Sorry, you need to enable JavaScript to visit this website.

അനധികൃത അമേരിക്കന്‍ കുടിയേറ്റത്തിന് ഏജന്റുമാര്‍ക്ക് നല്‍കാന്‍ തയ്യാറായത് 80 ലക്ഷം രൂപ

ന്യൂഡല്‍ഹി- അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ നിക്കരാഗ്വയിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാര്‍ ഇതിനായി ചെലവഴിക്കാന്‍ തീരുമാനിച്ചത് ഏകദേശം 60 മുതല്‍ 80 ലക്ഷം വരെ രൂപ. അഡ്വാന്‍സായി ഇവര്‍ എട്ട് ലക്ഷത്തോളം രൂപയാണ് ഏജന്റിന് നല്‍കിയത്. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയാണ് ഈ തുകയെന്നാണ് കേസ് അന്വേഷിക്കുന്ന സി ഐ ഡിക്ക് ലഭ്യമായ വിവരം. 

യു. എ. ഇയില്‍ നിന്നും നിക്കരാഗ്വയിലേക്ക് പറക്കുന്നതിനിടയില്‍ ഇന്ധനം നിറയ്ക്കാന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് മനുഷ്യക്കടത്ത് സൂചനയെ തുടര്‍ന്ന് പിടിക്കപ്പെട്ടത്. റുമാനിയന്‍ വിമാനക്കമ്പനി ലെജന്റ് എയറിന്റെ എ 340 വിമാനം നാലു ദിവസമാണ് ഫ്രാന്‍സില്‍ തടഞ്ഞുവെച്ചത്.

പിടിയിലായ വിമാനത്തില്‍ 303 യാത്രക്കാരാണുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരും ഇതില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തില്‍ അനധികൃത യു. എസ് പ്രവേശമാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനത്തിലെ 276 യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ബാക്കിയുള്ളവരെ പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലെ പ്രത്യേക മേഖലയിലേക്ക് മാറ്റി. അതോടൊപ്പം യാത്രക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസിന് കൈമാറിയിട്ടുണ്ട്. 

പിടിയിലായതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയച്ച യാത്രക്കാരില്‍ 66 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. സി. ഐ. ഡി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 66 പേരും യു എസിലേക്ക് അനധികൃതമായി കടക്കാന്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ക്ക് 60 മുതല്‍ 80 വരെ ലക്ഷം രൂപയാണ് (72,000 മുതല്‍ 96,000 വരെ ഡോളര്‍) നല്‍കാമെന്ന് സമ്മതിച്ചത്.  

അനധികൃത കുടിയേറ്റം സുഗമമാക്കാമെന്ന് വാഗ്ദാനം ചെയ്ത 15 ഏജന്റുമാരുടെ വിവരങ്ങള്‍ ലഭിച്ചതായും അവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും സി. ഐ. ഡി അറിയിച്ചു. ഗുജറാത്തില്‍ നിന്നുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും എട്ടാം ക്ലാസോ പരമാവധി 12-ാം ക്ലാസോ വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് സി. ഐ. ഡി പറയുന്നു.

അന്വേഷണം വിപുലീകരിക്കാന്‍ ഗുജറാത്ത് സി. ഐ. ഡി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സി. ബി. ഐ) കത്തെഴുതിയിട്ടുണ്ട്.

വിമാനം ചാര്‍ട്ടേഡ് ചെയ്ത ഏജന്‍സിയെക്കുറിച്ചും യു. എ. ഇയില്‍ നിന്ന് വിസ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദുബായ് അധികൃതരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ഡിസംബര്‍ 21നാണ് റുമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 വിമാനത്തില്‍ 303 ഇന്ത്യന്‍ യാത്രക്കാര്‍ ദുബായില്‍ നിന്നും യാത്ര തുടങ്ങിയത്. 

ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ വ്യത്യസ്ത സമയങ്ങളിലായിരുന്നു നേരത്തെ യു. എ. ഇയില്‍ എത്തിയത്. ഇവര്‍ക്കെല്ലാവര്‍ക്കും ദുബായില്‍ പ്രവേശിക്കുന്നതിന് നിയമപരമായ ടൂറിസ്റ്റ് വിസയുണ്ടായിരുന്നു.

Latest News