Sorry, you need to enable JavaScript to visit this website.

സാമ്പത്തികവര്‍ഷം രണ്ടാം പാദം: വയനാട്ടില്‍ ബാങ്കുകള്‍ 4,533 കോടി വായ്പ നല്‍കി

2024-25 സാമ്പത്തിക വര്‍ഷത്തേക്ക് നബാര്‍ഡ് തയാറാക്കിയ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ വയനാട് ജില്ലാ ബാങ്കിംഗ്  അവലോകന സമിതി യോഗത്തില്‍ പ്രകാശനം ചെയ്യുന്നു.

കല്‍പറ്റ-സെപ്റ്റംബര്‍ 30ന് അവസാനിച്ച  സാമ്പത്തികവര്‍ഷം രണ്ടാംപാദത്തില്‍  വയനാട്ടിലെ ബാങ്കുകള്‍  4,533  കോടി രൂപ വായ്പ നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ കെ.ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍  ലീഡ് ബാങ്ക്(കനറ)ഡിവിഷണല്‍ മാനേജര്‍  പി.കെ.അനില്‍കുമാര്‍ അറിയിച്ചതാണ് വിവരം.
1,991 കോടി രൂപ കാര്‍ഷിക മേഖലയിലും 524 കോടി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും 1,574 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയിലുമാണ് വിതരണം ചെയ്തത്.  രണ്ടാം പാദത്തില്‍ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 10,098 കോടിയായി വര്‍ധിച്ചു.  8,478 കോടി രൂപയാണ് നിക്ഷേപം. 7,000 കോടി രൂപ വായ്പയാണ് ജില്ലയില്‍ ലീഡ് ബാങ്ക്  നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്.
സാമൂഹിക സുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും അംഗമാകുന്ന സുരക്ഷ- 2023ന്റെ അവലോകനം യോഗത്തില്‍ നടന്നു. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് നബാര്‍ഡ് തയാറാക്കിയ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാനിന്റെ പ്രകാശനം ഡെപ്യൂട്ടി കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും സാമൂഹിക സുരക്ഷാപദ്ധതികളില്‍ ചേര്‍ക്കും.
വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജരുമായ ഇ.കെ.രഞ്ജിത്ത്, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ജിഷ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ.മുജീബ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സി.എസ്.അജിത്കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍  സുരേന്ദ്രന്‍, കേരള ബാങ്ക് എ.ജി.എം.ദീപ,  വയനാട് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍  ബിബിന്‍ മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News