Sorry, you need to enable JavaScript to visit this website.

സ്നേഹത്തെയോർത്ത് കണ്ണുനിറയാറുണ്ടോ, വർഷാവസാനം സ്നേഹത്തിന്റെ കണക്കെടുത്ത് എഴുത്തുകാരി സബീന എം. സാലി

വർഷാവസാനമുള്ള സ്നേഹത്തിന്റെ കണക്കെടുപ്പ് ...
പുതുവർഷത്തിൽ അങ്ങനെ പുതിയ തീരുമാനങ്ങളൊന്നും എടുക്കുന്നത് പതിവില്ല. തിരിഞ്ഞു നോക്കി നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും കണക്കെടുക്കാറുമില്ല. സന്തോഷമായാലും സങ്കടമായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എന്ന് ആശ്വസിക്കുക മാത്രം. എന്നാലും മനുഷ്യരെപ്പറ്റിയും അവരുടെ സ്നേഹത്തെപ്പറ്റിയും ചിന്തിക്കാറും കണക്കെടുപ്പ് നടത്താറുമുണ്ട്.
 
ഹിംസകളാണ്‌ ഇന്ന് നമുക്ക് ചുറ്റുപാടും. നിർദ്ദയമായി മനുഷ്യർ മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. എന്ത് കുറ്റത്തിന്റെ പേരിലാണെന്നറിയാതെ പിഞ്ചു കുട്ടികൾ പിടഞ്ഞു മരികുന്നു. ഏകാധിപതികളുടെ ക്രൂരതകളിൽ ഇരുണ്ടു പോവുകയാണ്‌ ലോകമിന്ന്. അതുകൊണ്ട് സ്നേഹത്തെപ്പറ്റി മാത്രം നാം സദാ സംസാരിക്കേണ്ടിയിരിക്കണം എന്നാണെനിക്ക് തോന്നുന്നത്.
 
എത്ര തരത്തിലാണ്‌ ഒരു മനുഷ്യൻ സ്നേഹം അറിയുന്നതും ആസ്വദിക്കുന്നതും. ഒരായുസ്സിനിടയിൽ സ്നേഹത്തിന്റെ സമസ്തഭാവങ്ങളും അനുഭവിക്കാൻ എത്ര മനുഷ്യർക്കാണ്‌ ഭാഗ്യം സിദ്ധിക്കാറ്‌. മാതാപിതാക്കളുടെ, സഹോദരങ്ങളുടെ, സുഹ്രുത്തുക്കളുടെ, പ്രണയികളുടെ അങ്ങനെ എന്തെല്ലാം തരത്തിലാണ്‌ സ്നേഹത്തിന്‌ വകഭേദങ്ങൾ.
 
ലഭിക്കുന്ന സ്നേഹത്തിന്റെ എത്ര പങ്ക് നമ്മൾ തിരിച്ചു കൊടുക്കാറുണ്ട് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. അതല്ലെങ്കിൽ കൊടുക്കുന്ന സ്നേഹത്തിന്റെ എത്ര പങ്ക് തിരിച്ചു കിട്ടാറുണ്ട്.“ ഇതെന്റെ രക്തമാണ്‌ മാംസമാണ്‌ എടുത്തുകൊൾക എന്ന് മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് അവരർഹിക്കുന്ന പരിഗണന നമ്മൾ കൊടുക്കാറുണ്ടോ..?
 
ചെടികളിൽ കാണുന്ന ക്ലോറോഫിൽ പോലെയാണ്‌ സ്നേഹവും. ഒന്ന് ഈ പ്രപഞ്ചത്തെ മുഴുവൻ പച്ച പിടിപ്പിക്കുമ്പോൾ, മറ്റൊന്ന് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ചാലകശക്തിയാവുന്നു. പുസ്തകത്താളുകളിൽ എഴുതിവയ്ക്കേണ്ട വെറും വാചാടോപമല്ല സ്നേഹം , മറിച്ച് ഒരാളോട് ഇഷ്ടമാണെന്ന് പറയുമ്പോൾ, അതിന്‌ പിന്നിൽ കത്തുന്ന ഒരാത്മാവുണ്ടാവണം.
 
