Sorry, you need to enable JavaScript to visit this website.

കാരണഭൂതത്തിന് ശേഷം പുതിയ പിണറായി  'സ്തുതി ഗാനം' സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച 

ന്യൂദല്‍ഹി-മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പന്‍ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കോവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നല്‍കുന്നുണ്ട്. അതേസമയം, ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഗാനത്തിന് വിമര്‍ശനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം.
തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണന്‍ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവര്‍ത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമര്‍ശനത്തോടെയാണ് പാട്ടിന്റെ തുടക്കം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുമ്പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
യുവാക്കളെ ലക്ഷ്യമിട്ടാണ് വരികളും നൃത്തവുമെല്ലാം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് നിളയാണ് വീഡിയോ ഗാനം സംവിധാനം ചെയ്തത്.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പാട്ടിന് എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സൈബര്‍ ഇടത് ഗ്രൂപ്പുകള്‍ ഇത് പ്രചരിപ്പിക്കുമ്പോള്‍ തന്നെ ഒരു വിഭാഗം പരിഹാസവും ഉയര്‍ത്തുന്നുണ്ട്. മുന്‍പ് പി.ജയരാജനെ പുകഴ്ത്തിയുള്ള  ഗാനം വ്യക്തിപൂജയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തള്ളിയിരുന്നു.

Latest News