Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയില്ല; മോഹന്‍ലാലിന്റെ സിനിമ ബഹിഷ്‌ക്കരിക്കാന്‍ ഹിന്ദുത്വ ആഹ്വാനം

കൊച്ചി- ക്ഷണം ലഭിച്ചിട്ടും അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരുന്ന മോഹന്‍ലാലിനെതിരെ ഹിന്ദുത്വവാദികളുടെ ബഹിഷ്‌ക്കരണ ആഹ്വാനം. മലൈക്കോട്ടൈ വാലിബന്‍ സിനിമ അടുത്ത ദിവസം റിലീസാകാനിരിക്കെ മോഹന്‍ലാല്‍ ചിത്രം ബഹിഷ്‌ക്കരിക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ക്ഷണമുണ്ടായിട്ടും പോകാതിരുന്ന മോഹന്‍ലാലിനേക്കാള്‍ തന്റെ സിനിമാ സെറ്റില്‍ ആഘോഷം സംഘടിപ്പിച്ച ഉണ്ണി മുകുന്ദനാണ് ഹീറോ എന്നും ബഹിഷ്‌ക്കരണവാദികള്‍ എടുത്തുകാട്ടുന്നു. ഗെറ്റ് സെറ്റ് ബേബി എന്ന തന്റെ സിനിമാ ലൊക്കേഷനിലാണ് ഉണ്ണി മുകുന്ദന്‍ ക്രൂ അംഗങ്ങളോടൊപ്പം രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിച്ചത്. 

നട്ടെല്ലില്ലാത്ത ചില സൂപ്പര്‍ താരങ്ങളേക്കാള്‍ തന്റെ പുതിയ സിനിമയുടെ സെറ്റില്‍ പ്രാണപ്രതിഷ്ഠ ആഘോഷിച്ച ഉണ്ണി മുകുന്ദനാണ് റിയല്‍ ഹീറോ എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം കമന്റുകളെ എതിര്‍ത്തും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. വാലിബന്‍ ഒരു പ്രമോഷനും ആവശ്യമില്ലാതെ ബഹിഷ്‌ക്കരണത്തിലൂടെ ശബരിമല പോലെ കളക്ഷന്‍ കൂടാനാണ് സാധ്യതയെന്നാണ് മറ്റൊരാളുടെ കമന്റ്. 

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ പോസ്റ്റിന് താഴെയും നിരവധി പേര്‍ ബഹിഷ്‌ക്കരണം പറഞ്ഞ് കമന്റിട്ടിട്ടുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന മലൈക്കോട്ടെ വാലിബന്‍ ജനുവരി 25നാണ് റിലീസ്. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠയില്‍ മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്നത് തന്റെ സിനിമ റിലീസാകാനിരിക്കുന്നതിനാലാണെന്നാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തവരുടെ ആരോപണം. 

ഹിന്ദുത്വവാദികള്‍ ബഹിഷ്‌ക്കരിച്ചാലും ഇല്ലെങ്കിലും 25ന് റിലീസ് ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. ഓരോ മണിക്കൂറിലും ആയിരത്തിലേറെ ടിക്കറ്റുകളുടെ വില്‍പ്പന നടക്കുന്നതായാണ് ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക്‌മൈഷോ പറയുന്നത്.

അഡ്വാന്‍സ് ബുക്കിംഗില്‍ 1204 ഷോകളിലായി ഏകദേശം 1.35 കോടി രൂപയുടെ പ്രീ സെയിലാണ് മലൈക്കോട്ടൈ വാലിബന്‍ ഇതിനകം നേടിയത്. ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ കേരളത്തില്‍ മാത്രം വിറ്റുപോയെന്നാണ് കണക്ക്. കേരളത്തില്‍ 25ന് രാവിലെ ആറരയ്ക്കാണ് ആദ്യ പ്രദര്‍ശനം. ഇന്ത്യന്‍ സിനിമാ ലോകം ഈ വര്‍ഷം ഉറ്റുനോക്കുന്ന 20 സിനിമകളുടെ പട്ടിക തയ്യാറാക്കിയ ഐഎംബിഡി 13-ാം സ്ഥാനമാണ് മലൈക്കോട്ടൈ വാലിബന് നല്‍കിയിരിക്കുന്നത്.  

മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിക്കും വിജി തമ്പിക്കും പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഇവരാരും അയോധ്യയിലെത്തിയിരുന്നില്ല. പി. ടി. ഉഷ ഉള്‍പ്പെടെയുള്ള ചിലരാണ് കേരളത്തില്‍ നിന്നും പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തിയത്.

Latest News