ചിലർ അവരുടെ നേട്ടങ്ങൾക്ക് വേണ്ടിമാത്രം സ്നേഹിക്കുന്നു. പണമോ പ്രശസ്തിയോ ഒക്കെയാവും അവരുടെ ലക്ഷ്യം. കൂടെയുള്ളയാളെ കരുവാക്കി കാണുന്ന പടവുകളിലൊക്കെ അവർ ചാടിക്കയറും. അപ്പപ്പോൾ കാണുന്നവരെ അപ്പാ യെന്ന് വിളിക്കാൻ പരിശീലിച്ചവർ. അവർ പുതിയ അവസരങ്ങൾ വന്നെത്തുമ്പോൾ, മുൻഗണനാ പട്ടികയിൽ നിന്ന് കൂടെയുള്ളയാളെ മായ്ച്ചു കളയും, അവരുടെ ലോകത്തു നിന്ന് ഇറങ്ങിപ്പോകാൻ പറയാതെ പറയും.
 
ഒരാളുടെ ഏതെങ്കിലും കഴിവ് കണ്ട് അവരെ പുകഴ്ത്തി അടുത്തുകൂടുന്നവരുണ്ട്. ആ പുകഴ്ത്തലിൽ താനെന്തോ മഹാസംഭവമാണ്‌, ലോകമഹാത്ഭുതമാണ്‌, അവതാരമാണെന്നൊക്കെ ചിലർ വിശ്വസിക്കുക്കയും അതിന്റെ പേരിൽ അവർ തമ്മിലൊരു സ്നേഹബന്ധം ഉടലെടുക്കുകയും ചെയ്യാറുണ്ട്. പക്ഷേ അതൊക്കെ ഏത് നിമിഷവും പൊട്ടി വീഴാവുന്ന വെറും ആകാശ ഊഞ്ഞാലുകൾ മാത്രമാണ്‌.. അത്തരക്കാരെ അകറ്റി നിർത്താനുള്ള ബുദ്ധികൂർമ്മതയാണ്‌ സ്വാഭാവികമായും ഒരാളിലുണ്ടാവേണ്ടത്.
പരസ്പരം മനസ്സിലാക്കാൻ വൈമുഖ്യമുള്ളവരാണ്‌ ചിലർ. കുന്നോളം സ്നേഹം മുന്നിലുള്ളപ്പോൾ എവിടെയോ കിടക്കുന്ന കുന്നിക്കുരു തേടിപ്പോകുന്നവർ.
 
അമിതമായ പൊസസ്സീവ്നസ് കൊണ്ട് കലഹിക്കുന്നവരുണ്ട്. സ്നേഹത്തിനും പ്രണയത്തിനും ഉപാധികൾ പാടില്ലെന്ന് പറയുമ്പോഴും സ്വന്തമെന്ന അമിതബോധത്തിന്റെ പുറത്ത് വാഗ്വാദത്തിലേർപ്പെടുന്നവർ.
നിന്റെ കൊടുങ്കാറ്റുകളെ എന്റെ വിശറിയ്ക്ക് തടുക്കാനാവില്ല എന്ന് പറയുമ്പോഴും, കളിപ്പാട്ടത്തിന്‌ വാശിപിടിക്കുന്ന കൊച്ചു കുഞ്ഞുങ്ങളെപ്പോലെ കൊട്ടിയടച്ച മനസ്സുകൾക്ക് മുന്നിൽ സ്നേഹത്തിന്‌ വേണ്ടി യാചിക്കുന്ന ചില മനുഷ്യരേയും നമ്മൾ കാണാറുണ്ട്..
ഒരാളുടെ സ്വഭാവവൈകല്യമോ, കുറവുകളോ കണ്ടറിഞ്ഞ് സ്നേഹിക്കുന്ന മറ്റു ചിലരുണ്ട്. ഏതവസ്ഥയിലും കൂടെ നിൽക്കുന്നവർ. എത്ര വിദൂരത്തിലാണെങ്കിലും തേടിയെത്തുന്നവർ. ഏത് പാതിരാത്രിയിലും ഒരു ഫോൺ കോളിലൂടെ വിളിച്ചെഴുന്നേൽപ്പിച്ച് ആവലാതി പറയാൻ കഴിയുന്നവർ.പ്രണയമോ സൗഹൃദമോ എന്തുമാകട്ടെ അത്തരം കൂട്ടുകെട്ടിൽ, ഒരാളുടെ ചിരിയൊന്ന് മങ്ങിയാൽ വാക്കൊന്നിടറിയാൽ പരസ്പരം തിരിച്ചറിയാൻ കഴിയുമെന്നതാണ്‌ വാസ്തവം.
 
