ മേഖലകളിലും ഇവർ വലിയ അരാജകത്വമാണുണ്ടാക്കുന്നത്. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട മേഖലകളിൽ ഒന്നായി മാറിയ ഡെലിവറി മേഖല വ്യവസ്ഥാപിതമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. കൂടുതൽ രൂക്ഷമാകുന്നതിനു മുമ്പ് പ്രശ്‌നം മനസ്സിലാക്കി നഗരസഭകളും വാണിജ്യ മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കണം. മറ്റുള്ളവരെ പ്രയാസപ്പെടുത്തിക്കൊണ്ടായിരിക്കരുത് ഡെലിവറി കമ്പനികൾ ലാഭത്തിന് ശ്രമിക്കേണ്ടതെന്നും സ്വാലിഹ് അബ്ദുല്ല അൽമുസ്‌ലിം പറഞ്ഞു. 
വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഡെലിവറി ജീവനക്കാർ ജോലി ചെയ്യുന്നതെന്ന് സാമൂഹിക വിദഗ്ധൻ മുഹമ്മദ് അൽസയ്യിദ് പറഞ്ഞു. ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു. ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപനത്തോടെയും ജീവിത ശൈലി മാറിയതോടെയും ഇത്തരം ആപ്പുകൾ വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിയമ ലംഘകർക്കും നിയമ വിരുദ്ധർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന മേഖലയായി മാറിയ ഡെലിവറി മേഖല വ്യവസ്ഥാപിതമാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മുഹമ്മദ് അൽസയ്യിദ് പറഞ്ഞു.
ഡെലിവറി സേവനം വളരെ പ്രധാനമാണെങ്കിലും ഈ മേഖലയിൽ എമ്പാടും പോരായ്മകളുമുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ ബോധവൽക്കരണ കമ്മിറ്റി മുൻ സെക്രട്ടറി ജനറലുമായ ത്വൽഅത് ഹാഫിസ് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ തമ്മിലെ ഏറ്റക്കുറച്ചിലുകളും ഹെൽമെറ്റ് ധരിക്കൽ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഡ്രൈവർമാർ പാലിക്കാത്തതുമാണ് ഇതിൽ പ്രധാനം. ബൈക്ക് ഡ്രൈവർമാരുടെ അമിത വേഗവും അവർ പ്രത്യേക ട്രാക്കുകൾ പാലിക്കാത്തതും ബൈക്കുകൾ മറ്റു വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുന്നതായും ത്വൽഅത് ഹാഫിസ് പറഞ്ഞു. 

താൻ വീടുകളിലും ഇസ്തിറാഹകളിലും സ്‌കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസ് ആസ്ഥാനങ്ങളിലും ഓർഡറുകൾ ഡെലിവറി ചെയ്യുന്നതായി രണ്ടു വർഷമായി ബൈക്ക് ഉപയോഗിച്ച് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ വംശജൻ പറഞ്ഞു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിലാണ് താൻ ജോലി ചെയ്യുന്നത്. കമ്പനിയിലെ ഡ്യൂട്ടി അവസാനിച്ച ശേഷമാണ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കാൻ ഔദ്യോഗിക പെർമിറ്റോ രോഗമുക്തനാണെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡോ തന്റെ പക്കലില്ലെന്നും ഈ മേഖലയിലെ ജോലി കാരണം ഇതുവരെ തനിക്ക് ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ഏഷ്യൻ വംശജൻ പറഞ്ഞു. 

കൊറോണ വ്യാപന കാലം മുതൽ താൻ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതായി ബൈക്കിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന അറബ് വംശജൻ പറഞ്ഞു. ധാരാളം ഓർഡറുകൾ ലഭിച്ചിരുന്നതിനാൽ നേരത്തെ പ്രതിദിനം ആയിരം റിയാൽ വരെ വരുമാനം ലഭിച്ചിരുന്നു. സമയം തികയാത്തതിനാൽ അക്കാലത്ത് ചില ഓർഡറുകൾ സ്വീകരിച്ചിരുന്നില്ല. ദൂരത്തിനും ഓർഡറിന്റെ വലിപ്പത്തിനും അളവിനും ഇനത്തിനും അനുസരിച്ച് നിലവിൽ ഒരു ഓർഡർ ഡെലിവറി ചെയ്യുന്നതിന് 20 റിയാൽ മുതൽ 30 റിയാൽ വരെയാണ് ലഭിക്കുന്നത്. മാസത്തിൽ 8,000 റിയാലിലേറെ താൻ ഡെലിവറി ജോലിയിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അറബ് വംശജൻ പറഞ്ഞു. 
നിയമസാധുത ഉറപ്പുവരുത്താൻ ഡെലിവറി ജീവനക്കാരെ ട്രാഫിക് ഡയറക്ടറേറ്റ് ഇപ്പോൾ ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകളും ലൈസൻസും വെഹിക്കിൾ രജിസ്‌ട്രേഷനും ഉണ്ടെന്നും ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടുമുണ്ടെന്നുമാണ് ട്രാഫിക് ഡയറക്ടറേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ട്രാഫിക് നിയമം പാലിക്കാത്ത ബൈക്കുകൾ പിടിച്ചെടുക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു. 
ഡെലിവറി മേഖലയിൽ ഫ്രീലാൻസ് രീതിയിൽ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതിമാസം 3,000 റിയാൽ വരെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് സൗദി യുവതീയുവാക്കളോടും ഉദ്യോഗാർഥികളോടും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. ഡെലിവറി മേഖലയിൽ 16 ആപ്പുകൾക്ക് അതോറിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. പ്രതിമാസം ചുരുങ്ങിയത് 30 ഓർഡറുകളെങ്കിലും ഡെലിവറി ചെയ്യുന്നവർക്കാണ് മാസത്തിൽ 3,000 റിയാൽ വരെ സാമ്പത്തിക സഹായം നൽകുകയെന്നും അതോറിറ്റി പറഞ്ഞു.
 

Latest News