Sorry, you need to enable JavaScript to visit this website.

അവസരവാദ രാഷ്ട്രീയമാണ് സി.പി.എമ്മിന്റെ മുഖമുദ്ര -വി.ടി. ബൽറാം

ദമാം- അവസരവാദ രാഷ്ട്രീയമാണ് സി.പി.എമ്മിന്റെ മുഖമുദ്രയെന്നും കേരളത്തിൽ മലീമസമായ അവസര വാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകിയതിലൂടെ സി.പി.എം തെളിയിച്ചിരിക്കുന്നതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ വി.ടി. ബൽറാം അഭിപ്രായപ്പെട്ടു. വി.എസ് അടക്കം സി.പി.എമ്മിന്റെ മുതിർന്ന നിരവധി നേതാക്കളെ പോലും വളരെ ക്രൂരമായി അധിക്ഷേപിച്ച ഗണേഷ് കുമാറിന് ഇപ്പോൾ ക്ലീൻ ചീട്ട് നൽകുന്നതിൽ അത്ഭുതമില്ലെന്നും മുമ്പ് കെ.എം. മാണിയുടെ കാര്യത്തിലും സി.പി.എം സ്വീകരിച്ച നിലപാട് ഇത് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അൽ സ ഒ.ഐ.സി.സി സംഘടിപ്പിച്ച കോൺഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സൗദിയിലെത്തിയ അദ്ദേഹം മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
 കേരളം സാമ്പത്തിക അരാജകത്വത്തിലേക്ക് കൂപ്പു കുത്തിയതായും കടുത്ത വികസന മുരടിപ്പാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊട്ടിഘോഷിക്കപ്പെട്ട നവകേരള സദസ്സിൽ വന്നു ചേർന്ന ജനങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ടാണ് തിരിച്ചു പോയതെന്നും മുൻ മുഖ്യമന്ത്രി യശഃശരീരനായ ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ തിളക്കവും ഊർജവും സ്വപ്‌നം കണ്ടു എത്തപ്പെട്ട ജനങ്ങൾക്ക്് കനത്ത തിരിച്ചടിയായിരുന്നു പിണറായിയുടെ ജനവിരുദ്ധ സദസ്സെന്നും വാഗ്ദാനങ്ങൾ അല്ലാതെ കാര്യക്ഷമമായ ഒരു നടപടി പോലും സ്വീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ശക്തമായ കടക്കെണിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും ഈ സാഹചര്യത്തെ യു.ഡി.എഫ് മുൻകൂട്ടി പ്രവചിച്ചതാണെന്നും കിഫ്ബി അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയെങ്കിലും തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കാൻ വ്യഗ്രത കാണിക്കുകയായിരുന്നു പിണറായി സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
 ആധുനിക രീതിയിലുള്ള ഒരു പോലീസ് സംവിധാനമല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും പോലീസ് തെരുവ് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമാസക്തമായ ജനക്കൂട്ടത്തെ എങ്ങനെ നേരിടണമെന്ന മാർഗനിർദേശം നിലനിൽക്കേ തികച്ചും സമാധാനപരമായ ഒരു സമരത്തെ പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായി നേരിടുന്നതും കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണെന്നും അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നും മനസ്സിലാവുന്നത് പിണറായി വിജയൻ എന്ന പഴയ തെരുവ് ഗുണ്ട അതേ മാനസിക നിലയിൽ തന്നെ തുടരുന്നതായാണ് കാണാൻ കഴിയുക എന്നും അൽപം മാറ്റം വന്നിട്ടുണ്ടെങ്കിൽ മുഖ്യ ഗുണ്ടയായി എന്ന് മാത്രമാണെന്നും വി.ടി. ബൽറാം പറഞ്ഞു. 
കഴിഞ്ഞ പത്തു വർഷമായി കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടിൽ ജനരോഷം ഉയർന്നു  വരുന്നതായും വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിച്ചു വരുന്നതിൽ ഏറെ കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ ജനത മോഡി സർക്കാരിനെ പൂർണമായും കൈയൊഴിഞ്ഞു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്ര ഭരണം തിരിച്ചു പിടിക്കുമെന്നും തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന ഭയപ്പാട് വന്നതോടെ സംഘ പരിവാർ മതത്തിന്റെയും ജാതിയുടെയും പേരിൽ കലാപങ്ങൾക്ക്  കോപ്പൂകൂട്ടുകയാണെന്നും അത് കൊണ്ടാണ് തെരഞ്ഞെടുപ്പിന് മുമ്പ്  തന്നെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും ബൽറാം പറഞ്ഞു. 
പ്രവാസി വിഷയങ്ങളിൽ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ഭവന പദ്ധതികളിൽ പ്രവാസികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രവാസ ലോകത്തും നാട്ടിലുമുള്ള നിരവധി ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞ പ്രവർത്തനം നടത്തി വരുന്ന ഒ.ഐ.സി.സി, ഇൻകാസ് തുടങ്ങിയ സംഘടനകൾ കൂടുതൽ ശക്തിയോടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കരുത്തുറ്റ പിന്തുണയോടെ ഒപ്പമുണ്ടാവുമെന്നും വി.ടി. ബൽറാം പറഞ്ഞു. 
 

Latest News