സ്നേഹത്തിന്റെ ഭൂപടങ്ങളിലൂടെ രണ്ടുപേർ കൈ പിടിച്ച് യാത്ര ചെയ്യുമ്പോൾ, മഴയുടേയും മഞ്ഞിന്റേയും കലണ്ടറിൽ അവർ പരസ്പരം പേരുകൾ എഴുതിച്ചേർക്കുന്നു. കടലിൽ പതിക്കുമ്പോൾ കാണാതാവുന്ന നദികളെപ്പോലെ, നീ ഞാൻ എന്ന ദിത്വത്തിൽ നിന്ന് നമ്മളെന്ന ഏകത്വത്തിലേക്കുള്ള പൂർണ്ണതയാണത്.
 
നാരുകളും ചുള്ളിക്കൊമ്പുകളും ചേർത്ത് വച്ച് വളരെ സൂക്ഷ്മതയോടെ നിർമ്മിക്കുന്ന സ്നേഹമെന്ന കൂട്ടിൽ നിന്ന് ഒരു പക്ഷി, ഇടയ്ക്കെപ്പോഴോ ഉണ്ടായ സ്വാർഥതയുടെ പേരിൽ പറന്നു പോയാലോ. അപ്പോഴും അത് അമിതസ്നേഹത്തിന്റെ പ്രകടനമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധമില്ലാതെ അപ്പോൾ തോന്നുന്ന വികാരത്തിന്റെ പുറത്ത് കൂടിന്റെ വാതിൽ വലിച്ചടയ്ക്കുന്നവരുമുണ്ട്. പക്ഷേ എത്ര അകന്നു നിന്നാലും അടുപ്പത്തിന്റെ ഒരു അതീന്ദ്രിയത അവരുടെയുള്ളിലുണ്ടാകും. അത് തിരിച്ചറിയും വരെ അവർ മൗനത്തിന്റെ ഭാഷ കടമെടുക്കും. സ്നേഹത്തിന്റെ പേരിൽ അടച്ചിട്ട വാതിൽ സ്നേഹത്തിന്റെ പേരിൽ തുറക്കാതിരിക്കില്ല എന്ന വിശ്വാസമാണ്‌ അവരെ ജീവിപ്പിക്കുന്നത് തന്നെ.
യാത്ര ചെയ്യാൻ നമുക്ക് ഇനിയും വഴിദൂരങ്ങളേറെയുണ്ടെങ്കിലും, ഇന്നല്ലെങ്കിൽ നാളെ, ഈ വഴികളിൽ നിന്നൊക്കെ മാഞ്ഞുപോകേണ്ടവരാണ്‌ നാമൊക്കെ. അതുകൊണ്ട് പുതിയൊരു വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ സ്നേഹത്തെപ്പറ്റി മാത്രമേ എനിക്ക് സംസാരിക്കാനുള്ളു.
തകർന്നു പോകുമ്പോൾ താങ്ങാകുന്ന സ്നേഹം. നിങ്ങൾ സ്നേഹിച്ചവരെയോർത്ത്, നിങ്ങളെ സ്നേഹിച്ചവരെയോർത്ത് ഇപ്പോൾ നിങ്ങൾക്ക് കണ്ണ്‌ നിറയുന്നുണ്ടോ..? എനിക്ക് കണ്ണ്‌ നനയുന്നുണ്ട്.
അപ്പോ എല്ലാവർക്കും സ്നേഹസുരഭിലമായ പുതുവൽസരാശംസകൾ.
 
 

Latest News